കൊച്ചി : കേരളത്തിന്റെ കൊന്പൻമാരായ ബ്ലാസ്റ്റേഴ്സിനുവേണ്ടി പന്തു തട്ടാനായി ഡ്രാഫ്റ്റിൽ നിന്നു സ്വന്തമാക്കിയ താരങ്ങളിൽ ഏറെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണെന്ന ആരോപണത്തിന് മറുപടിയുമായി ഹെഡ് കോച്ച് റെനി മ്യൂളൻസ്റ്റീൻ. ഡ്രാഫ്റ്റ് സമയത്ത് താരങ്ങളുടെ കളിമികവാണ് കണക്കിലെടുത്തതെന്ന് അദ്ദേഹം കൊച്ചിയിൽ വിളിച്ചുചേർത്ത ആദ്യ പത്രസമ്മേളനത്തിൽ പറഞ്ഞു.
കൃത്യമായ ആസൂത്രണം നടത്തിയാണ് മുംബൈയിൽ പ്ലെയർ ഡ്രാഫ്റ്റിനെത്തിയത്. കളിക്കാരെ തെരഞ്ഞെടുക്കുന്പോൾ അവർ എവിടെ നിന്നുള്ളവരാണെന്ന് താൻ നോക്കിയില്ല. മേൻമ മാത്രമാണ് ശ്രദ്ധിച്ചത്. ഡ്രാഫ്റ്റിൽ എത്തിച്ച 13 താരങ്ങളിൽ എട്ടും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണല്ലോ എന്ന ചോദ്യം അസിസ്റ്റന്റ് കോച്ച് തോങ്ബോയ് സിങ്തോയോടു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു റെനിയുടെ മറുപടി.
ആദ്യഇലവനിൽ കളിക്കാൻ പറ്റുന്ന താരങ്ങളാണ് നിലവിൽ ടീമിലുള്ളത്. വർഷങ്ങളോളം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ ഉണ്ടായിരുന്ന ആളാണു താൻ. അവിടെ കളിക്കാരെ കണ്ടെത്തിയിരുന്നത് അവർ എവിടെ നിന്നുള്ളവരാണ് എന്നു നോക്കിയായിരുന്നില്ല. കഴിവും ടീമിന്റെ വളർച്ചയുമാണ് കളിക്കാരെ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം.
ടീമിലെ ഓരോ പൊസിഷനുകളിലും കളിക്കാൻ മികച്ചവരെയാണ് സ്വന്തമാക്കിയത്. ടീമിന്റെ മികച്ച പ്രകടനത്തിനായി സ്വന്തമാക്കാൻ ശ്രമിച്ചതിൽ 90 ശതമാനം പേരെയും കേരളത്തിനു ലഭിച്ചിട്ടുണ്ടെന്നും ചുരുക്കം വിടവുകൾ മികച്ച വിദേശ താരങ്ങളെ കൊണ്ടു വന്നു നികത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോച്ച് എന്ന നിലയിൽ ടീം തന്നിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാൻ ശ്രമിക്കും. ഐഎസ്എൽ രൂപീകരിച്ച കാലം മുതൽ ടൂർണമെന്റിനെ ശ്രദ്ധിക്കുന്ന വ്യക്തിയാണ് താൻ. കഴിവുകളുള്ള യുവ താരങ്ങളെ ടീമിലെത്തിക്കുന്നതിനായിരുന്നു ശ്രമം. ഇതോടൊപ്പം പരിചയസന്പന്നരായ കളിക്കാർ കൂടി ചേരുന്പോഴാണ് ടീം സന്തുലിതമാവുക.
നിലവിൽ ടീം കരാറൊപ്പിട്ട കനേഡിയൻ താരം ഇയാൻ ഹ്യൂം കഠിനാധ്വാനിയായ കളിക്കാരനാണ്. കഠിനാധ്വാനം ജനിതകമായി ചേർന്ന കളിക്കാരൻ. കളത്തിൽ കഠിനാധ്വാനം ചെയ്യുന്ന, ഊർജസ്വലരായ താരങ്ങളെയാണ് ടീമിന് ആവശ്യം. ജയിക്കാൻ വേണ്ട ഫോർമേഷനിലായിരിക്കും ടീം കളിക്കുക.
ഏതു ഫോർമേഷനിലാണ് കളിക്കുക എന്ന് ഇപ്പോൾ പറയാനാവില്ല. ഏതു ഫോർമേഷനും കളിക്കുന്നതിൽ തനിക്ക് പ്രശ്നമില്ല. കളിക്കാരുടെ നിലവാരവും താത്പര്യം കൂടി പരിഗണിച്ചായിരിക്കും ഫോർമേഷൻ രൂപീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ സീസണുകളിൽ കൊന്പൻമാർക്കു വേണ്ടി ബൂട്ട് കെട്ടിയ താരങ്ങളെ പലരെയും ഇത്തവണ മഞ്ഞ ജേഴ്സിയിൽ കാണില്ലെന്ന സൂചനയും അദ്ദേഹം നൽകി.
മുൻ സീസണുകളിൽ കളിച്ച താരങ്ങൾ പുതിയ ടീമിലെത്തുമോ എന്ന ചോദ്യത്തിന് ഭൂതകാലത്തിൽ തൂങ്ങി നിൽക്കില്ലെന്നും ഭാവിയിലേക്കാണ് നോട്ടമെന്നുമായിരുന്നു കോച്ചിന്റെ മറുപടി. മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ ഇതിഹാസ പരിശീലകനായിരുന്ന അലക്സ് ഫെർഗൂസനിൽ നിന്ന് പഠിച്ച പാഠമാണിതെന്നും അദ്ദേഹം പറഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ കൂടുതൽ നിലവാരമുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു.