കൊച്ചി: എഐഎഫ്എഫ് ഏർപ്പെടുത്തിയ 10 മത്സര വിലക്കിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സൂപ്പർ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഇന്ന് തിരിച്ചെത്തും.
വുകോമനോവിച്ചിന് വൻ സ്വീകരണമൊരുക്കാൻ മഞ്ഞപ്പട തയാറെടുക്കുന്നുണ്ട്. വന്പൻ ടിഫൊ ഉൾപ്പെടെ ഇന്ന് ഗാലറിയിൽ ഉണ്ടാകുമെന്നാണ് സൂചന.
ഐഎസ്എൽ ഫുട്ബോളിൽ ബ്ലാസ്റ്റേഴ്സിന് പുതിയ തന്ത്രങ്ങളും നിര്‍ദേശങ്ങളും നല്കാന് ഇന്ന് ഒഡീഷയ്ക്കെതിരേയുള്ള പോരാട്ടത്തില്‍ കോച്ച് ഇവാന് വുകോമനോവിച്ച് ഗ്രൗണ്ടിലുണ്ടാകും. രാത്രി എട്ടിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണു മത്സരം.
കഴിഞ്ഞ സീസണില്‍ പ്ലേ ഓഫില്‍ ബംഗളൂരു എഫ്സിയുമായുള്ള മത്സരത്തിനിടെയുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്നാണ് ഇവാന് വുകോമനോവിച്ചിന് പത്തു മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപയുടെ പിഴ ശിക്ഷയും ഏര്‍പ്പെടുത്തിയത്.
സൂപ്പര്‍കപ്പ്, ഡ്യൂറന്റ് കപ്പ് ടൂര്‍ണമെന്റുകളില്‍ ആറു മത്സരങ്ങളിലും സൂപ്പര്‍ ലീഗിൽ ഈ സീസണിലെ ആദ്യ നാലു മത്സരങ്ങളിലും പുറത്തിരുന്ന വുകോമനോവിച്ചിനെ സ്വീകരിക്കാന്‍ തയാറായിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍.
അതേസമയം, കഴിഞ്ഞ മത്സരത്തിലെ സസ്പെന്ഷന് കാരണം സഹപരിശീലകന്‍ ഫ്രാങ്ക് ഡൗവെന്‍ ഇന്നു പുറത്തിരിക്കേണ്ടി വരും. നിലവില്‍ ഏഴു പോയിന്റുമായി നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഒഡീഷ നാലു പോയിന്റുമായി ഏഴാം സ്ഥാനത്തും.
കൊച്ചിയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തില്‍ സമനില വഴങ്ങിയിരുന്നു. ഇന്ന് തന്ത്രങ്ങളുടെ ആശാൻ തിരിച്ചെത്തുമ്പോള്‍ ജയം മാത്രമാണു ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.
ആരാധകരെ കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ ഇവാന് വുകോമനോവിച്ച് പറഞ്ഞു. തന്റെ നല്ല സമയത്തും മോശം സമയത്തും കൂടെയുണ്ടായിരുന്നവര്ക്കിടയിലേക്ക് ഒരിക്കല്‍ക്കൂടി മടങ്ങിയെത്താന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു.
മുന്‍നിര താരങ്ങള്‍ ഫോമിലെത്താത്തതില് തനിക്ക് ആശങ്കയില്ല. കഴിഞ്ഞ വര്‍ഷവും ദിമിത്രിയോസ് വൈകിയാണ് ഗോളടിക്കാന്‍ തുടങ്ങിയത്. ഈ സീസണില്‍ താരം ഫോമിലേക്ക് എത്തും. മുന്നേറ്റ നിര താരങ്ങള്‍ ഒരുമിച്ച് ഒരുപാട് സമയം പരിശീലനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ഇവാന് പറഞ്ഞു.
നോർത്ത് ഈസ്റ്റ് ജയം
ഗോഹട്ടി: ഐഎസ്എൽ ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 2-1ന് ജംഷഡ്പുർ എഫ്സിയെ കീഴടക്കി.
ഐഎസ്എൽ പോയിന്റ് ടേബിൾ
ടീം, മത്സരം, ജയം, തോൽവി, പോയിന്റ്
ഗോവ 4 3 1 0 10
മോഹൻ ബഗാൻ 3 3 0 0 9
നോർത്ത് ഈസ്റ്റ് 5 2 2 1 8
മുംബൈ 3 2 1 0 7
ബ്ലാസ്റ്റേഴ്സ് 4 2 1 1 7
ജംഷഡ്പുർ 5 1 2 2 5
ഒഡീഷ 3 1 1 1 4
ഈസ്റ്റ് ബംഗാൾ 4 1 1 2 4
ബംഗളൂരു 4 1 1 2 4
ചെന്നൈയിൻ 4 1 0 3 3
പഞ്ചാബ് 4 0 2 2 2
ഹൈദരാബാദ് 3 0 0 3 0