കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ ഡേവിഡ് ജയിംസുമായിട്ടുള്ള കരാർ ടീം മാനേജ്മെന്റ് 2021വരെ നീട്ടി. ഐഎസ്എൽ നാലാം സീസണിൽ ടീം പ്ലേ ഓഫിൽ കടക്കാതെ പുറത്തായെങ്കിലും സുപ്പർകപ്പിനു യോഗ്യത നേടിയ പശ്ചാത്തലത്തിലാണു മുൻ ഇംഗ്ലീഷ് ടീം ഗോൾകീപ്പറായ ഡേവിഡ് ജയിംസുമായുള്ള കരാർ ടീം പുതുക്കിയത്.
ജയിംസ് ടീമിലെത്തിച്ച അസിസ്റ്റന്റ് കോച്ച് ഹെർമൻ ഹ്രിഡാർസണിന്റെയും കാലാവധി ബ്ലാസ്റ്റേഴ്സ് നീട്ടിയിട്ടുണ്ട്. ഈ സീസണിൽ ടീം കൊട്ടിഘോഷിച്ചു കൊണ്ടുവന്ന റെനെ മ്യൂലൻസ്റ്റീൻ പുറത്തായതോടെയാണു ഡേവിഡ് ജയിംസ് മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്.