കൊച്ചി: ഐഎസ്എൽ ഫുട്ബോൾ 2023-24 സീസണിൽ സ്വന്തം തട്ടകത്തിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു നാണംകെട്ട തോൽവി.
4-2ന് ഈസ്റ്റ് ബംഗാളിനോടാണ് ബ്ലാസ്റ്റേഴ്സ് പൊട്ടിയത്. ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിൽ രേഖപ്പെടുത്തപ്പെട്ട ഒരു ഗോൾ സെൽഫിലൂടെ പിറന്നതായിരുന്നു എന്നതും ശ്രദ്ധേയം.
ഫെഡോർ ചെർണിച്ചിലൂടെ 23ാം മിനിറ്റിൽ ലീഡ് നേടിയശേഷമായിരുന്നു ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. ഈസ്റ്റ് ബംഗാളിനായി സാവൂൾ ക്രെസ്പോയും (45’ പെനാൽറ്റി, 71’) നെറോം മഹേഷ് സിംഗും (82’, 87’) ഇരട്ട ഗോൾ സ്വന്തമാക്കി. 2024 കലണ്ടർ വർഷത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ആറാം തോൽവിയാണ്.
നവോച്ച സിംഗ്, ജീക്സണ് സിംഗ് എന്നിവർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതും ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് ആക്കം കൂട്ടി. 74-ാം മിനിറ്റ് മുതൽ ബ്ലാസ്റ്റേഴ്സിന്റെ അംഗബലം ഒന്‍പതായി ചുരുങ്ങിയിരുന്നു.
പ്ലേ ഓഫ് സാധ്യത
ജയത്തോടെ 20 മത്സരങ്ങളിൽനിന്ന് 21 പോയിന്റുമായി ഈസ്റ്റ് ബംഗാൾ പ്ലേ ഓഫ് സാധ്യത നിലനിർത്തി. നിലവിൽ ഏഴാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ. 20 മത്സരങ്ങളിൽ 30 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്ത് തുടരുന്നു. ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഇതിനോടകം ഉറപ്പിച്ചതാണ്. ലീഗിൽ രണ്ട് മത്സരങ്ങൾകൂടി കൊച്ചി ടീമിനു ശേഷിക്കുന്നുണ്ട്.