കൊച്ചിയില്‍ കൊമ്പന്മാര്‍ക്കു ജയം

blastersകൊച്ചി: ആരാധകര്‍ നിറഞ്ഞൊഴുകിയ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിനു ഡല്‍ഹി ഡൈനാമോസിനെ തകര്‍ത്തു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 64–ാം മിനിറ്റില്‍ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്. കളിയില്‍ കൂടുതല്‍ അവസരങ്ങള്‍ മെനഞ്ഞതും പന്തിന്മേല്‍ മുന്‍തൂക്കം നേടിയതും ഡല്‍ഹിയായിരുന്നെങ്കിലും മാഴ്‌സെലീഞ്ഞോയും കീന്‍ ലൂയിസും റിച്ചാര്‍ഡ് ഗാഡ്‌സെയും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതും പ്രതിരോധം ശക്തമായ കോട്ട കെട്ടിയതും ബ്ലാസ്‌റ്റേഴ്‌സിന് ഗുണകരമായി.

ആരോണ്‍ ഹ്യുസും സെഡ്രിക് ഹെങ്ബര്‍ട്ടും ഉള്‍പ്പെട്ട പ്രതിരോധം അവസരത്തിനൊത്തുയര്‍ന്നതാണ് ഡല്‍ഹി മുന്നേറ്റങ്ങളുടെ മുനയൊടിച്ചത്. 4–4–1–1 ശൈലിയിലാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്. പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന ഹോസു പ്രതിരോധത്തിലും ഒരു മത്സരത്തിലെ സസ്‌പെന്‍ഷനുശേഷം മെഹ്താബ് ഹുസൈന്‍ മധ്യനിരയിലും തിരിച്ചെത്തിയപ്പോള്‍ റിനോ ആന്റോയും ഇഷ്ഫഖ് അഹമ്മദും സൈഡ് ബെഞ്ചിലേക്ക് മാറി. ഗോള്‍ കീപ്പര്‍ ഗ്രഹാം സ്റ്റാക്കിന് പകരം സന്ദീപ് നന്ദി തിരിച്ചെത്തി. അവസാന മത്സരത്തിന് മുമ്പുതന്നെ സെമിയില്‍ ഇടംപിടിച്ചതിനാല്‍ ഡല്‍ഹി മുംബൈക്കെതിരായ കളിയില്‍ ഇറങ്ങിയ ടീമിനെ അടിമുടി അഴിച്ചുപണിതു. 4–1–4–1 ശൈലിയിലാണ് ഡല്‍ഹി കളിച്ചത്. കഴിഞ്ഞ കളിയിലെ നാല് പേര്‍ മാത്രമാണ് ഇന്നലെ ആദ്യ ഇലവനില്‍ ഇടംപിടിച്ചത്.

പ്രതിരോധത്തില്‍ ഡേവിഡ് ആഡി, ഇബ്രാഹിം നിയാസേ എന്നിവരും മധ്യനിരയില്‍ ബ്രൂണോ പെലിസാറി, ആല്‍വിന്‍ ജോര്‍ജ്, മൗറ, മെയ്‌സാംസുല എന്നിവരും മുന്നേറ്റത്തില്‍ ബദ്ര ബാജിയും ഇന്നലെ സൈഡ് ബെഞ്ചില്‍ ഇരുന്നു. ചിങ്ഗ്ലന്‍സിനാ കൊന്‍ഷാം, കീന്‍ ലൂയിസ്, ഗോള്‍കീപ്പര്‍ ഡൊബ്ലാസ്, പ്രതിരോധത്തില്‍ സൗവിക് ചക്രവര്‍ത്തി എന്നിവര്‍ മാത്രമാണ് ഇന്നലെ ആദ്യ ഇലവനില്‍ ഇടംപിടിച്ചത്. പ്രതിരോധത്തില്‍ അനസ് എടത്തൊടിക, റൂബന്‍ ഗൊണ്‍സാലസ്, മുന്നേറ്റത്തില്‍ മാഴ്‌സെലീഞ്ഞോ, റിച്ചാര്‍ഡ് ഗാഡ്‌സെ, മധ്യനിരയില്‍ സൂപ്പര്‍താരം ഫ്‌ളോറന്റ് മലൂദ, ടെബാര്‍, മിലന്‍ സിംഗ് എന്നിവര്‍ ഇന്നലത്തെ നിര്‍ണായകമായ ആദ്യപാദ സെമിയില്‍ ദല്‍ഹി ഡൈനാമോസില്‍ തിരിച്ചെത്തി.

കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മുഖത്തേക്ക് പന്തെത്തിക്കാന്‍ ഡല്‍ഹിക്ക് കഴിഞ്ഞു. മലൂദ നടത്തിയ നീക്കം ഗോളാകാതെ പ്രതിരോധനിരയിലെ ജിംഗനും ഹെങ്ബര്‍ട്ടും തടഞ്ഞു. എന്നാല്‍ പന്ത് കിട്ടിയ കിന്‍ ലൂയിസ് പായിച്ച ഷോട്ട് ജിംഗന്റെ കാലില്‍ത്തട്ടി പുറത്തേക്ക്. തുടര്‍ന്ന് ലഭിച്ച കോര്‍ണറില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കൗണ്ടര്‍ നീക്കം ഡല്‍ഹി ബോക്‌സിലേക്ക്. പന്തുമായി കുതിച്ച ബെല്‍ഫോര്‍ട്ടിനൊപ്പം നസോണും വിനീതും ബോക്‌സിലെത്തി. നസോണിന് പകരം പ്രതിരോധനിരക്കാരുടെ ശല്യത്തില്‍ നിന്നും ഒഴിഞ്ഞുനിന്ന വിനീതിനെ ലക്ഷ്യമിട്ട് ബെല്‍ഫോര്‍ട്ടിന്റെ ത്രൂബോള്‍.

വിനീതിന് മുമ്പില്‍ ഡൊബ്ലാസ് മാത്രം. പക്ഷേ വിനീതിന്റെ വലംകാലന്‍ ഷോട്ട് സൈഡ് പോസ്റ്റില്‍ ഇടിച്ചതോടെ ആ നീക്കത്തിന് അവസാനമായി. ആറാം മിനിറ്റില്‍ മലൂദയെ ഫൗള്‍ ചെയ്ത മെഹ്താബ് ഹുസൈന് മഞ്ഞകാര്‍ഡ്. തുടര്‍ന്നു പന്ത് ഇരുടീമുകളുടെ ബോക്‌സുകളിലേക്കും കടന്നുകയറിയെങ്കിലും ഗോള്‍ മണക്കുന്ന നീക്കങ്ങളുണ്ടായില്ല. 13–ാ മിനിറ്റില്‍ ഡല്‍ഹിയുടെ ഭാഗത്തു നിന്ന് മികച്ച ഒരു നീക്കമുണ്ടായെങ്കിലും ബോക്‌സിനുള്ളില്‍ നിന്ന് ഹോസു മനോഹരമായി പന്ത് രക്ഷിച്ചെടുത്തു. 18–ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി കോര്‍ണര്‍ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. 24–ാം മിനിറ്റില്‍ ഹോസുവിനും ലഭിച്ചു ബുക്കിംഗ്.

26–ാം മിനിറ്റില്‍ ഡല്‍ഹിക്ക് ലഭിച്ച ഫ്രീ കിക്ക് മലൂദ എടുത്തെങ്കിലും റാഫി ഹെഡറിലൂടെ ക്ലിയര്‍ ചെയ്ത് അപകടം ഒഴിവാക്കി. പിന്നീട് ഡല്‍ഹിക്ക് തുടര്‍ച്ചയായി ഫ്രീ കിക്കുകള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. 29–ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം മാഴ്‌സലിഞ്ഞോ വലതുവിംഗിലുടെ ഡ്രിബിള്‍ ചെയ്ത് കയറാന്‍ ശ്രമം നടത്തിയെങ്കിലും ഹോസു സമര്‍ഥമായി ബ്ലോക്ക്‌ചെയ്തു. തുടര്‍ന്ന് 31–ാം മിനിറ്റില്‍ മഞ്ഞക്കാര്‍്ഡ് കണ്ട ഹോസുവിന് പകരം മുന്‍കരുതലെന്ന നിലയ്ക്ക് ദിദിയര്‍ കാഡിയോയെ സ്റ്റീവ് കോപ്പല്‍ കളത്തിലെത്തിച്ചു. മറുവശത്ത് മലൂദയുടെ പ്ലേ മേക്കിംഗിനൊപ്പം മാഴ്‌സലീഞ്ഞോയും കീന്‍ ലൂയിസും റിച്ചാര്‍ഡ് ഗാഡ്‌സെയും മികച്ച മുന്നേറ്റം കാഴ്ചവച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് പണി കൂടി.

അതിശക്തമായി നിലയുറപ്പിച്ച ഹ്യൂസും ഹെങ്ബര്‍ട്ടും ജിംഗനും അടങ്ങുന്ന പ്രതിരോധത്തിന്റെ മികച്ച പ്രകടനമാണ് പലപ്പോഴും ബ്ലാസ്‌റ്റേഴ്‌സിനെ തുണച്ചത്. 35–ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും അവസരം. രണ്ട് പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ പന്തുമായി മുന്നേറിയ ശേഷം മാഴ്‌സലീഞ്ഞോ ഷോട്ട് ഉതിര്‍ത്തെങ്കിലും ദുര്‍ബലമായി. പന്ത് അനായാസം സന്ദീപ് നന്ദി പുറത്തേക്ക് തട്ടിയിട്ടു കോര്‍ണറിന് വഴങ്ങി. തുടര്‍ന്ന് 43, 44 മിനിറ്റുകളില്‍ ബ്ലാസ്‌റ്റേഴ്‌സ് മികച്ച രണ്ട് നീക്കങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല.

ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഡല്‍ഹി വല കുലുക്കിയതോടെ സ്‌റ്റേഡിയം ആവേശത്താല്‍ ആര്‍ത്തിരമ്പി. എന്നാല്‍ റഫറി ഹാന്‍ഡ് വിളിച്ചത് ആരാധകരെ നിരാശരാക്കി. വലതുവിംഗില്‍ നിന്ന് വിനീത് നല്‍കിയ ടെബര്‍ ക്ലിയര്‍ ചെയ്‌തെങ്കിലും ഓടിയെത്തിയ ബെല്‍ഫോര്‍ട്ട് നെഞ്ചില്‍ സ്വീകരിക്കുന്നതിനിടെ പന്ത് കൈയില്‍ തട്ടുകയായിരുന്നു. ആദ്യപകുതിയില്‍ പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും നേരിയ മുന്‍തൂക്കം ഡല്‍ഹിക്കായിരുന്നു.

രണ്ടാം പകുതിയിലും നാസണും ബെല്‍ഫോര്‍ട്ടും വിനീതും തുടര്‍ച്ചയായി എതിര്‍ ബോക്‌സിലേക്ക് പന്തെത്തിച്ചെങ്കിലും അവയൊന്നും ലക്ഷ്യം കണ്ടില്ല. 54–ാം മിനിറ്റില്‍ മുഹമ്മദ് റാഫിയെ വീഴ്ത്തിയതിന് ഡല്‍ഹിയുടെ മലയാളി താരം അനസിന് മഞ്ഞക്കാര്‍ഡും കിട്ടി. 59–ാം മിനിറ്റില്‍ വീണ്ടും കോര്‍ണര്‍ ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. നാല് മിനിറ്റിനുശേഷം നാസന്റെ ഒരു ശ്രമവും ഡൊബ്ലാസ് വിഫലമാക്കി. തൊട്ടുപിന്നാലെ 64–ാം മിനിറ്റില്‍ ആരാധകര്‍ ഏറെ കാത്തിരുന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍.

ഹെങ്ബര്‍ട്ട് തട്ടിക്കൊടുത്ത പന്തുമായി മൈതാന മധ്യത്തുനിന്ന് ഇടതുവിംഗിലൂടെ ഒറ്റയ്ക്ക് മുന്നേറിയ ബെല്‍ഫോര്‍ട്ട് ഡൈനാമോസ് താരങ്ങളെ ഒന്നൊന്നായി കബളിപ്പിച്ച് ബോക്‌സില്‍ പ്രവേശിച്ചശേഷം മുന്നോട്ടുകയറിയ ഗോളി ഡൊബ്ലാസിനെയും കീഴടക്കി മനോഹരമായ ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. മൂന്നു മിനിറ്റിനുശേഷം മലൂദയുടെ ബോക്‌സിന് പുറത്തുനിന്നുള്ള ഇടംകാലന്‍ ഷോട്ട് സന്ദീപ് നന്ദി ഡൈവ് ചെയ്ത് കൈയിലൊതുക്കി. 76–ാം മിനിറ്റില്‍ ഡല്‍ഹി സമനില നേടിയെന്ന് തോന്നിച്ചെങ്കിലും സെഡ്രിക് ഹെങ്ബര്‍ട്ട് ഗോള്‍ലൈന്‍ ഹെഡറിലുടെ രക്ഷപ്പെടുത്തി. 76ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ടിനെ തിരിച്ചുവിളിച്ച് അന്റോണിയോ ജര്‍മ്മനെ കൊപ്പല്‍ കളത്തിലെത്തിച്ചു. 82–ാം മിനിറ്റില്‍ ടെബറിനെ പിന്‍വലിച്ച് മൗറയെ ഡല്‍ഹി

കളത്തിലെത്തിച്ചപ്പോള്‍ ഡക്കന്‍സ് നാസണ് പകരം മൈക്കല്‍ ചോപ്ര ബ്ലാസ്‌റ്റേഴ്‌സിനായി എത്തി. 84–ാം മിനിറ്റില്‍ വിനീതിന്റെ നല്ലൊരു ഷോട്ട് ഡൈനാമോസ് ഗോളി മുഴുനീളെ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. 87–ാം മിനിറ്റില്‍ ജര്‍മന് മഞ്ഞക്കാര്‍ഡ്. അവസാന മിനിറ്റുകളില്‍ സമനിലക്കായി ഡല്‍ഹി പൊരുതിയെങ്കിലും കേരളം പ്രതിരോധക്കോട്ട കെട്ടിയതോടെ ഡല്‍ഹി മുന്നേറ്റനിര ഹതാശരായി.രണ്ടാം പാദ സെമി 14ന് ഡല്‍ഹിയില്‍ നടക്കും. ഈ മത്സരത്തില്‍ ഡല്‍ഹിക്ക് 2–0ന് ജയിച്ചാലേ ഫൈനലില്‍ കയറാന്‍ കഴിയൂ. അതേസമയം ബ്ലാസ്‌റ്റേഴ്‌സിന് ഫൈനലില്‍ പ്രവേശിക്കാന്‍ സമനില തന്നെ ധാരാളമാണ്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലെ കരുത്തനായ ഹെങ്‌ബെര്‍ട്ടാണ് കളിയിലെ താരം.

വി.ആര്‍.ശ്രീജിത്ത്

ആരാധകരാല്‍ നിറഞ്ഞ് സ്‌റ്റേഡിയം

കൊച്ചി: മികച്ച പോരാട്ടങ്ങളിലൂടെ സെമിയിലെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യപാദ മത്സരത്തിനായി സ്‌റ്റേഡിയത്തിലെത്തിയത് ആരാധകരുടെ വന്‍പട. സ്‌റ്റേഡിയത്തിലെ കഴിഞ്ഞ മത്സരത്തിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് സെമിഫൈനല്‍ മത്സരങ്ങള്‍ കനത്തസുരക്ഷയിലാണ് നടന്നത്. ഇതിന്റെ ഭാഗമായി വൈകുന്നേരം ആറോടെ സ്‌റ്റേഡിയത്തിലേക്കുള്ള പ്രവേശനം നിര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അതിനാല്‍ കാണികള്‍ എല്ലാം തന്നെ വളരെ നേരത്തെ സ്‌റ്റേഡിയത്തില്‍ പ്രവേശിച്ചു. വൈകുന്നേരം അഞ്ചോടെ തന്നെ സ്‌റ്റേഡിയം മഞ്ഞക്കടലായി നിറഞ്ഞു കവിഞ്ഞു. ആറിന് ശേഷമെത്തിയ പലരും സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാനാവാതെ മടങ്ങിപ്പോയി.

സ്‌റ്റേഡിയത്തില്‍ ചുറ്റിപ്പറ്റി നിന്നവരെ പോലീസും ഓടിച്ചു. രാത്രി ഏഴ് ആകാറായപ്പോഴേക്കും മുന്‍ മത്സരങ്ങളെ അപേക്ഷിച്ച് സ്‌റ്റേഡിയത്തിന് പുറത്ത് തിരക്ക് വളരെ കുറവായിരുന്നു. സുരക്ഷയുടെ ഭാഗമായി സ്‌റ്റേഡിയത്തിന് പുറമേ സ്‌റ്റേഡിയത്തിലേക്കുള്ള റോഡുകളിലെല്ലാം തന്നെ കൂടുതല്‍ പോലീസിനെ വിന്യസിച്ച് ഗതാഗതക്രമീകരണങ്ങള്‍ കര്‍ശനമാക്കിയിരുന്നു.

കേരളത്തിന്റെ കൊമ്പന്മാര്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സെമി കളിക്കാനിറങ്ങുന്നതിന്റെ ആവേശത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ രാവിലെ മുതല്‍ തന്നെ ആരാധകര്‍ സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ആവേശവും ഡല്‍ഹി ഡൈനാമോസിനെതിരെയുള്ള പോരാട്ടവും നേരില്‍ക്കാണാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ടീമിന്റെ യൂത്ത് ഐക്കണ്‍ നടന്‍ നിവിന്‍ പോളിയും എത്തിയതോടെ മത്സരം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഗാലറി ആവേശത്താല്‍ ഇളകിമറിഞ്ഞു. രാവിലെ മുതല്‍ കൂട്ടം കൂട്ടമായെത്തിയ കാണികളെ കൊണ്ട് സ്‌റ്റേഡിയവും പരിസരവും നിറഞ്ഞിരുന്നു.

പതിവുപോലെ മലബാറില്‍ നിന്നുള്ള ഫുട്‌ബോള്‍ ആരാധകര്‍ രാവിലെ തന്നെ സ്‌റ്റേഡിയത്തിനു പുറത്തെത്തി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. പിന്നാലെ കൊച്ചിയിലെയും സമീപ ജില്ലകളിലെയും ഫുട്‌ബോള്‍ ക്ലബ്ബുകളും ആരാധകരും ബാന്റും ചെണ്ടമേളയുമായി രംഗം കൊഴുപ്പിക്കാനെത്തി. ബ്ലാസ്‌റ്റേഴ്‌സിന്റെ പതാകകളും ജേഴ്‌സിയും വില്‍ക്കുന്നവര്‍ക്കും മുഖത്ത് ചായം തേച്ച് നല്‍കുന്നവര്‍ക്കും ഇന്നലെ ആഘോഷമായിരുന്നു. വൈകുന്നേരം അഞ്ചിന് സ്റ്റീഫന്‍ ജെയിംസ് കോപ്പലിന്റെ നേതൃത്വത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഗ്രൗണ്ട് പരിശോധി

Related posts