ഭാഗ്യം തുണനിന്നു; ബ്ലാസ്‌റ്റേഴ്‌സ് ഫൈനലില്‍

KERALA-FINALന്യൂഡല്‍ഹി: അവസാന വിസില്‍വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഡല്‍ഹി ഡൈനമോസിനെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍. അധികസമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തില്‍ 3–0 എന്ന സ്‌കോറിനാണ് ബ്ലാസ്‌റ്റേഴ്‌സ് ഡല്‍ഹിയെ മറികടന്നത്. അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയാണ് ഫൈനലില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍.

ഷൂട്ടൗട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ കിക്കെടുത്ത ഹൊസു പന്ത് ലക്ഷ്യത്തിലെത്തിച്ചു. അതേസമയം, മലൂദയുടെ കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാമത്തെ കിക്ക് അന്റോണിയോ ജര്‍മന്‍ പാഴാക്കി. പെലിസാരിയുടെ ഷോട്ടും ബാറിനു മുകളിലൂടെ പറന്നതോടെ ബ്ലാസ്‌റ്റേഴ്‌സിനു പ്രതീക്ഷയേറി. ബ്ലാസ്‌റ്റേഴ്‌സിനായി മൂന്നാം കിക്കെടുത്ത ബെല്‍ഫോര്‍ട്ട് പന്ത് ലക്ഷ്യത്തിലെത്തിച്ചു. ഡല്‍ഹിയുടെ മൂന്നാം ഷോട്ട് ഗോള്‍കീപ്പര്‍ സന്ദീപ് നന്ദിയുടെ കൈയിലേക്ക് അടിച്ചുകൊടുത്തപ്പോള്‍ നാലാം ഷോട്ട് ലക്ഷ്യത്തിലെത്തിച്ച് റഫീഖ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.

നിശ്ചിത സമയത്തും അധികസമയത്തും 2–1 എന്ന നിലയിലാണ് കളി അവസാനിച്ചത്. ഈ സമയം ഡല്‍ഹി മുന്നിട്ടുനിന്നെങ്കിലും കൊച്ചിയില്‍ നടന്ന ആദ്യപാദ വിജയത്തിന്റെ ബലത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് 2–2 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ സമനില പിടിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍തന്നെ മിലന്‍ സിംഗ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് ഡല്‍ഹി മത്സരം പൂര്‍ത്തിയാക്കിയതെങ്കിലും ഇതിന്റെ ആനുകൂല്യം മുതലാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും ഒരു ചുവപ്പുകാര്‍ഡും പിറന്നത്.

ഇരുടീമുകളുടെയും മുന്നേറ്റം മാറിമാറി നടന്ന മത്സരത്തില്‍ 21–ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് ഡൈനാമോസ് ആദ്യ ഗോള്‍ നേടി. ബ്രസീലിന്റെ മാഴ്‌സലീന്യോയാണ് കേരള പ്രതിരോധത്തെയും ഗോളി നന്ദിയെയും അമ്പരപ്പിച്ച് പന്ത് വലയിലെത്തിച്ചത്. ഡൈനാമോസിന്റെ ആഹ്ലാദത്തിന് മൂന്ന് മിനുട്ടിന്റെ ആയുസേയുണ്ടായുള്ളൂ. ഡെക്കന്‍ ഹെസന്‍ പെനാല്‍ട്ടി ബോസ്കില്‍ മൂന്ന് പ്രതിരോധക്കാരെ വെട്ടിച്ച് ഡല്‍ഹിയുടെ ഹൃദയം തകര്‍ത്ത സമനില ഗോള്‍ നേടി. എന്നാല്‍ ആദ്യ പകുതിയുടെ ഇന്‍ജുറിടൈം അവസാനിക്കാനിരിക്കെ കേരളത്തിന്റെ ഇടനെഞ്ച് തകര്‍ത്ത് റോച്ച ഡല്‍ഹി രണ്ടാം ഗോള്‍ നേടി. ഒട്ടും അപകടകരമല്ലാത്ത ദൂരത്തുനിന്നുള്ള ഒരു ഫ്രീകിക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്ന് പ്രതിരോധ ഭടന്മാരുടെ ഇടയില്‍ നിന്ന റോച്ചയുടെ തലയില്‍ വീണ് വല കുലുക്കുകയായിരുന്നു.

Related posts