കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) അഞ്ചാം സീസണിൽ ഇന്നത്തേത് കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
രാത്രി 7.30ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ജയിച്ചാലും തോറ്റാലും ബാസ്റ്റേഴ്സിന് പട്ടികയിൽ സ്ഥാനമാറ്റമുണ്ടാനാകില്ല. ഫലമെന്തായാലും ബ്ലാസ്റ്റേഴ്സ് ഒന്പതാം സ്ഥാനത്തുതന്നെയാകും. എങ്കിലും സ്വന്തം തട്ടകത്തിൽ അവസാന മത്സരം ജയിച്ച് സീസണ് അവസാനിപ്പാക്കാനുള്ള ലക്ഷ്യത്തിലാണ് മഞ്ഞപ്പട.
17 കളിയിൽ നിന്ന് 14 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ ഒന്പതാം സ്ഥാനത്താണ്. സ്വന്തം തട്ടകത്തിലെ കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ 3-0ന് തരിപ്പണമാക്കിയതിന്റെ ഊർജവുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുക.
മികച്ച ഗെയിമിലൂടെ അവസാന മത്സരത്തിൽ വിജയം നേടുകയാണ് പ്രധാനമെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് നെലോ വിൻഗാദ മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. 2016ൽ ഇന്ത്യയിൽ വന്നപ്പോൾ തനിക്ക് ആദ്യ അവസരം നൽകിയ ക്ലബ്ബാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. പ്ലേ ഓഫ് യോഗ്യത നേടിയതിനു ടീമിനെ അദ്ദേഹം അഭിനന്ദിച്ചു.
പ്ലേ ഓഫ് ഉറപ്പിച്ചെത്തുന്ന നോർത്ത് ഈസ്റ്റിന് ഇന്നത്തെ മത്സരം ജയിക്കേണ്ടതുണ്ട്. ജയിച്ചാൽ 30 പോയിന്റുള്ള മുംബൈയെ മറികടന്ന് മൂന്നാം സ്ഥാനക്കാരാവാം. നോർത്ത് ഈസ്റ്റിനുള്ളത് 28 പോയിന്റാണ്. മുംബൈക്ക് ഒരു കളി അവശേഷിക്കുന്നുണ്ട്.
അവസാന മത്സരത്തിൽ പൂനയോട് സമനിലയിൽ കുരുങ്ങിയെങ്കിലും മുംബൈയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചതാണ് ജംഷഡ്പുരിനെ മറികടന്ന് ഇതാദ്യമായി പ്ലേ ഓഫിലെത്താൻ നോർത്ത് ഈസ്റ്റ് ടീമിനു തുണയായത്. ജംഷഡ്പൂർ ലീഗിൽ തങ്ങളുടെ അവസാന മത്സരത്തിൽ 5-1ന് ബംഗളൂരു വിനെ തോൽപ്പിച്ചിരുന്നു.
സീസണിൽ 12 ഗോളുകൾ നേടിയ നൈജീരിയൻ സ്ട്രൈക്കർ ബാർതെലോ ഒഗ്ബെച്ചെയാണ് നോർത്തിന്റെ തുറുപ്പു ചീട്ട്. താരങ്ങളുടെ പരിക്കും സസ്പെൻഷനും കാരണം മികച്ച ടീമിനെ കളിപ്പിക്കാനാവാത്ത സാഹചര്യമുണ്ടെന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കോച്ച് എൽക്കോ ഷട്ടോരി പറഞ്ഞു.
മലയാളി ഗോൾകീപ്പർ ടി.പി. രഹനേഷ് അടക്കം ടീമിലെ അഞ്ചോളം പേർ പരിക്കിന്റെ പിടിയിലായതിനാൽ 18 താരങ്ങൾ മാത്രമാണ് ടീമിനൊപ്പമുള്ളത്. രണ്ടു പേർക്ക് സസ്പെൻഷൻ കാരണം കളിക്കാനാവില്ല. ബാക്കിയുള്ള 16 അംഗ ടീമിൽ മൂന്നു പേർ മൂന്നു തവണ മഞ്ഞക്കാർഡ് കണ്ടവരാണ്.
പ്ലേ ഓഫ് മത്സരങ്ങളിൽ സാന്നിധ്യം ആവശ്യമായതിനാൽ ഇവരെ ഇന്നു കളിപ്പിക്കുന്നത് റിസ്ക്കാണ്. അവശേഷിക്കുന്ന 13 താരങ്ങളിൽ നാലു പേർ ഫിറ്റ്നസില്ലാത്തത് കാരണം ഇതു വരെ സീസണിൽ ബൂട്ടുകെട്ടിയിട്ടുമില്ല. അതിനാൽ ദുർബലമായ ഒരു ടീമിനെയാണ് ഇന്ന് ബ്ലാസ്റ്റേഴ്സിനെതിരേ ഇറക്കാനാവുകയെന്നും അദ്ദേഹം പറഞ്ഞു.