കൊച്ചി: യുഎഇയിലെ പ്രീ സീസണ് പരിശീലനം അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൊച്ചിയിൽ തിരിച്ചെത്തി. സംഘാടകരുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് യുഎഇ പര്യടനം ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചത്. ഇന്നലെ വൈകുന്നേരം എട്ടോടെ കൊച്ചി വിമാനത്താവളത്തിൽ തിരിച്ചെത്തിയ ടീമംഗങ്ങൾക്ക് ആരാധകർ സ്വീകരണം നൽകി. ഈ മാസം നാലിനാണ് ബ്ലാസ്റ്റേഴ്സ് യുഎഇയിൽ എത്തിയത്.
ഒരു മത്സരം മാത്രമാണു ടീമിന് അവിടെ കളിക്കാനായത്. ദിബാ അൽ ഫുജൈയ്റ ക്ലബായിരുന്നു എതിരാളികൾ. പിന്നീട് സ്പോണ്‍സർമാരായ മിച്ചി സ്പോർട്സുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടർന്നാണ് ടീം നാട്ടിലേക്കു മടങ്ങിയത്. വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ സ്പോണ്‍സർമാർ ടീമിന് നൽകിയില്ലെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പറഞ്ഞു. മുൻ നിശ്ചയിച്ച പ്രകാരം മൂന്ന് മത്സരങ്ങൾ കൂടി യുഎഇയിൽ ബ്ലാസ്റ്റേഴ്സ് കളിക്കേണ്ടതായിരുന്നു.
യുഎഇയിൽ ചെന്ന് പത്ത് ദിവസം പോലും തികയും മുന്‍പാണ് ടീമിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നിട്ടുള്ളത്. ഇതോടെ വിദേശ ടീമുകളുമായി മത്സരിക്കാനുള്ള അവസരമാണ് ടീമിന് നഷ്ടമായത്. പ്രീ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ തുടർന്നുള്ള തയാറെടുപ്പുകളും മത്സരങ്ങളും ഇനി കൊച്ചിയിൽ നടക്കും.
ഒക്ടോബർ 20നാണ് ഐഎസ്എൽ മത്സരങ്ങൾ ആരംഭിക്കുന്നത്. കൊച്ചിയിലെ ഉദ്ഘാടന മത്സരത്തിൽ എടികെയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. ഡച്ച് ഫുട്ബോൾ താരമായിരുന്ന എൽകോ ഷാട്ടോരിയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ടൂർണമെന്റിന് മുൻപ് ഇന്ത്യൻ ക്ലബുകളുമായി സൗഹൃദ മത്സരങ്ങൾ കളിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ ശ്രമം.