നീണ്ട നാല് സീസണിന്റെ കാത്തിരിപ്പിനുശേഷം കേരള ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫുട്ബോൾ ഫൈനലിൽ എത്തിച്ച സെർബിയൻ പരിശീലകൻ ഇവാൻ വുകോമനോവിച്ചുമായുള്ള കരാർ ക്ലബ് പുതുക്കി.
പുതിയ കരാർ പ്രകാരം 2025വരെ ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ തുടരും. ഇവാൻ അടുത്ത സീസണിലും ഉണ്ടാകുമെന്ന് ഉറപ്പായിരുന്നെങ്കിലും 2025വരെ കരാർ നീട്ടുമെന്ന് കടുത്ത ആരാധകർപോലും വിചാരിച്ചിരുന്നില്ല എന്നതാണ് വാസ്തവം.
2014, 2016 സീസണുകൾക്കുശേഷം ആദ്യമായി 2021-22 സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ പ്രവേശിച്ചത്.
ലീഗ് റൗണ്ടിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് സെമി ജയിച്ച് ഫൈനലിൽ പ്രവേശിച്ചിരുന്നു. ഫൈനലിൽ പെനൽറ്റി ഷൂട്ടൗട്ടിലൂടെ ഹൈദരാബാദ് എഫ്സിക്ക് മുന്നിൽ കീഴടങ്ങി.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന വാർത്തയായിരുന്നു ഇവാൻ വുകോമനോവിച്ചിന്റെ കരാർ പുതുക്കൽ.
വുകോമനോവിച്ചിന്റെ കരാർ പുതുക്കുമെന്ന് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ് നേരത്തേ സൂചിപ്പിച്ചിരുന്നു. സ്കിൻകിസും ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സീസണ് ആയിരുന്നു ഇവാൻ വുകോമനോവിച്ചിന്റെ കീഴിൽ കടന്നു പോയത്.
ഒരു സീസണിൽ ഏറ്റവും കൂടുതൽ ജയം, കൂടുതൽ ഗോൾ, പോയിന്റ്, ഗോൾ വ്യത്യാസത്തിൽ പ്ലസ്, ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ്, ഗോൾഡൻ ഗ്ലൗ പുരസ്കാരം തുടങ്ങി നിരവധി നേട്ടങ്ങൾ 2021-22 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് വുകോമനോവിച്ചിന്റെ ശിക്ഷണത്തിൽ സ്വന്തമാക്കിയിരുന്നു.
അതിന്റെ തുടർച്ചയായി ഐഎസ്എൽ ലീഗ് ഷീൽഡ്, ഐഎസ്എൽ കിരീടം എന്നിങ്ങനെ നേടി എഎഫ്സി ചാന്പ്യൻസ് ലീഗിൽ കളിക്കുക എന്ന സ്വപ്നത്തിനായാണ് ഇവാൻ വുകോമനോവിച്ചിനെ ബ്ലാസ്റ്റേഴ്സ് നിലനിർത്തിയിരിക്കുന്നത്.
ആ സ്വപ്നങ്ങൾ ഇവാന്റെ കീഴിൽ സഫലമാകും എന്ന വിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.