കൊച്ചി: ആശാനേയെന്നു വിളിച്ചു മലയാളികള്‍ ഒന്നടങ്കം സ്നേഹിച്ച സ്റ്റീവ് കോപ്പല്‍ എന്ന മുന്‍ ബ്ലാസ്റ്റേഴസ് പരിശീലകന്റെ തന്ത്രങ്ങള്‍ക്കെതിരേ മഞ്ഞപ്പട ഇന്ന് ഐഎസ്എലിലെ രണ്ടാം പോരാട്ടത്തിനിറങ്ങുന്നു. കേരള ബ്ലാസ്റ്റേഴ്സും ജംഷ്ഡ്പുര്‍ എഫ്സിയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അതു മഞ്ഞപ്പടയും കോപ്പലാശാനും തമ്മിലുള്ള പോരാട്ടമായിരിക്കും. പരസ്പരം നന്നായി അറിയുന്നവര്‍ എതിരിടുമ്പോള്‍ കൊച്ചിയില്‍ തീപാറുന്ന പോരാട്ടത്തിനാണു വേദിയൊരുങ്ങുന്നത്. ഇരു ടീമുകളും ആദ്യ കളിയില്‍ ഗോള്‍രഹിത സമനില വഴങ്ങിയതിനാല്‍ ടൂര്‍ണമെന്റില്‍ ആദ്യ ജയം കുറിക്കാനാണു ബ്ലാസ്റ്റേഴ്സും ജംഷഡ്പുരും കൊതിക്കുന്നത്.
ബ്ലാസ്റ്റേഴ്സിനു ഗോള്‍ നേടണം
തിങ്ങിനിറഞ്ഞ ആരാധകക്കൂട്ടത്തിനു നടുവില്‍ ആദ്യ കളിയില്‍ ഗോള്‍ നേടാന്‍ സാധിക്കാതിരുന്നതു പരിശീലകന് റെനി മ്യൂലന്സ്റ്റിനെ ആശങ്കാകുലനാക്കുന്നുണ്ട്. ഐഎസ്എല്‍ നാലാം സീസണിലെ പുകഴ്പെറ്റ മുന്നേറ്റനിരയെന്ന ഖ്യാതി പേറുന്ന ബ്ലാസ്റ്റേഴ്സിന് എടികെയ്ക്കെതിരേ മികച്ച ഒരു ഗോള്‍ ശ്രമം പോലും നടത്താന്‍ കഴിഞ്ഞില്ല.
ദിമിതര്‍ ബെര്‍ബറ്റോവും ഇയാന്‍ ഹ്യൂമും പ്രതിഭയുടെ നിഴല്‍ മാത്രമായപ്പോള്‍ അവസരത്തിനൊത്തുയരാന്‍ സി.കെ. വിനീതിന്റെ നേതൃത്വത്തിലുള്ള മധ്യനിരയ്ക്കും സാധിച്ചില്ല. ആദ്യ കളി പരിശോധിക്കുമ്പോള്‍ കറേജ് പെക്കൂസണ്, മിലന് സിംഗ് എന്നീ മിഡ്ഫീല്‍ഡര്‍മാരുടെയും നെമാന്‍ജ ലാകിക് പെസിക് എന്ന ഡിഫന്‍ഡറുടെയും പ്രകടനങ്ങള്‍ മാത്രമാണു പ്രതീക്ഷകള്‍ക്കൊപ്പം ഉയര്‍ന്നത്. ഇതോടെ, ആരാധകര്‍ അസ്വസ്ഥരായാണ് ആദ്യ കളിക്കു ശേഷം സ്റ്റേഡിയം വിട്ടത്. ഇന്നും കാണികള്‍ വിജയം കൊതിച്ച് ആര്ത്തിരമ്പിയെത്തുന്നതു കൊമ്പന്മാരുടെ ഗോള്‍ ഉത്സവം കാണുന്നതിനു വേണ്ടിയാണ്.
ബെര്‍ബ ഇങ്ങനെയാണ്
ബള്‍ഗേറിയയുടെ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ദിമിതര്‍ ബെര്‍ബറ്റോവ് ബ്ലാസറ്റേഴ്സ് ടീമിലെത്തിയപ്പോള്‍ ഐഎസ്എല്‍ കിരീടം നേടിയ സന്തോഷമാണ് ആരാധകര്‍ പ്രകടിപ്പിച്ചത്. എന്നാല്‍, ആദ്യ കളിയുടെ മുഴുവന്‍ സമയത്തും ബെര്‍ബറ്റോവിന്റെ കളി കണ്ട പലരും ഇതാണോ മാഞ്ചസ്റ്ററിന്റെ സൂപ്പര്‍ താരം എന്നൊക്കെയുള്ള വിലയിരുത്തലുകളും നടത്തി.
പക്ഷേ, ബെര്‍ബ എന്നും എക്കാലവും ഇങ്ങനെതന്നെയായിരുന്നു. ക്രിസ്റ്റ്യാനോയുടെ ചടുല വേഗമോ മെസിയുടെ മാന്ത്രിക സ്പര്‍ശമോ ഒന്നും ബെര്‍ബയുടെ കളിയില്‍ കാണാനാകില്ല. അലസനായി കളത്തില്‍ തോന്നുമെങ്കിലും എതിര് ടീമിന്റെ പ്രതിരോധത്തെപ്പറ്റിയുള്ള മികച്ച ധാരണകള്‍ ബെര്ബയ്ക്കുണ്ടാകും. അവരുടെ ചെറിയ പിഴവില്‍നിന്നു വീണു കിട്ടുന്ന അര്‍ധാവസരങ്ങള്‍ പോലും മുതലാക്കാന്‍ പറന്നെത്താന്‍ ബള്‍ഗേറിയന്‍ നക്ഷത്രത്തിനു സാധിക്കും.
സമീഗ് ദൂതിയെ ശ്രദ്ധിക്കണം
കോല്‍ക്കത്തയുടെ മിന്നും താരമായിരുന്ന സമീഗ് ദൂതിയെ മധ്യനിരയില്‍ എത്തിച്ചാണു ജംഷ്ഡ്പുര്‍ പ്രഥമ സീസണില്‍ കോപ്പു കൂട്ടിയത്. ഇതു വെറുതെയല്ലെന്നു സമീഗ് ദൂതി നോര്‍ത്ത് ഈസ്റ്റിനെതിരേയുള്ള ആദ്യ കളിയില്‍ത്തന്നെ തെളിയിച്ചു. മികച്ച നീക്കങ്ങള്‍ക്കു രൂപം കൊടുത്തു ഷോട്ടുകളുമായി സമീഗ് കളം നിറഞ്ഞു. ഇന്നും ജംഷഡ്പുര്‍ സംഘം പ്രതീക്ഷിക്കുന്നതു സമീഗിന്റെ ബൂട്ടുകളുടെ വെടിയൊച്ചകള്ക്കാണ്. അനസ് എടത്തൊടിക എന്ന മലയാളി താരത്തിന്റെ സാന്നിധ്യവും ഇന്നു ബ്ലാസറ്റേഴ്സിനു തലവേദനയാകും. ഇന്ത്യന്‍ ടീമിലെ സാന്നിധ്യമായ മെഹ്താബ് ഹുസൈനെയും സൗവിക് ചക്രബര്‍ത്തിയെയും മഞ്ഞപ്പട പേടിക്കണം.
കോപ്പലിനെ അറിയാമല്ലോ
ശരാശരി മാത്രമായിരുന്ന കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സ് ടീമിനെ ഫൈനല്വരെയെത്തിച്ച് അത്ഭുതം രചിച്ച സ്റ്റീവ് കോപ്പലിനെ നിസാരമായി തള്ളാന്‍ മഞ്ഞപ്പടയുടെ പുതിയ കപ്പിത്താന് തയാറല്ല. അരങ്ങേറ്റ ടീമാണെങ്കില്‍ കൂടി പരിചയ സമ്പന്നരായ താരങ്ങളുടെ സാന്നിധ്യം കൊണ്ടു ബ്ലാസ്റ്റേഴ്സിന് ഒപ്പം പിടിക്കാനുള്ള ആത്മവിശ്വാസം ജംഷഡ്പുരിനുണ്ട്. ബെല്‍ഫോര്‍ട്ട്, മെഹ്താബ് ഹുസൈന് എന്നിങ്ങനെ ബ്ലാസ്റ്റേഴ്സിന്റെ മുന്‍ താരങ്ങള്‍ക്കു കൊച്ചിയിലെ സാഹചര്യങ്ങളും മറ്റും ചിരപരിചിതമാണ്. അതുകൊണ്ടു തന്നെ കൃത്യമായ പദ്ധതി ആവിഷ്കരിച്ചാകും ജംഷഡ്പുര്‍ കൊച്ചിയിലെത്തിയിരിക്കുന്നത്.
ബിബിൻ ബാബു
സ്റ്റീവ് കോപ്പല്‍, ജംഷഡ്പുര്‍ എഫ്സി പരിശീലകന്
ഇരു ടീമുകളും ഒരു മത്സരമാണ് ഇതുവരെ കളിച്ചത്. മൂന്നോ നാലോ മത്സരങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ടീമുകളെ സംബന്ധിച്ചുള്ള വ്യക്തത ലഭിക്കൂ. സമനിലയ്ക്കു വേണ്ടിയല്ല, വിജയം നേടാനാണ് ഇന്നു ശ്രമിക്കുക. ജംഷഡ്പുരിന്റെ എല്ലാ താരങ്ങള്‍ക്കും പൂര്‍ണ ഫിറ്റ്നസ് ഉണ്ട്. ലീഗില്‍ മികച്ച തുടക്കം കിട്ടാനുള്ള സമ്മര്‍ദം മാത്രമാണുള്ളത്. ബ്ലാസ്റ്റേഴ്സ് നിരയില്‍ രാജ്യാന്തര നിലവാരത്തിലുള്ള താരങ്ങളുണ്ട്. അതുകൊണ്ടു തന്നെ മികച്ച തയാറെടുപ്പു ഞങ്ങള്‍ നടത്തി.
ആര്‍ത്തിരമ്പുന്ന കാണികളുടെ പിന്തുണ ബ്ലാസ്റ്റേഴ്സിനു ഗുണകരമാകും. കഴിഞ്ഞ വര്‍ഷം മികച്ച ഓര്‍മകള്‍ സമ്മാനിച്ച മൈതാനവും ആരാധകരുമാണ് ഇവിടെയുള്ളത്. ടീം മാറിയെങ്കിലും ആരാധകരുടെ സ്നേഹത്തിന് മാറ്റമില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെ അനുഭവങ്ങള്‍ തെളിയിച്ചു.
റെനി മ്യൂലന്സ്റ്റിന് – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്
സ്വന്തം കാണികള്‍ക്കു മുന്നില്‍ ആദ്യ കളിയില്‍ ഗോള്‍ നേടാന്‍ കഴിയാതെ പോയതിന്റെ സമ്മര്‍ദങ്ങളില്ല. ഒരു മത്സരം മാത്രമാണു കഴിഞ്ഞിരിക്കുന്നത്. മികച്ച കളി പുറത്തെടുക്കാന്‍ സാധിച്ചുവെന്നാണു വിശ്വാസം. അവസരങ്ങള്‍ നിരവധി മെനഞ്ഞെടുക്കാന്‍ മുന്നേറ്റ നിരയ്ക്കു സാധിച്ചു. സ്റ്റീവ് കോപ്പലിന്റെ ശിക്ഷണത്തില്‍ വരുന്ന ജംഷഡ്പുര്‍ മികച്ച എതിരാളികളാണ്. ഇവിടത്തെ സാഹചര്യങ്ങള്‍ അദ്ദേഹത്തിനു നന്നായി അറിയാം. പരിക്കു മൂലം ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന വെസ് ബ്രൗണ്‍ പരിശീലനം തുടങ്ങി.
പക്ഷേ, ഇന്നു കളിക്കുമെന്നു പറയാന്‍ സാധിക്കില്ല. നീണ്ട സീസണാണു മുന്നിലുള്ളത്. ഒരു കളിക്കാരന്റെ കാര്യത്തിലും റിസ്ക് എടുക്കാന്‍ തയാറല്ല. ആവേശം നല്കുന്ന കാണികള്‍ക്കു മുന്നില്‍ വിജയിക്കണമെന്നാണ് അന്തിമ ലക്ഷ്യം. ആരാധകരുടെ അകമഴിഞ്ഞ പിന്തുണ ഇന്നും ഉണ്ടാകുമെന്നാണു പ്രതീക്ഷ.