കൊച്ചി: ചെങ്കോലും കിരീടവും നഷ്ടപ്പെട്ടതിനോടൊപ്പം പാതിവഴിയിൽ ആചാര്യനെയും നഷ്ടപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനു കീഴിൽ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. മുങ്ങുന്ന കപ്പലിനെ മുക്കിക്കൊല്ലാന്‍ കച്ചകെട്ടി മികച്ച ഫോമിലുള്ള എഫ്സി പൂന സിറ്റി എത്തുമ്പോള്‍ മാനം കാക്കാനുള്ള ചെറുത്തനില്പ്പു മാത്രമാണു മഞ്ഞപ്പടയില്‍നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
കൊട്ടിഘോഷിച്ചു കൊണ്ടുവന്ന പരിശീലകന് പാതിവഴിയില്‍ പണി നിര്‍ത്തി പോകുമ്പോഴുണ്ടാകുന്ന അനിശ്ചിതത്വങ്ങളെല്ലാം ടീമില്‍ നിലനില്‍ക്കുന്നുണ്ട്. റെനി മ്യൂലന്സ്റ്റിന് പടിയിറങ്ങുമ്പോള്‍ അദ്ദേഹം കൊണ്ടുവന്ന വിദേശ താരങ്ങള്‍ എത്രത്തോളം ടീമിന്റെ ജയത്തിനായി പൊരുതുമെന്ന ചോദ്യം പോലും ഇപ്പോള്‍ ഉയരുന്നുണ്ട്.
ഒഴിവു ജീവിതം ആസ്വാദ്യകരമാക്കാന്‍ എത്തിയവരാണു മഞ്ഞപ്പടയും വന്‍ തോക്കുകളുമെന്ന വിമര്‍ശനം നാനാഭാഗത്തുനിന്ന് ഉയര്‍ന്നു കഴിഞ്ഞു. ടീം ഗെയിമായ ഫുട്ബോളില്‍ ഒത്തിണക്കത്തോടെ ഒരു മുന്നേറ്റംപോലും ഇതുവരെയും മെനയാന്‍ കഴിയാത്ത ടീമില്‍നിന്ന് എല്ലാ മറന്നുള്ള തിരിച്ചവരവ് ഇപ്പോഴും സാധ്യമാണെന്നു വിശ്വസിക്കാം. എല്ലാ പ്രതിസന്ധികളും തരണം ചെയ്യാന്‍ ആദ്യ സീസണിൽ മാര്‍ക്വീ താരവും മാനേജറുമായിരുന്ന ഡേവിഡ് ജയിംസിനെ പരിശീലക കുപ്പായത്തില്‍ കൊണ്ടു വന്നെങ്കിലും ഇന്നത്തെ കളിയില്‍ മുന്‍ ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ക്കു പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല.
ഗോളടിക്കാത്ത മുന്നേറ്റ നിര
എത്രവലിയ കൊമ്പന്മാര് ടീമില്‍ അണിനിരന്നാലും കളി ജയിക്കണമെങ്കില്‍ ഗോളുകള്‍ പിറക്കണം. ലീഗ് ആരംഭിക്കുന്നതിനു മുന്‍പു ബാക്കി ടീമുകള്‍ പേടിയോടെയാണു മഞ്ഞപ്പടയുടെ മുന്നേറ്റ നിരയെ വിലയിരുത്തിയത്. ദിമിതര്‍ ബെര്‍ബറ്റോവ്, ഇയാന്‍ ഹ്യൂം വന്‍ താരങ്ങളുടെ പേരുകള്‍ക്കൊപ്പം; സി.കെ. വിനീത്, മാര്‍ക്കോസ് സിഫ്നിയോസ് എന്നിവരും ചേരുമ്പോള്‍ ഗോള്‍ പൂരംതന്നെ പിറക്കുമെന്ന് എല്ലാവരും കരുതി. എന്നാല്‍, ഒന്നും ചെയ്യാനാകാതെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റം നനഞ്ഞ പടക്കമായി. ഐഎസ്എലിലെ മികച്ച താരമായി വാഴ്ത്തപ്പെട്ടിരുന്ന ഇയാന്‍ ഹ്യൂം പലപ്പോഴും ഓടിക്കളിച്ചു തളരുന്ന കാഴ്ചയാണു കളത്തില്‍ കണ്ടത്.
പ്രതിരോധം വിറയ്ക്കും
ശക്തരായ പൂനയെ നേരിടുമ്പോള്‍ പ്രതിരോധം ശക്തിപ്പെടുത്തിയില്ലെങ്കില്‍ ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നതു മറ്റൊരു ദുരന്തമായിരിക്കും. അത്രയ്ക്കും ശക്തമാണ് പൂനയുടെ മുന്നേറ്റ നിര. കഴിഞ്ഞ സീസണിലെ സുവര്‍ണ പാദുകക്കാരന് മാഴ്സലീഞ്ഞോയാണ് അവരുടെ കുന്തമുന. ഏഴു കളികളില്‍നിന്ന് അഞ്ചു ഗോളുകളും നാലു അസിസ്റ്റുകളും ബ്രസീലിയന്‍ താരം പേരിലെഴുതിക്കഴിഞ്ഞു. എമിലാനോ അല്‍ഫാരോയും മാഴ്സലീഞ്ഞോയുടെ ഒപ്പത്തിനൊപ്പം നില്ക്കുമ്പോള് ജിങ്കന്റെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്സ് ഡിഫന്‍സിനു പണി ഒഴിഞ്ഞനേരമുണ്ടാവില്ല.
ബെര്‍ബ വരുമോയെന്നു കാണാം
ബ്ലാസ്റ്റേഴ്സിനെ ദുരിതക്കയത്തില്‍നിന്നു കരകയറ്റാന്‍ പോന്ന ഒരു താരം ദിമിതര്‍ ബെര്‍ബറ്റോവാണ്. എഫ്സി ഗോവയ്ക്കെതിരേയുള്ള മത്സരത്തില്‍ പരിക്കേറ്റു പുറത്തായ ബെര്‍ബയുടെ അഭാവം ടീമിനെ വല്ലാതെ പിന്നോട്ടടിച്ചിരുന്നു. മുന്‍ മാഞ്ചസ്റ്റര്‍ താരമായ ബെര്‍ബയുടെ പരിക്കു ഭേദമായെന്നാണു ടീം വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന വിവരം.
ബെര്‍ബയും വെസ് ബ്രൗണും ഇതുവരെയും ഒരുമിച്ചു കളത്തില്‍ ഇറങ്ങിയിട്ടില്ല. ഇരുവരുടെയും പ്രതിഭ ഒരുമിച്ചു പ്രതിഫലിച്ചാല്‍ ജയവഴിയിലേക്ക് എളുപ്പം തിരിച്ചെത്താന്‍ ടീമിനു സാധിക്കും.
ജിങ്കന്റെ മനസ്
കഴിഞ്ഞ രണ്ടു കളികളായി തൊടുന്നതെല്ലാം പിഴയ്ക്കുന്ന നായകന് സന്ദേശ് ജിങ്കനെയാണു മഞ്ഞപ്പടയുടെ പിന്‍നിരയില്‍ കണ്ടത്. ചെന്നൈയിനെതിരേയുള്ള മത്സരത്തില്‍ ഹാന്‍ഡ് ബോള്‍ അല്ലാതിരുന്നിട്ടും പെനാല്‍റ്റിക്കു കാരണക്കാരനായതിന്റെ കലിപ്പു സമനില ഗോളിനു വഴിയൊരുക്കി തീര്‍ത്ത നായകനാണ് ജിങ്കന്.
എന്നാല്‍, കഴിഞ്ഞ കളിയില്‍ ജിങ്കന്റെ പിഴവില്‍ വന്ന ഹാന്‍ഡ് ബോളാണു ടീമിന്റെ മനഃസാന്നിധ്യത്തെ തകര്‍ത്തു കളഞ്ഞത്. അത്രയും നേരം പിടിച്ചുനിന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധം പിന്നീടു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ഈ അവസ്ഥയില്‍ ആത്മവിശ്വാസം വീണ്ടെടുത്തു കളി നിയന്ത്രിക്കുന്ന നായകനെയാണു ടീമിന് ആവശ്യം.
വിനീതിന്റെ പരിക്ക്
ബംഗളൂരു എഫ്സിക്കെതിരേയുള്ള മത്സരത്തില്‍ മലയാളി താരം സി.കെ. വിനീതിനെ കളിപ്പിക്കാതിരുന്നതു വന്‍ വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു. ഗ്രോയിന്‍ ഇഞ്ചുറി മൂലമാണു താന്‍ കളിക്കാതിരുന്നതെന്ന് പിന്നീടു വിനീത് തന്നെ വ്യക്തമാക്കിയിട്ടും അതു വിശ്വസിക്കാന്‍ ഇപ്പോഴും പലരും തയാറായിട്ടില്ല. പരിശീലനം വീണ്ടും ആരംഭിച്ചെങ്കിലും വിനീത് കളിക്കുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഇതല്ലാതെ ഒന്നാം ഇലവനിലുള്ള ബ്ലാസ്റ്റേഴ്സ് താരങ്ങളാരും പരിക്കിന്റെ പിടിയിലില്ല.
പൂന നിരയില്‍ മുന്നേറ്റ നിരക്കാരന് ബല്‍ജിത് സാഹ്നിയും മധ്യനിരയിലെ ഐസക് വാന്മല്സാവ്നയും പുറത്തിരിക്കും. മലയാളി താരം ആഷിക് കരുണിയന് പരിക്കു മാറി ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. മോശം പെരുമാറ്റത്തിനു നാലു മത്സരങ്ങളുടെ സസ്പെന്ഷന് നേരിടുന്നതിനാല്‍ പൂനയുടെ മുഖ്യപരിശീലകന്‍ റാങ്കോ പോപോവിച്ച് കൊച്ചിയിലും ഗാലറിയില്‍ ഇരുന്നു കളി കാണും.
ബിബിന്‍ ബാബു