കൊച്ചി: സ്വന്തം തട്ടകത്തിൽ ബ്ലാസ്റ്റേഴ്സിന് വീണ്ടും ദയനീയ തോൽവി. ഇന്നലെ എഫ്സി ഗോവയ്ക്കെതിരേ നടന്ന മത്സരത്തിൽ 3-1 നാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ഗോവയുടെ സ്പാനിഷ് സ്ട്രൈക്കർ ഫെറാൻ കോറോമിനസ് രണ്ടും മൻവീർ സിംഗ് ഒരു ഗോളും നേടി.
ഇഞ്ചുറി ടൈമിൽ ക്രമരാവിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസഗോൾ നേടിയത്. ലീഗിൽ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ മത്സരത്തിൽ ബംഗളൂരു എഫ്സിക്കെതിരെ 2-1ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.
മലയാളിതാരം അനസ് എടത്തൊടികയെ ആദ്യമായി ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ഗോവയുടെ അതിവേഗ ആക്രമണങ്ങൾക്ക് മുന്പിൽ പിടിച്ചു നിൽക്കാനായില്ല. പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഷോട്ടുകൾ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നത് ഗോവയായിരുന്നു. മുൻ മത്സരങ്ങളെ അപേക്ഷിച്ച് മത്സരം കാണാൻ കാണികൾ കുറവായിരുന്നു.
ബ്ലാസ്റ്റേഴ്സിൽ നിർണായക മാറ്റങ്ങളുമായാണ് കോച്ച് ഡേവിഡ് ജയിംസ് ടീമിനെ ഇറക്കിയത്. മലയാളി താരം അനസ് എടത്തൊടികയെ ഇന്നലത്തെ മത്സരത്തിൽ ടീമിൽ ഉൾപ്പെടുത്തി. മൂന്ന് കളികളിൽ സസ്പെൻഷൻ കാരണം പുറത്തിരുന്ന അനസിനെ തുടർന്നുള്ള മത്സരങ്ങളിൽ പകരക്കാരനായി പോലും ഡേവിഡ് ജെയിംസ്് ഇറക്കിയിരുന്നില്ല.
ഏഴ് മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്താണ് പോയിന്റ് പട്ടികയിൽ. ഏഴു കളികളിൽ നിന്ന് ഏഴു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാമതുമാണ്. ഈമാസം 23-ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ഇന്നു മുതൽ രണ്ടാം ഇടവേള
ഐഎസ്എൽ സീസണിലെ രണ്ടാം ഇടവേള ഇന്നു മുതൽ. കഴിഞ്ഞ മാസം എട്ട് മുതൽ 16 വരെയായിരുന്നു ആദ്യ ഇടവേള. രാജ്യാന്തര സൗഹൃദ മത്സരമുള്ളതിനാലാണ് ഇത്തവണത്തെയും ഇടവേള. ഇന്ന് മുതൽ 20 വരെ മത്സരങ്ങളില്ല. 21ന് പൂന സിറ്റി-ജംഷഡ്പുർ പോരാട്ടത്തോടെ ഐഎസ്എലിൽ വീണ്ടും പന്തുരുളും.
വി.ആർ. ശ്രീജിത്ത്