കോല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിരവധി കണക്കുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് കോല്‍ക്കത്ത എടികെയ്ക്കെതിരേ തീര്‍ക്കാനുള്ളത്. രണ്ടു തവണ ഫൈനലില്‍ കേരളത്തിനു കിരീടം നിക്ഷേധിച്ചത് കോല്‍ക്കത്ത ടീമായിരുന്നു.
നിലവിലുള്ള ചാമ്പ്യന്മാരായ എടികെയ്ക്കെതിരേ വിജയിച്ചാല്‍ മാത്രമേ കേരളത്തിന് പ്ലേ ഓഫ് സാധ്യതയുള്ളൂ. അതിനേക്കാള്‍ ദയനീയാവസ്ഥയാണ് കോല്ക്കത്തയുടേത്. അതുകൊണ്ടുതന്നെ അതിജീവനത്തിന്റെ പോരാട്ടത്തിനാണ് ഇരുടീമും ഇന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്.
നവബര്‍ 17നു നടന്ന ഉദ്ഘാടന മത്സരത്തില്‍ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഫലം ഗോള്‍രഹിത സമനിലയായിരുന്നു. എടികെ ഈ സീസണില്‍ 13 മത്സരങ്ങള്‍ കളിച്ചതില്‍ മൂന്നില്‍ മാത്രമേ ജയിച്ചിട്ടുള്ളു. രണ്ടെണ്ണത്തില്‍ സമനിലയും. എഴ് മത്സരങ്ങള്‍ തോറ്റു.
ശേഷിക്കുന്ന അഞ്ച് മത്സരങ്ങളും ജയിച്ചാല്‍ മൊത്തം 27 പോയിന്റ് ആകും. അങ്ങനെവന്നാല്‍ മാത്രമെ എടികെയ്ക്ക് പ്ലേ ഓഫ് സാധ്യതയുള്ളു. നിലവില്‍ എടികെ പരിക്കിന്റെ പിടിയിലാണ്. അഞ്ച് വിദേശ കളിക്കാര്‍ മാത്രമേ ഇന്ന് കളിക്കാന്‍ കഴിയുന്നവരായി ശേഷിക്കുന്നുള്ളൂ.
എടികെയുടെ ഈ സീസണിലെ സുവര്‍ണതാരമാകുമെന്നു വിശേഷിപ്പിച്ച റോബി കീന്‍, പോര്‍ച്ചുഗീസ് മിഡ് ഫീല്‍ഡര്‍ സെക്യൂഞ്ഞ, വെയില്‍സില്‍ നിന്നുള്ള മറ്റൊരു മിഡ്ഫീല്‍ഡര്‍ ഡേവിഡ് കോട്ടേറില്‍ എന്നിവര്‍ക്ക് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടക്കുന്ന മത്സരത്തില്‍ പരിക്കുമൂലം കളിക്കാനാവില്ല.
വെസ്റ്റ് വുഡിന്റെ കീഴില്‍ കളിച്ച മൂന്നു മത്സരങ്ങളിലും എടികെ തോറ്റു. ജനുവരി 12നാണ് എടികെ ഒടുവില്‍ ജയിച്ചത്, നോര്‍ത്ത് ഈസ്റ്റിനെതിരെ (1-0). അതിനുശേഷം പൂന സിറ്റിയോട് 0-3നും ചെന്നൈയിനോട് 1-2നും ജംഷഡ്പുരിനോട് 0-1നും ബംഗളൂരുവിനോട് 0-2നും തോറ്റു.
‘ഞങ്ങള്‍ക്ക് ഇപ്പോഴും പോരാടിയാല്‍ നേടാനുള്ള സാധ്യതയുണ്ട്. അഞ്ച് മത്സരങ്ങളും ജയിച്ചാല്‍ 27 പോയിന്റ് ആകും, ചെറിയ ഒരു പ്രതീഷയാണ് അത് നല്‍കുന്നത്. പ്രഫഷണല്‍ ഫുട്ബോള്‍ താരങ്ങളെ സംബന്ധിച്ചു അവരുടെ കരിയറിന്റെ ഭാഗമാണ് കളിക്കുക എന്നത്. പുതിയ കരാര്‍ കൂടി കണക്കിലെടുക്കണം-ആഷ്ലി വെസ്റ്റ്വുഡ് പറഞ്ഞു.
റെനെ മ്യൂലന്‍സ്റ്റീനു പകരം എത്തിയ ഡേവിഡ് ജയിംസിന്റെ കീഴിലാണ് ബ്ലാസ്റ്റേഴ്സ് മികച്ച ഫോമില്‍ എത്തുന്നത്. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സിനാണ് സെമിഫൈനല്‍ പ്ലേ ഓഫ് സാധ്യത എറെയുള്ളത്. പക്ഷേ 14 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്സിന് 20 പോയിന്റുണ്ട്. ഇന്ന് ജയിച്ചാല്‍ ജംഷഡ്പൂരിനെ പിന്തള്ളി നാലാം സ്ഥാനത്ത് എത്താനാകും. ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ രണ്ടു മത്സരങ്ങള്‍ ജയിച്ചു. അവസാന മത്സരത്തില്‍ എഫ്സി പൂന സിറ്റിയെ അവരുടെ ഗ്രൗണ്ടില്‍ തന്നെ കീഴടക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്.
‘ഇനി ഒരു അബദ്ധം സംഭവിക്കാന്‍ പാടില്ല . മത്സരക്രമത്തിൽ ബാക്കിയുള്ള നാല് മത്സരങ്ങളും സ്വന്തമാക്കിയേ തീരൂ’ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന് ഡേവിഡ് ജയിംസ് പറഞ്ഞു. റെനെ മ്യൂലന്സ്റ്റീന് പോയതിനുശേഷം എത്തിയ ഡേവിഡ് ജയിംസിന്റെ കീഴില്‍ കളിച്ച എഴ് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റ് നേടാന്‍ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു.
‘കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനെ ഇറക്കാന്‍ കഴിയില്ല. നാല് മഞ്ഞക്കാര്‍ഡുകള്‍ക്കുള്ള സസ്പെന്ഷന് കാരണം എടികെയുമായുള്ള മത്സരം ജിങ്കനു നഷ്ടപ്പെടും. അതേപോലെ മറ്റു ചില കളിക്കാരും കൂടി പരിക്കിന്റെ പിടിയില്‍ ആയതിനാല്‍ ഇന്ന് കളിക്കാനുണ്ടാകില്ല.
പരിക്കേറ്റ വിദേശ കളിക്കാര്‍ക്കു പകരം ഇന്ത്യന്‍ കളിക്കാരെ ഇറക്കാനുള്ള ആലോചനയിലാണ് ഡേവിഡ് ജയിംസ്. കഴിഞ്ഞ മത്സരത്തില്‍ കാല്‍മുട്ടിനു പരുക്കേറ്റ ഇയാന്‍ ഹ്യൂമിനെ ബ്ലാസ്റ്റേഴ്സിനു നഷ്ടപ്പെടുമെന്നാണ് സൂചന. ഈ സീസണില്‍ തന്നെ ഹ്യൂമിനു ഇനി കളിക്കാന്‍ കഴിയുമോ എന്ന സംശയവും ബാക്കി നില്ക്കുന്നു. നേഗിയും ഇന്നു കളിക്കില്ല.