കൊച്ചി: മായേച്ചിയെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ക്കും താരങ്ങള്‍ക്കും പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കൊമ്പനാന കൂട്ടം എവിടെയുണ്ടോ അവിടെയെല്ലാം കട്ട സപ്പോര്‍ട്ടുമായി മായേച്ചിയുണ്ട്.
ഇത്തവണ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ അങ്ങ് ഗോവയിലാണെന്നത് ശരിതന്നെ. എങ്കിലും മായേച്ചിയും പിള്ളേരും ഇങ്ങ് കൊച്ചിയില്‍ റെഡിയാണ്.
കലൂര്‍ നെഹ്റു സ്റ്റേഡിയത്തിന് സമീപത്തെ വീട്ടില്‍ വലിയ സ്ക്രീനില്‍ ഫാന്‍സിനൊപ്പം കളി കാണാനുള്ള ഒരുക്കത്തിലാണ് മായ മുരളിയും കൂട്ടുകാരും.
ഇന്നലെ മായയുടെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്സ് ഫാന്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സ്റ്റേഡിയത്തിന് മുന്നില്‍ മാസ്ക്, സാനിറ്റൈസര്‍ വിതരണവും നടത്തിയിരുന്നു. മാസ്കും സാനിറ്റൈസറും മഞ്ഞമയമായിരുന്നുവെന്ന് മാത്രം.
ഇനിയുള്ള മത്സരങ്ങള്‍ വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിക്കാനാണ് ഇവരുടെ തീരുമാനം. ബ്ലാസ്റ്റേഴ്സിന്റെ മാത്രമല്ല, ജിങ്കന്റെയും കടുത്ത ആരാധികയാണ് മായ.
ബ്ലാസ്റ്റേഴ്സിന്റെ പല താരങ്ങളുമായും ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നു.
ആദ്യ സീസണില്‍ തന്റെ കുട്ടികള്‍ക്കൊപ്പം വെറുതെ കളി കാണാന്‍ പോയതായിരുന്നു മായ. പിന്നീടവര്‍ ബ്ലാസ്റ്റേഴ്സിന്റെ കട്ട ഫാനായി മാറി.