കൊച്ചി: ഒടുവിൽ കാത്തുകാത്തിരുന്ന ആ ഗോളെത്തി. എന്നിട്ടും കേരളത്തിന്റെ കൊമ്പൻമാർക്ക് സമനിലപ്പൂട്ടുപൊട്ടിക്കാനായില്ല. മൂന്നാം ഹോം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിനു സമനില. മുംബൈ സിറ്റിയാണ് ഇത്തവണ കേരളത്തെ സമനിലയിൽ പൂട്ടിയത്. സി.കെ വിനീത് മാച്ചിംഗ് ഓഡർ വാങ്ങിപ്പുറത്തുപോയതും കേരളത്തിനു തിരിച്ചടിയായി.
ഗോൾ അടിക്കാത്തതിനു വിമർശനശരം ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സ് തുടക്കം മുതൽ ആക്രമണ ഫുട്ബോളാണ് നടപ്പാക്കിയത്. ഇതിനു പ്രതിഫലമെന്നോണം ഇയാൻ ഹ്യൂമിനു പകരം ആദ്യ ഇലവനിൽ സ്ഥാനംപിടിച്ച സിഫ്നോസ് കേരളത്തെ മുന്നിലെത്തിച്ചു. ആരാധകർ കാത്തുകാത്തിരുന്ന ഗോൾ. മധ്യനിരയിൽ കളിനിയന്ത്രിച്ച ബെർബറ്റോവ് വലതു പാർശ്വത്തിലേക്ക് നീട്ടിയ പന്ത് ഓടിപ്പിടിച്ച മലയാളിതാരം റിനോ ആന്റോയുടെ കിടിലൻ ക്രോസ്. അരപ്പൊക്കത്തിൽ ഉയർന്നുവന്ന പന്തിനെ സിഫ്നോസ് കളരിമുറയിൽ ലക്ഷ്യത്തിലേക്കു പറഞ്ഞയച്ചു.
കൊച്ചിയുടെ ഹൃദയം ഒരു നിമിഷം സ്തംഭിച്ചു. പിന്നെ മഞ്ഞക്കടൽ ഓഖി ചുഴലിയായി ആർത്തലച്ചു. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ. ഗാലറിയുടെ പിന്തുണയോടെ വീണ്ടും മുംബൈ ബോക്സിലേക്ക് നിരന്തരം ബ്ലാസ്റ്റേഴ്സ് ആക്രമിച്ചുകയറിയിട്ടും ഫലമുണ്ടാക്കാനായില്ല. സി.കെ വിനീതിന്റെ ഒരു ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ മൂളിപ്പറന്നുപോയി.
ഒരു ഗോളിന്റെ ലീഡുമായാണ് ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിപ്പിച്ചത്. ആദ്യപകുതിയിലെ ആധിപത്യം ബ്ലാസ്റ്റേഴിനു രണ്ടാം പകുതിയിൽ നഷ്ടമായപ്പോൾ മുംബൈ കളിപിടിച്ചു. 55 ാം മിനിറ്റിൽ എവർട്ടൺ സാന്റോസിന്റെ ഉറപ്പിച്ച ഗോൾ ഗോളി റെച്ചൂക്ക രക്ഷപെടുത്തുകയായിരുന്നു സാന്റോസിന്റെ ഷോട്ട് റെച്ചൂക്കയുടെ കാലിതട്ടി വലതുപോസ്റ്റിലിടിച്ച് മടങ്ങി.
നിരന്തര റെയ്ഡിനൊടുവിൽ മുംബൈക്കാർ തിരിച്ചടിച്ചു. 77 ാം മിനിറ്റിൽ ബെൽവന്ത് സിംഗാണ് ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം തകർത്തത്. എവർട്ടൺ സാന്റോസിന്റെ ക്രോസിനു കാൽവയ്ക്കുന്ന ചുമതലമാത്രമാണ് ബെൽവന്തിനുണ്ടായിരുന്നത്.
കളിയുടെ 85 ാം മിനിറ്റിൽ അവസാനത്തെ ദുരന്തവും കേരളത്തെ തേടിയെത്തി. ബോക്സിൽ അനാവശ്യമായി മറിഞ്ഞുവീണ് ഫൗളിന് അപ്പീൽ ചെയ്ത വിനീതിന് മഞ്ഞക്കാർഡ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ മഞ്ഞക്കാർഡ് സമ്പാദിച്ച വിനീതിന് രണ്ടാം മഞ്ഞ പുറത്തേക്കുള്ള വഴിയായി.