മഡ്ഗാവ്: ഐഎസ്എൽ സെമിസാധ്യത നിലനിർത്തി എഫ്സി ഗോവയ്ക്ക് വന്പൻ ജയം. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് എടികെ കോൽക്കത്തയെയാണ് അവർ തകർത്തത്.
ഗോവയുടെ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സെമി സ്വപ്നം പൊലിഞ്ഞു. ഇന്ന് ബംഗളൂരു എഫ്സിക്കെതിരേ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സ് ജയിച്ചാൽപോലും ഗോവ, ജംഷഡ്പുർ ടീമുകളിലൊന്നേ സെമിയിൽ എത്തൂ. ഞായറാഴ്ച നടക്കുന്ന ഗോവ-ജംഷഡ്പുർ പോരാട്ടത്തിൽ ജയിക്കുന്നവർക്ക് സെമിയിൽ കടക്കാം. സമനിലയാണെങ്കിൽ ഗോവ സെമിയിൽ കടക്കും.
ഗോവയ്ക്കുവേണ്ടി സെർജിയോ ജസ്റ്റി (10-ാം മിനിറ്റ്), മാനുവൽ ലാൻസറോട്ടെ(15-മിനിറ്റ്, 21-മിനിറ്റ്), കോറോ(64-മിനിറ്റ്), സിഫ്നിയോസ്(90-മിനിറ്റ്) എന്നിവർ ലക്ഷ്യം കണ്ടപ്പോൾ കോൽക്കത്തയുടെ ആശ്വാസഗോൾ റോബി കീൻ(87-മിനിറ്റ്) ആണ് നേടിയത്.
17 കളികളിൽനിന്ന് 27 പോയിന്റുമായി അവർ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഇതോടെ മാർച്ച് നാലിന് ജംഷഡ്പുർ എഫ്സിയുമായുള്ള ഗോവയുടെ കളി നിർണായകമായി. ജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാൻ കഴിയാത്ത ഗോവ ഒന്നാം പകുതിയിൽ തന്നെ മൂന്നു ഗോൾ ലീഡ് നേടിയിരുന്നു.
പൂനയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത ഗോവ അതേ പ്രകടനം ഇവിടെയും ആവർത്തിച്ചപ്പോൾ കോൽക്കത്ത ടീമിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒന്നു പൊരുതാൻ പോലും മുതിരാതെ കീഴടങ്ങുകയായിരുന്നു രണ്ട് വർഷം ജേതാക്കളായ കോൽക്കത്ത ടീം.