കൊച്ചി: ഐഎസ്എല്ലിൽ ഒഡീഷ എഫ്സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് ഗോൾരഹിത സമനില. മത്സരത്തിന്റെ ആദ്യ 23 മിനിറ്റിനുള്ളില്‍ തന്നെ രണ്ട് താരങ്ങളെ നഷ്ടമായതും ഒരു പെനാൽറ്റി അനുവദിക്കാതിരുന്നതുമാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. നാലു മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയും രണ്ടും തോൽവിയുമുള്ള ബ്ലാസ്റ്റേഴ്സ് നാലു പോയിന്റുമായി ആറാമതാണ്.
രണ്ടാം മിനിറ്റിൽ ഡിഫന്‍ഡര്‍ ജെയ്റോ റോഡ്രിഗസിന് പേശീവലിവ് കാരണം കളംവിടേണ്ടി വന്നു. 23-ാം മിനിറ്റിൽ മെസി ബൗളിയും പരിക്കേറ്റു മൈതാനം വിട്ടു. ഒഡീഷ താരം അഡ്രിയാന്‍ സന്റാനയുമായി കൂട്ടിയിടിച്ച് ബോധരഹിതനായ ബൗളിയെ ആംബുലന്‍സ് മൈതാനത്തേക്ക് എത്തിച്ചാണ് കൊണ്ടുപോയത്. ബൗളിക്ക് പകരം മുഹമ്മദ് റാഫിയാണ് കളത്തിൽ ഇറങ്ങിയത്.
35-ാം മിനിറ്റിൽ സഹൽ അബ്ദുൾ സമദിനെ ബോക്സിൽ ഒഡീഷ താരം നാരായൺദാസ് വീഴ്ത്തി. പെനാൽറ്റിക്കു വേണ്ടി ബ്ലാസ്റ്റേഴ്സ് വാദിച്ചെങ്കിലും റഫറി അനുവദിക്കാതിരുന്നത് വൻ തിരിച്ചടിയായി. 44-ാം മിനിറ്റിൽ രാഹുൽ ഗോൾശ്രമം നടത്തിയെങ്കിലും ഫലംകണ്ടില്ല.
രണ്ടാം പകുതിയിൽ ഇരുടീമും ആക്രമിച്ച് കളിച്ചെങ്കിലും സമനിലക്കുരുക്ക് പൊട്ടിക്കാനായില്ല. 78-ാം റാഫിയെ പിൻവലിച്ച് ഓഗ്ബെച്ചെ ഇറങ്ങിയെങ്കിലും ഗോൾവീണില്ല. അവസാന നിമിഷം രാഹുലിന്റെ കിടിലൻ ഷോട്ട് ഒഡീഷ ഗോൾകീപ്പർ ഫ്രാൻസിസ്കോ തട്ടിയകറ്റിയതോടെ കേരള വിജയ പ്രതീക്ഷ അസ്തമിച്ചു.