കൊച്ചി: നിർണായക മത്സരത്തിലും കൊച്ചിയിലെ കാണികൾക്കു മുന്നിൽ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സിനു ജയിക്കാനായില്ല. പൂന എഫ്സിയോട് സമനില വഴങ്ങാനായിരുന്നു കപ്പടിച്ചു കലിപ്പു തീർക്കാനിറങ്ങിയ മഞ്ഞപ്പടയുടെ വിധി. ഇരു ടീമുകളും ഓരോഗോൾ വീതം നേടി. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം സമനിലയാണിത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ കേരളത്തിന്റെ പ്രകടനം ദയനീയമായിരുന്നു. ഇരച്ചുകയറുന്ന പൂന മുന്നേറ്റനിരയെ എങ്ങനെ നേരിടണമെന്നറിയാതെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം കുഴങ്ങി. അതിന്റെ പ്രതിഫലനമായിരുന്നു ആദ്യ പകുതിയിലെ സ്കോർ ബോർഡ്: പൂന 1, ബ്ലാസ്റ്റേഴ്സ് 0. 33-ാം മിനിറ്റിൽ മാഴ്സലീന്യോയാണ് പൂനയ്ക്കായി മഞ്ഞപ്പടയുടെ വലകുലുക്കിയത്.
പക്ഷേ, രണ്ടാം പകുതിയിൽ കളി മാറി. ബ്ലാസ്റ്റേഴ്സിനായി സിഫ്നിയോസും ഹ്യൂമും പെർകൂസണും പൂന മുഖത്തേക്ക് തുടർച്ചയായി മുന്നേറ്റം നടത്തി. 73-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് ഇതിന്റെ പ്രതിഫലം ലഭിച്ചു. ബോക്സിനുള്ളിൽ പെകൂസണ് നൽകിയ മനോഹരമായ പാസ് കരുത്തുറ്റ ഷോട്ടിലൂടെ മാർക് സിഫ്നിയോസ് പൂന വലയിൽ നിക്ഷേപിച്ചു. തുടർന്നും ബ്ലാസ്റ്റേഴ്സ് മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിംഗിലെ പിഴവ് തിരിച്ചടിയായി.
എട്ടു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ബ്ലാസ്റ്റേഴ്സിന് എട്ടു പോയിന്റ് മാത്രമാണുള്ളത്. 16 പോയിന്റുള്ള പൂന എഫ്സി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ജയിച്ചില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാം, പുതിയ പരിശീലകനു കീഴിൽ കളിയുടെ രണ്ടാം പകുതിയിലെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനായതിൽ.