കൊച്ചി: വലയിൽ കയറാനാഞ്ഞ രണ്ടു ഗോളുകളെ തട്ടിയകറ്റിയ റെച്ചൂക്ക ബ്ലാസ്റ്റേഴ്സിനെ വീണ്ടും രക്ഷിച്ചു. ജയിക്കാനുറച്ചിറങ്ങിയ കേരളത്തിന് ജംഷ്ഡ്പുര് എഫ്സിക്കെതിരായ മത്സരത്തിലും ഗോളില്ലാ വിരസ സമനില. ബെൽഫോർട്ടിന്റെയും ജെറി മൗമിംഗ്താങ്കയുടേയും ഗോളെന്നുറിച്ച രണ്ടു ശ്രമങ്ങളാണ് റെച്ചൂക്ക തട്ടിയകറ്റിയത്.
30 ാം മിനിറ്റൽ ബെൽഫോർട്ടിനെ മറിച്ചതിന് ലഭിച്ച ഫ്രീകിക്കെടുത്ത എമേഴ്സൺ ഗോമസിന്റെ കിടിലൻ ഷോട്ട് റിച്ചൂക്ക മുഴുനീള ഡൈവിൽ കുത്തിയകറ്റി. മുന്നോട്ടു തെറിച്ച പന്ത് ബോക്സിൽ കാത്തുനിന്ന ജെറിയുടെ ബൂട്ടിൽ. തുറന്നപോസ്റ്റിലേക്ക് സാവധാനം പന്തുതട്ടിയിട്ട ജെറിയും ജംഷ്ഡ്പുരും അവിശ്വസിനീയതയോടെ തലയിൽകൈവച്ച നിമിഷം. നിലത്തുവീണുകിടന്ന റെച്ചൂക്ക റബർപന്തുപോലെ വായുവിലേക്കുവീണ്ടും ഉയർന്നുപൊങ്ങി ജെറിയുടെ ഷോട്ട് പുറത്തേക്കു കുത്തിയകറ്റി.
കളിയുടെ അവസാന നിമിഷം ട്രിൻഡേഡ് ഗോൺസാൽവസിന്റെ ക്രോസിനു തലവച്ച ബെൽഫോർട്ട് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നെഞ്ചിൽ തീകോരിയിട്ടു. എന്നാൽ കണ്ണിമതെറ്റാതെ കൈകൾ വിരിച്ച് കാവൽനിന്ന റച്ചൂക്ക വീണ്ടും കേരളത്തിന്റെ രക്ഷകനായി. ബെൽഫോർട്ടിന്റെ ഹെഡറും ആകാശത്തു മഴവിൽ തീർത്ത് റെച്ചൂക്ക പുറത്തേക്കു പറഞ്ഞുവിട്ടു.
സ്റ്റീവ് കോപ്പലിന്റെ ടീമിനെതിരെ ആദ്യാവസാനം പന്തുകൈവശപ്പെടുത്തി കളിച്ച ബ്ലാസ്റ്റേഴ്സ് ഇത്തവണയും ഗോൾ അടിക്കുന്നതിൽ നിരാശപ്പെടുത്തി. കളിയുടെ 64 ശതമാനവും ബ്ലാസ്റ്റേഴ്സിന്റെ കാലിലായിരുന്നു പന്ത്. 14 കോർണറുകളാണ് കേരളം സ്വന്തമാക്കിയത്. എന്നാൽ ഒന്നുപോലും ഗോളാക്കി മാറ്റാനായില്ല.