കൊച്ചി: പ്രളയക്കെടുതിയില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ച് രണ്ടാം വിജയത്തിനായി മൈതാനത്തെത്തിയ ബ്ലാസ്റ്റേഴ്സിന് നിരാശ. മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ (1-1) കുരുക്കിയത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന വാശിയേറിയ മത്സരത്തിൽ 24-ാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സാരിയിലൂടെ മുമ്പിലെത്തിയെങ്കിലും ഇഞ്ചുറി ടൈമിൽ മുംബൈ സിറ്റിയുടെ പ്രാഞ്ജാല്‍ ഭൂമിജിന്റെ ഗോളാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം കൈയെത്തും ദൂരത്തു നിന്നും നഷ്ടപ്പെടുത്തിയത്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്്സ് കാഴ്ചവച്ചതെങ്കിലും അവസാന മിനിറ്റുകളിലുണ്ടായ പിഴവുകളാണ് ബ്ലാസ്റ്റേഴ്സിനെ ജയത്തിലെത്തുന്നതിന് വിലങ്ങുതടിയായത്. അതിവേഗ മുന്നേറ്റങ്ങളിലൂടെ മുംബൈയുടെ താളം തെറ്റിച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് യുവതാരങ്ങൾ പുറത്തെടുത്തു. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ബ്ലാസ്റ്റേഴ്സിനായിരുന്നു മുന്‍തൂക്കം.
ബ്ലാസ്റ്റേഴ്സ് നിരയില്‍ വലിയ മാറ്റങ്ങളില്ലാതെയാണ് സ്വന്തം തട്ടകത്തിലെ ആദ്യ പോരിന് കൊമ്പന്മാര് ഇന്നലെ ഇറങ്ങിയത്. ആദ്യമത്സരത്തില്‍ എടികെയ്ക്കെതിരെ ഇറക്കിയ അതേ ടീമിനെ തന്നെയാണ് ഡേവിഡ് ജയിംസ് ഇന്നലെ കളത്തിലിറക്കിയത്. സെയ്മിലെന് ദുംഗല്‍, ഹാലിചരണ്‍ നര്‍സാരി,സ്ലാവിസ് സ്റ്റോജനോവിക്ക് എന്നിവര്‍ മധ്യനിരയില്‍ അണിനിരന്നപ്പോള്‍ മതേജ് പോപ്ലാട്നിക്ക് സ്ട്രൈക്കറായെത്തി. സെര്‍ബിയന്‍ താരം നിക്കോള ക്രമരാവിച്ചും അബ്ദുള്‍ സഹല്‍ സമദും ഡിഫന്‍സീവ് മിഡ്ഫീല്ഡറുടെ റോളിലായിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ മികച്ച മുന്നേറ്റങ്ങളിലൂടെയായിരുന്നു കളിയുടെ തുടക്കം. കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും മുംബൈ ഗോളി അമരീന്ദര്‍ സിംഗ് കാലു കൊണ്ട് തടുത്തിട്ടു. ഹാളിചരണ്‍ നര്‍സാരി നല്കിയ മനോഹരമായ പാസ് സ്വീകരിച്ച് ലിന് ദുംഗലിന്റെ ഷോട്ട് അമരീന്ദര്‍ തട്ടിയകറ്റുകയായിരുന്നു. 13-ാം മിനിറ്റില്‍ സ്ലാവിസ സ്റ്റൊയനോവിച്ച്, പൊപ്ലാട്നിക് സഖ്യം നടത്തിയ നല്ലൊര മുന്നേറ്റം ലൂസിയന്‍ ഗോയിന് കോര്‍ണർ വഴങ്ങി രക്ഷപ്പെടുത്തി.
24-ാം മിനിറ്റില്‍ ആരാധകര്‍ കാത്തിരുന്ന നിമിഷം വന്നെത്തി. സ്റ്റേഡിയത്തെ ആവേശത്തിലാക്കി ബ്ലാസ്റ്റേഴ്സ് ആദ്യ ഗോള്‍ നേടി. സുന്ദരമായ മുന്നേറ്റത്തിനൊടുവില്‍ ക്രമരാവിച്ച് നല്കിയ ബാക്ക് ഹീല്‍ പാസ് ബോക്സിനുള്ളില്‍ നില്ക്കുന്ന ദുംഗലിലേക്ക്. ദുംഗല്‍ ഷോട്ട് എടുക്കാതെ പന്ത് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന ഹാളിചരണ്‍ നര്‍സാരിക്ക് നല്കി. പന്ത് കിട്ടിയ നര്‍സാരി ഇടം കാലുകൊണ്ട് പായിച്ച ബുള്ളറ്റ് ഷോട്ടിന് മുന്നില്‍ മുംബൈ ഗോളി അമരീന്ദര്‍ സിംഗിന് ഒന്നും ചെയ്യാനായില്ല. മുംബൈയുടെ വലതകര്ത്ത്് ബ്ലാസ്റ്റേഴ്സ് 1-0 ന് മുമ്പില്‍.
തുടര്‍ന്നും ബ്ലാസ്റ്റേഴ്സ് അതിവേഗ മുന്നേറ്റങ്ങളുമായി കളം നിറഞ്ഞെങ്കിലൂം മുംബൈ സിറ്റി കടുത്ത പ്രതിരോധം ഉയര്‍ത്തിയതോടെ ലീഡ് ഉയര്‍ത്താന്‍ ആദ്യപകുതിയില്‍ ആതിഥേയര്‍ക്കായില്ല. ഇടയ്ക്ക് മുംബൈ സിറ്റിയും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധവും ഗോളി ധീരജ് സിംഗും അവയെല്ലാം വിഫലമാക്കി.
രണ്ടാം പകുതിയും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളിലൂടയാണ് ആരംഭിച്ചത്. ആദ്യമിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സിന്് അനുകൂലമായി കോര്‍ണര്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പൊപ്ലാട്നിക് എടുത്ത കോര്‍ണര്‍ സഹല്‍ അബ്ദുള്‍ സമദ് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും പന്ത് നേരെ ഗോളി അമരീന്ദര്‍ സിംഗിന്റെ കൈകകളിലേക്കായിരുന്നു.
50-ാം മിനിറ്റില്‍ നര്‍സാരിക്ക് ലഭിച്ച അവസരം അലക്ഷ്യമായ ഷോട്ടിലൂടെ പുറത്തേക്കടിച്ചുകളഞ്ഞു. 54-ാം മിനിറ്റില്‍ കഴിഞ്ഞ മത്സരത്തിലെ അതേരീതി ആവര്‍ത്തിച്ച് ഡേവിഡ് ജയിംസ് ദുംഗലിനെ തിരിച്ചുവിളിച്ച് സി.കെ. വിനീതിനെ കളത്തിലിറക്കി. 57-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ഒരു മുന്നേറ്റം കോര്‍ണർ വഴങ്ങി മുംബൈ സിറ്റി താരം രക്ഷപ്പെടുത്തി.
61-ാം മിനിറ്റില്‍ പൊപ്ലാട്നിക്കിന് പകരം കറേജ് പെക്കൂസണെ ബ്ലാസ്റ്റേഴ്സ് കോച്ച് കളത്തിലിറക്കി. മൂന്നുമിനിറ്റിനുശേഷം മക്കാഡോ െപിന്വലിച്ച് മിറാബാജയെ മുംബൈ സിറ്റിയും മൈതാനത്തിറക്കി. 64-ാം മിനിറ്റില്‍ മുംബൈ ബ്ലാസ്റ്റേഴ്സ് ബോക്സില്‍ ഭീതി വിതച്ചെങ്കിലും അര്‍ണോള്‍ഡിന്റെ ഷോട്ട് ഉന്നംതെറ്റിയതിനാല് രക്ഷപ്പെട്ടു. മുഹമ്മദ് റാകിപ് നടത്തിയ നല്ലൊരു മുന്നേറ്റത്തിനൊടുവില്‍ ബോക്സിലേക്ക് നല്കിയ ക്രോസ് കണക്ട് ചെയ്യാന്‍ വിനീതിന് കഴിഞ്ഞില്ല.
81-ാം മിനിറ്റില്‍ ഇസോകോയ്ക്ക് പകരം സഞ്ജു പ്രധാനെ മുംബൈ കളത്തിലിറക്കിയെങ്കിലും കാര്യമായ ഗുണമൊന്നുമുണ്ടായില്ല. അവസാന മിനിറ്റുകളില്‍ മുംബൈ സിറ്റി സമനിലയ്ക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയെ മറികടക്കാനായില്ല. എന്നാല്‍ ഇഞ്ചുറി ടൈമിൽ ഭൂമിജിന്റെ ലോംഗ് റേഞ്ച് ബുള്ളറ്റ് ഷോട്ട് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം പിളര്‍ത്തി വലയില്‍കയറി. ഇതോടെ വിജയം ഉറപ്പിച്ച ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നു.
വി.ആര്. ശ്രീജിത്ത്