കൊച്ചി: ഐഎസ്എല്ലിൽ ജംഷഡ്പുർ എഫ്സിയെ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്സ്. 74 മിനിറ്റ് വരെ രണ്ട് ഗോളിന് മുന്നിൽനിന്ന ജംഷഡ്പുരിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സമനിലയിൽ പിടിച്ചുകെട്ടിയത്.
ആദ്യ പകുതിയിൽ മങ്ങിയ പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സിന്റേത്. ആദ്യ പകുതിയുടെ 38-ാം മിനിറ്റിൽതന്നെ ജംഷഡ്പുർ ആദ്യ ഗോൾ കണ്ടെത്തിയിരുന്നു. പെനാൽറ്റിയിലൂടെ പിറ്റിയാണ് ഗോൾ കണ്ടെത്തിയത്.
രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ മലയാളി താരം സി.കെ. വിനീതാണ് ജംഷഡ്പുരിന്റെ ലീഡ് ഉയർത്തിയത്. 71-ാം മിനിറ്റിലായിരുന്നു വിനീതിന്റെ ഗോൾ. ഇതോടെ കേരളം ഉണർന്നു കളിച്ചു.
75-ാം മിനിറ്റിൽ ഒരു ഗംഭീര ഹെഡറിലൂടെ മെസി കേരളത്തെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നീട് 87-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയും മെസി ലക്ഷ്യത്തിലെത്തിച്ചു. എട്ട് കളിയിൽനിന്ന് ഏഴ് പോയിന്റുമായി ഏഴാം സ്ഥാനത്താണ് കേരളം. ജംഷഡ്പുർ മൂന്നാം സ്ഥാനത്തും.