കൊച്ചി: സന്തോഷ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തുന്ന കേരള താരങ്ങളെ വലയിലാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത്. ബ്ലാസ്റ്റേഴ്സിൽ കൂടുതൽ മലയാളി താരങ്ങളെ ഉൾപ്പെടുന്നതിനാണ് മാനേജ്മെന്റിന്റെ ശ്രമം. ഇതിനായി യുവതാരങ്ങളുടെ സന്തോഷ് ട്രോഫിയിലെ പ്രകടനം വിലയിരുത്താൻ ബ്ലാസ്റ്റേഴ്സ് വിദഗ്ധ സമിതിയെ നിയോഗിച്ചു.
മുഹമ്മദ് റാഫി, സി.കെ.വിനീത്, റിനോ ആന്റോ തുടങ്ങിയവരെ പോലെയുള്ള മലയാളിപ്രതിഭകളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വരുണ്‍ തൃപുരാനേനി പറഞ്ഞു. സന്തോഷ് ട്രോഫിയിലൂടെയാണ് ദേശീയ താരങ്ങൾ ഉണ്ടായിട്ടുള്ളതെന്നും ഐഎസ്എൽ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൂടെയുള്ള പരിശീലനവും യാത്രകളുമൊക്കെ മുതൽകൂട്ടാക്കി കൂടുതൽ മലയാളി താരങ്ങളെ ഉൾപ്പെടുത്താനാകുമെന്ന പ്രതീക്ഷിയിലാണ് തങ്ങളെന്നും അദ്ദേഹം അറിയിച്ചു.
ബ്ലാസ്റ്റേഴ്സിലേക്ക് കൂടുതൽ മലയാളി താരങ്ങളെ ഉൾപ്പെടുത്തുന്നത് അതീവ സന്തോഷമുണ്ടെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.എം.എ.മേത്തർ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഏറ്റവും അധികം ഫുട്ബോൾ ആരാധകരുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ നിന്നും കൂടുതൽ ദേശീയ, അന്തർദേശീയ കളിക്കാരെ സൃഷ്ടിക്കുന്നതിനായി കേരള ഫുട്ബോൾ അസോസിയേഷൻ, ബ്ലാസ്റ്റേഴ്സുമായി ചേർന്നുള്ള പദ്ധതികൾ ആലോചിച്ചുവരികയാണെന്നും മേത്തർ അറിയിച്ചു.