തൃശൂർ: കേരള ബ്ലാസ്റ്റേഴ്സിന്റെ ഫുട്ബോൾ ആവേശം ഇനി തൃശൂരിൽ. തൃശൂരിന്റെ സ്വന്തം ക്ലബ്ബായ എഫ്സി കേരളയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുക. ഏപ്രിൽ 12നാണ് ആവേശ പോരാട്ടം. ഐ ലീഗ ഫുട്ബോൾ രണ്ടാം ഡിവിഷൻ മത്സരങ്ങൾക്ക് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ശനിയാഴ്ചയാണ് പന്തുരുളുക. ഐഎസ്എല്ലിന്റെ കലാശ പോരാട്ടം നടക്കുന്ന 17ന് തന്നെയാണ് തൃശൂരിൽ ഫുട്ബോൾ പൂരത്തിന് കൊടിയേറുന്നത്.
തൃശൂരിന്റെ സ്വന്തം ക്ലബ്ബായ എഫ്സി കേരളയുടെ അരങ്ങേറ്റവും കോർപറേഷൻ സ്റ്റേഡിയത്തിലാണ്. 17ന് വൈകീട്ട് നാലിന് ഉദ്ഘാടന മത്സരത്തിൽ എഫ്സി കേരള ഫത്തേ ഹൈദരബാദിനെ നേരിടും. പിന്നീട് കേരള ബ്ലാസ്റ്റേഴ്സ്, എഫ്സി ഗോവ, കൂടാതെ ഐഎസ്എൽ വന്പൻമാരുടെ റിസർവ് ടീമുകളോടും ഏറ്റുമുട്ടും.
അഞ്ചു മത്സരങ്ങളാണ് ഈ സീസണിൽ നടക്കുക. ആദ്യ മത്സരത്തിനുശേഷം 21ന് ഭോപ്പാൽ ടീമായ മധ്യഭാരത് എഫ്സിയുമായും ഏപ്രിൽ 12ന് കേരള ബ്ലാസ്റ്റേഴ്സുമായും, 18ന് ഓസോണ്‍ ബാംഗളൂരുമായും, മേയ് നാലിന് എഫ്സി ഗോവയുമായും ഏറ്റുമുട്ടും.
മൂന്നു വിദേശ താരങ്ങളുമായാണ് എഫ്സി കേരള കളത്തിലിറങ്ങുന്നത്. കൂടാതെ ഇതര സംസ്ഥാന താരങ്ങളും എഫ്സി കേരളയ്ക്കായി ബൂട്ടുകെട്ടും. ടി.ജി.പുരുഷോത്തമനാണ് ചീഫ് കോച്ച്. നാരായണ മേനോൻ ടെക്നിക്കൽ ഡയറക്ടറായും നവാസ് മാനേജരായും ടീമിനെ സജ്ജമാക്കുന്നു.