ന്യൂഡൽഹി: തലപൊട്ടി ചോരയോഴുകിയിട്ടും നെഞ്ചുവിരിച്ച് ഗോളടിച്ചുകൂട്ടിയ ഇയാൻ ഹ്യൂമിനു മുന്നിൽ ഡൽഹി ഡൈനമോസ് മുട്ടുകുത്തി. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോൾവരൾച്ച അവസാനിപ്പിച്ചായിരുന്നു ഹ്യൂമിന്റെ ഹാട്രിക്. 12, 78, 83 മിനിറ്റുകളിലായിരുന്നു ഹ്യൂമിന്റെ ഗോളുകൾ.
12-ാം മിനിറ്റിൽ ഇയാൾ ഹ്യൂമിലൂടെ കേരള ബ്ലാസ്റ്റേഴ്സാണ് ആദ്യ ഗോൾ നേടിയത്. കറേജ് പെകൂസണിന്റെ പാസ് ഹ്യൂം ഗോളിലേക്കു തള്ളിയിടുകയായിരുന്നു. സീസണിലെ ഹ്യൂമിന്റെ ആദ്യ ഗോളായിരുന്നു ഇത്. തൊട്ടുപിന്നാലെ ഡൈനമോസ് താരവുമായി കൂട്ടിയിടിച്ച് തലപൊട്ടിയതോടെ തലയിൽ തുണി ചുറ്റിയാണ് ഹ്യൂം മത്സരം തുടർന്നത്.
ബ്ലാസ്റ്റേഴ്സ് തുടർന്നും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. 44-ാം മിനിറ്റിൽ പ്രീതം കോട്ടാലിലൂടെ ഡൽഹി സമനില നേടിയതോടെ ആദ്യ പകുതി ബലാബലത്തിൽ അവസാനിച്ചു. പരുക്കൻ കളിയും പരിക്കും കാരണം ആദ്യ പകുതിയിൽ മത്സരം 55 മിനിറ്റ് നീണ്ടു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡൽഹിയാണ് മുന്നേറ്റം നടത്തിയത്. പക്ഷേ, കേരള പ്രതിരോധം പാറപോലെ ഉറച്ചുനിന്നതോടെ ഗോൾ അവർക്ക് അന്യമായി. 78-ാം മിനിറ്റിൽ മനോഹരമായ ഒരു മുന്നേറ്റത്തിലൂടെ ഇയാൻ ഹ്യൂം കേരളത്തിനു ലീഡ് നൽകി. അഞ്ചു മിനിറ്റിനുശേഷം സ്വന്തം ഹാഫിൽനിന്നു നീട്ടിനൽകിയ പന്ത് ഗോളിയുടെ തലയ്ക്കു മുകളിലൂടെ പോസ്റ്റിലേക്ക് ചിപ്പ് ചെയ്ത് ഹ്യൂം ഹാട്രിക്കും കേരളത്തിന്റെ ഗോൾനേട്ടവും പൂർത്തിയാക്കി.
സീസണിൽ കേരളത്തിന്റെ രണ്ടാം വിജയമാണിത്. ജയത്തോടെ 11 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തേക്ക് ഉയർന്നു. പരിശീലകനായി ഡേവിഡ് ജയിംസ് എത്തിയശേഷം ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരമായിരുന്നു ഇത്. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി ബ്ലാസ്റ്റേഴ്സ് സമനില പാലിച്ചിരുന്നു.