കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആറാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് സ്വപ്നത്തുടക്കം. പുത്തൻ സീസണിലെ കരുത്തൻമാരായ എടികെയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. നൈജീരിയൻ താരം ബർത്തലോമിയോ ഓഗ്ബെച്ചെയുടെ ഇരട്ടഗോളുകളാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. കളിയുടെ ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളുകളും.
ആർത്തിരുമ്പുന്ന മഞ്ഞക്കടലിനെ നിശബ്ദമാക്കി എടികെയാണ് ആദ്യ ഗോൾ നേടിയത്. കളിയുടെ ആറാം മിനിറ്റിൽ തന്നെ കാൾ മക്ഹുഗ് എടികെയ്ക്കായി സ്കോർ ചെയ്തു. ഐറിഷ് താരത്തിന്റെ സുന്ദരമായ വോളി ബ്ലാസ്റ്റേഴ്സ് വലയിൽ പറന്നിറങ്ങി. കൊമ്പൻമാരുടെ ആരാധകർ ഞെട്ടി. കഴിഞ്ഞ സീസണിലെ വിധിയാണോ ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നതെന്ന് പേടിച്ചു.
എന്നാൽ ക്യാപ്റ്റൻ കൂൾ ഓഗ്ബെച്ചെ കേരളത്തിന്റെ സ്വപ്നങ്ങളെ കൈപിടിച്ചുയർത്തി. മുപ്പതാം മിനിറ്റിൽ പെനാൽറ്റിയിൽനിന്നും ഒഗ്ബെച്ചെ സമനില പിടിച്ചു. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന നിമിഷമെത്തി.
വലത് വിംഗിലൂടെ കയറിയ പ്രശാന്ത് ബോക്സിലേക്ക് നൽകിയ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ എടികെ പ്രതിരോധം പരാജയപ്പെട്ടു. പന്ത് നേരെ ഒഗ്ബെച്ചെയുടെ കാൽപാകത്തിന്. ശക്തമായ ഷോട്ടിലൂടെ പന്തിനെ നൈജീരിയക്കാരൻ പോസ്റ്റിന്റെ മോന്തായത്തിൽ എത്തിച്ചു. രണ്ടാം പകുതിയിൽ ഇരുടീമുകളും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം വന്നില്ല.