കൊച്ചി: ആദ്യപകുതിയില്‍ രണ്ടു ഗോളിനു പിന്നില്‍ പോകുക, രണ്ടാം പകുതിയില്‍ കണക്കുതീര്‍ത്ത് തിരിച്ചടിക്കുക. അവിസ്മരണീയം എന്നല്ലാതെ ഇന്നലത്തെ കേരള ബ്ലാസ്റ്റേഴ്സ്-എഫ്സി ഗോവ മത്സരത്തെ വിശേഷിപ്പിക്കാനാകില്ല. തോല്‍ക്കുമെന്നു കരുതിയ മത്സരം മനത്തക്കരുത്തിലും പോരാട്ടവീര്യത്തിലും തിരിച്ചുപിടിച്ച് ജയം പിടിച്ചുവാങ്ങുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. രണ്ടിനെതിരേ നാലു ഗോളിന് ത്രസിപ്പിക്കുന്ന വിജയം.
ഗോവയ്ക്കായി റോളിന് ബോര്‍ജസ് (7’), മുഹമ്മദ് യാസിര്‍ (17’) എന്നിവർ ഗോള്‍ നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്സിനുവേണ്ടി ദിമിത്രിയോസ് ഇരട്ട ഗോളും (81’ പെനാല്‍റ്റി, 84’), സക്കായി (50’), ചെര്‍ണിച്ച് (88’) എന്നിവർ ഓരോ ഗോളും കണ്ടെത്തി. ജയത്തോടെ 29 പോയിന്റുമായി ഗോവയെ പിന്തള്ളി ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്കു മടങ്ങിയെത്തി.
തോല്‍വി മുന്നില്‍ കണ്ടെങ്കിലും സമചിത്തതയോടെ പൊരുതിയ ദിമിത്രിയോസിന്റെയും കൂട്ടരുടെയും പോരാട്ടവീര്യത്തിനാണ് നൂറു മാര്‍ക്ക് നല്‍കേണ്ടത്. മൂന്ന് തുടര്‍ തോല്‍വികള്‍ക്കുശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ മടങ്ങിയെത്തിയത്.
നിരാശ
ആറാം മിനിറ്റില്‍ വീണുകിട്ടിയ കോര്‍ണര്‍ കിക്കില്‍നിന്ന് ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ഗോവ ലീഡ് പിടിച്ചു. തിരിച്ചുവരാനുള്ള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങള്‍ നിഷ്പ്രഭമാക്കി ഗോവക്കാർ കൊച്ചിയുടെ മൈതാനം അടക്കി വാഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. തുടരെ തുടരെയുള്ള ഗോവന്‍ ആക്രമണങ്ങള്‍ ചെറുക്കാന്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് നന്നേ വിയര്‍പ്പൊഴുക്കേണ്ടി വന്നു. 17-ാം മിനിറ്റില്‍ വീണ്ടും ഗോവന്‍ ആക്രമണം.
മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് കിട്ടിയ പന്തുമായി സദൗവിയുടെ അതിവേഗത്തിലുള്ള ഓട്ടം ബ്ലാസ്റ്റേഴ്സിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ചിന്നഭിന്നമായി നിന്ന പ്രതിരോധം ഒന്നിക്കുന്നതിന് മുമ്പുതന്നെ സദൗവി പന്ത് മുഹമ്മദ് യാസിറിന് നീട്ടി നല്കി. ഗോളി കരണ്‍ജിത് സിംഗ് ഒന്നു ശ്രമിച്ച് നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഗോവ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് മുന്നില്‍.
തിരിച്ചടി
50-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ കടം ഒന്നാക്കി കുറച്ചു. ഗോവന്‍ ബോക്സിന് തൊട്ടുവെളിയില്‍ ദിമിത്രിയോസിനെ മനഃപൂര്‍വം വീഴിച്ചതിനു കിട്ടിയ ഫ്രീകിക്കില്നിന്നാണു ഗോള്‍ പിറന്നത്. കിക്കെടുത്ത ജപ്പാന്‍താരം ഡയസൂക് സക്കായിക്ക് തെറ്റിയില്ല. ഗോവന്‍ ഗോളി അര്‍ഷദീപ് സിംഗിനെ കീഴടക്കി പന്ത് വലയിൽ.
ആദ്യ പകുതിയില്‍നിന്നു വിഭിന്നമായി കൂടുതല്‍ ഒത്തിണക്കത്തോടെയാണ് രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് പന്തു തട്ടിയത്. ഒടുവില്‍ 80-ാം മിനിറ്റില്‍ ഗോവന്‍ ബോക്സിലേക്ക് സക്കായി ഉയര്‍ത്തി നല്കിയ പന്തിന് ചെര്‍ണിച്ച് തലവയ്ക്കാന്‍ തുടങ്ങിയതിനു പിന്നാലെ വന്നുകൊണ്ടത് ഗോവന്‍ താരത്തിന്റെ കൈയില്‍. ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ അപ്പീല്‍ അംഗീകരിച്ച റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത നായകന് ദിമിത്രിയോസിന് പിഴച്ചില്ല. ബ്ലാസ്റ്റേഴ്സിനു സമനില.
ഒരു ഗോള്‍ അകലെ ജയം കാത്തിരിക്കുന്നുവെന്ന തിരിച്ചറിവില്‍ മഞ്ഞപ്പട ആക്രമണം കടുപ്പിച്ചു. അതിനുള്ള പ്രതിഫലം ഗോള്‍ രൂപത്തില്‍ ബ്ലാസ്റ്റേഴ്സ് അക്കൗണ്ടിലെത്തി. ഗോവന്‍ ബോക്സിനുളളില് നടന്ന കൂട്ടപ്പൊരിച്ചിലുകള്‍ക്കൊടുവില്‍ കാലില്‍ വീണുകിട്ടിയ പന്ത് അങ്കലാപ്പ് തെല്ലുമില്ലാതെ ദിമിത്രിയോസ് വലയില്‍ എത്തിച്ചു.
സമനില പിടിക്കാനുള്ള ഗോവന്‍ ശ്രമങ്ങളെ തച്ചുടച്ച് കളിതീരാൻ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ ബ്ലാസ്റ്റേഴ്സ് നാലാം ഗോളും കണ്ടെത്തി. ദിമിത്രിയോസ് നീട്ടി നല്കിയ പന്തു സ്വീകരിച്ച ചെര്‍ണിച്ച് ബോളുമായി ബോക്സിലേക്ക് കുതിക്കുന്നതിനിടയില്‍ തന്നെ ഗോവന്‍ ഗോള്‍ പോസ്റ്റ് ഉന്നംവച്ചു ഷോട്ട് ഉതിര്‍ത്തു. ഗോവന്‍ ഗോളിയെ കാഴ്ചക്കാരനാക്കി പന്ത് വലയില്‍.