കൊച്ചി: എഎഫ്സി കപ്പിന്റെ ഫൈനലില്‍ തോറ്റതിന്റെ രോഷം വിനീത് തീര്‍ത്തത് ഗോവയുടെ നേര്‍ക്ക്. ഇന്നലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ എഫ്സിഗോവയ്ക്കെതിരേ ബ്ലാസ്റ്റേഴ്സിനു വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു കേരളം കാത്തിരുന്ന വിജയം. ഇഞ്ചുറി സമയത്തിന്റെ അവസാന നിമിഷങ്ങളില്‍ ബംഗളൂരു എഫ്സി താരം സി.കെ.വിനീതിന്റെ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് വിലപ്പെട്ട ജയവും മൂന്നു പോയിന്റും സ്വന്തമാക്കിയത്. ഗോവയില്‍ നടന്ന മത്സരത്തിന്റെ തനിയാവര്‍ത്തനമായിരുന്നു ഇന്നലെയും. ഒരു ഗോളിന് പിന്നില്‍നിന്ന് ബ്ലാസ്റ്റേഴ്സ് രണ്ടു വട്ടം ലക്ഷ്യം കണ്ട് വിജയം നേടി. തുടര്‍ച്ചയായ നാല് എവേ മത്സരങ്ങള്‍ക്കു ശേഷമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തം മണ്ണില്‍ കളിക്കാനെത്തിയത്. ഗോവയ്ക്കായി ഒമ്പതാം മിനിറ്റില്‍ റാഫേല്‍ കൊയ്ലോയും ബ്ലാസ്റ്റേഴ്സിനായി 48–ാം മിനിറ്റിലെ പെനാല്‍റ്റിയിലൂടെ ബെല്‍ഫോര്‍ട്ടും ഇഞ്ചുറി സമയത്ത് വിനീതും ഗോള്‍ നേടി. എട്ടു മഞ്ഞക്കാര്‍ഡുകളും രണ്ട് ചുവപ്പുകാര്‍ഡുമാണ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്. മത്സരത്തിന്റെ ചൂടും ആവേശവും ഇതില്‍ നിന്നു തന്നെ വ്യക്തം.
ഗോവയുടെ ഗ്രിഗറി അര്‍നോലിനും റിച്ചാര്‍ലിസണുമാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത്. മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്സാണ് മേധാവിത്വം പുലര്‍ത്തിയത്.ആരോണ്‍ ഹ്യൂസിന്റെയും ഡക്കന്‍സ് നാസണിന്റെയും അഭാവത്തില്‍ ടീമില്‍ നാല് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സിനെ ഇന്നലെ കോച്ച് സ്റ്റീവ് കോപ്പല്‍ കളത്തിലിറക്കിയത്. ഗോള്‍കീപ്പര്‍ സന്ദീപ് നന്ദി, ദിദിയെ കാഡിയോ, നോയെ, ഇഷ്ഫാഖ് അഹമ്മദ് എന്നിവര്‍ക്ക് പകരം ഗ്രഹാം സ്റ്റാക്ക്, പ്രതിക് ചൗധരി, മുഹമ്മദ് റഫീഖ്, മൈക്കിള്‍ ചോപ്ര എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. ഗോവ കഴിഞ്ഞ മത്സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റം മാത്രമാണ് വരുത്തിയത്. പരിക്കേറ്റ സൂപ്പര്‍ താരം ജോഫ്രി സൈഡ് ബെഞ്ചിലേക്ക് മാറിയപ്പോള്‍ രാജു ഗെയ്ക്– വാദിനെ സീക്കോ ആദ്യഇലവനില്‍ ഉള്‍പ്പെടുത്തി.
4–2–3–1 ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് കളത്തിലെത്തിയത്. മുഹമ്മദ് റാഫിയെ സ്–െ്രെടക്കറായി ഇറക്കിയ ഇലവനില്‍ ബെല്‍ഫോര്‍ട്ട്, ചോപ്ര, മുഹമ്മദ് റഫീഖ് എന്നിവര്‍ മധ്യനിരയില്‍. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി അസ്–റാക്ക് മഹമ്മദും മെഹ്താബ് ഹുസൈനും. പ്രതിരോധത്തില്‍ ഹോസു, ജിംഗന്, ഹെങ്ബര്‍ട്ട്, പ്രതിക് ചൗധരി എന്നിവരും അണിനിരന്നു.റാഫേല്‍ കൊയ്ലോയും റോബിന് സിംഗും ഗോവയ്ക്കായി സ്െ്രെടക്കര്‍മാരുടെ റോളിലിറങ്ങി.
തുടക്കത്തില്‍ മികച്ച മുന്നേറ്റങ്ങള്‍ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നുണ്ടായി. അഞ്ചാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ട് ഒറ്റയ്ക്ക് ഗോവന്‍ പ്രതിരോധത്തിനിടയിലൂടെ പന്തുമായി ബോക്–സില് പ്രവേശിച്ചശേഷം നല്കിയ പാസ് കണക്ട് ചെയ്യാന്‍ ഹൊസുവിന് കഴിഞ്ഞില്ല. അതിനുമുമ്പ് ഗോവന്‍ പ്രതിരോധനിരതാരം ക്ലിയര്‍ ചെയ്ത് അപകടം ഒഴിവാക്കി. ഏഴാം മിനിറ്റില്‍ ജിംഗന് നല്കിയ ലോംഗ് പാസ് ബെല്‍ഫോര്‍ട്ടിന് കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. ഒമ്പതാം മിനിറ്റില്‍ ഗോവ അപ്രതീക്ഷിതമായി ബ്ലാസ്റ്റേഴ്സിന്റെ വലയില്‍ പന്തെത്തിച്ചു. പ്രത്യാക്രമണത്തിനൊടുവില്‍ ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്കിനൊടുവിലായിരുന്നു ഗോള്‍.
റിച്ചാര്ലിസണ് എടുത്ത കിക്ക് റാഫേല്‍ കൊയ്ലോ മികച്ചൊരു ഹെഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ട പന്ത് ഗ്രഹാം സ്റ്റാക്കിന്റെ കാലുകള്‍ക്കിടയിലൂടെ ബ്ലാസ്റ്റേഴ്സ് വലയില്‍. 10–ാം മിനിറ്റില്‍ റോബിന്‍സിംഗ് നടത്തിയ കൗണ്ടര്‍ അറ്റാക്ക് ജിംഗന് അതിമനോഹരമായി പ്രതിരോധിച്ചു. 13–ാം മിനിറ്റില്‍ റാഫിയുടെ ക്രോസില്‍ കേരളത്തിന് സുവര്‍ണാവസരം ലഭിച്ചു. പക്ഷേ ബെല്‍ഫോര്‍ട്ടിന്റെ ഹെഡര്‍ വലതു വശത്തുകൂടി പുറത്തേക്കുപോയി. പിന്നീട് തുടരെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമായിരുന്നു. ഗോവ ഗോള്‍ നേടിയതിനു ശേഷം തുടരെത്തുടരെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങളായിരുന്നു. മധ്യനിരയിലേക്ക് പോകാതെ വിംഗുകളിലൂടെ സംഘടിപ്പിച്ച ആക്രമണം ഗോവന്‍ മതിലില്‍ തട്ടി തകര്‍ന്നു.
18–ാം മിനിറ്റില്‍ ഗോള്‍ മടക്കാന്‍ ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം ലഭിച്ചെങ്കിലും നഷ്ടമായി. വലതുവിംഗില്‍നിന്ന് മുഹമ്മദ് റഫീഖ് നല്കിയ ക്രോസിന് ബെല്‍ഫോര്‍ട്ട് തലവച്ചെങ്കിലും പന്ത് ഇടതുവശത്തുകൂടി പുറത്തേക്ക് പറന്നു. 21–ാം മിനിറ്റില്‍ ചോപ്രയ്ക്ക് വലതുവിംഗിലേക്ക് പന്ത് ലഭിച്ചു. എന്നാല്‍, അലക്ഷ്യമായ ക്രോസായിരുന്നു ചോപ്ര തൊടുത്തത്. 24–ാം മിനിറ്റില്‍ വീണ്ടും സുന്ദരമായ അവസരം. തുടര്‍ന്ന് ഹൊസു എടുത്ത കോര്‍ണറും അപകടകരമായ നീക്കമായിരുന്നെങ്കിലും ഗോള്‍ നോടാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല.
34–ാം മിനിറ്റില്‍ റിച്ചാര്‍ലിസണും മെഹ്താബും തമ്മിലുണ്ടായ കൈയാങ്കളിയില്‍ റഫറി ഇരുവര്‍ക്കും മഞ്ഞക്കാര്‍ഡ് നല്കി. 35–ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ടിനെ വീഴ്ത്തിയതിന് ലൂസിയാനോക്കും കിട്ടി ബുക്കിംഗ്. ഓരോ മാറ്റങ്ങള്‍ വരുത്തിയാണ് രണ്ടാം പകുതിയുടെ തുടക്കം. ബ്ലാസ്റ്റേഴ്സ് അസ്റാക്ക് മഹമ്മദിന് പകരം ദിദിയെ കാഡിയോയെയും ഗോവ കൊയല്ഹോക്ക് പകരം ട്രിന്ഡേയ്ഡ് ഗൊണ്കാല്വസിനെയും കളത്തിലെത്തിച്ചു. തുടര്‍ന്ന് ആദ്യമിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് പെനാല്‍റ്റിയില്‍ സമനില കണ്ടെത്തി. ഗ്രിഗറി അര്നോലിന് ബോക്സിനുള്ളില്‍ വച്ച് പന്ത് മനഃപൂര്‍വം കൈകൊണ്ട് തട്ടിയതിനാണ് ബ്ലാസ്റ്റേഴ്സിന് സ്പോട്ട് കിക്ക് ലഭിച്ചത്. ഇതിന് അര്നോലിന് ചുവപ്പുകാ
52–ാം മിനിറ്റില്‍ ഗോവക്ക് മത്സരത്തിലെ ആദ്യ കോര്‍ണര്‍ ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. 52–ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ദിദിയെ കാഡിയോയുടെ ലോംഗ്– റേഞ്ചര്‍ ക്രോസ്ബാറിന് മുകളിലൂടെ പറന്നു. തുടര്‍ന്നും ബ്ലാസ്റ്റേഴ്സിന്റെ കനത്ത മുന്നേറ്റങ്ങള്‍ തന്നെ കാണാമായിരുന്നു. 79–ാം മിനിറ്റില്‍ ബ്ലാസ്– റ്റേഴ്–സിന് ഫ്രീകിക്ക്. എന്നാല്‍ ഹോസുവിന്റെ കിക്ക്– നേരെ ഗോളിയുടെ കൈയിലേക്ക്.തൊട്ടുപിന്നാലെ മുഹമ്മദ് റഫീഖിന് പകരം മലയാളി താരം സി.കെ. വിനീത് കളത്തില്‍. 81–ാം മിനിറ്റില്‍ വിനീതിനെ ഫൗള്‍ ചെയ്ത റിച്ചാര്ലിസണ് രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങി പുറത്തേക്ക്. ഇതോടെ ഗോവ ഒമ്പതു പേരായി ചുരുങ്ങി. അധികം കഴിയും മുന്‍പേ വിനീതിന് മഞ്ഞക്കാര്‍ഡ്.
86–ാം മിനിറ്റില്‍ മന്ദര്‍ റാവു ദേശായിക്ക് പകരം ദേബബ്രത റോയി കളത്തില്‍. ഇതിനിടെ ഗോവ ഗോളി ലക്ഷ്മികാന്ത് കട്ടിമണിക്കും കിട്ടി മഞ്ഞക്കാര്‍ഡ്. കളി ഇഞ്ചുറിസമയത്തേക്ക്. 92–ാം മിനിറ്റില്‍ ഹൊസുവിന്റെ കോര്‍ണര്‍ ഗോളിലേക്ക് തിരിച്ചുവിടാന്‍ ബെല്‍ഫോര്‍ട്ടിന്റെ ശ്രമം പക്ഷേ പുറത്തേക്ക്. തൊട്ടുപിന്നാലെ സമയം വൈകിച്ചതിന് രാജു ഗെയ്ക്ക്വാദിന് മഞ്ഞക്കാര്‍ഡ്്. 95–ാം മിനിറ്റില്‍ മൂന്ന് ഗോവന്‍ താരങ്ങള്‍ക്കിടയിലൂടെ ജെര്മെയ്ന് പായിച്ച ഷോട്ട് നേരെ കട്ടിമണിയുടെ കൈകളില്‍.
കളിയുടെ അവസാന മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് ലഭിച്ച കോര്‍ണറാണ് വിജയം കൊണ്ടുവന്നത്. കോര്‍ണറിന് തലവച്ച ഹെങ്ബര്‍ട്ടിന്റെ ഹെഡര്‍ നിയന്ത്രിക്കാനായില്ല. തെറിച്ചുവീണ പന്ത് ബോക്സിനുള്ളില്‍ വിനീതിന്റെ കാലില്‍. മനോഹരമായൊരു പിന്കാല് ഷോട്ടിലൂടെ വിനീത് വല ചലിപ്പിച്ചു. ബ്ലാസ്റ്റേഴ്സിന് രണ്ടാം ഗോളും വിജയവും. ബ്ലാസ്റ്റേഴ്സിന്റെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ മെഹ്താബ് ഹുസൈനാണ് കളിയിലെ താരം.