കൊച്ചി: വീണ്ടും മഞ്ഞക്കടലിരന്പം… ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ അഞ്ചു ഗോൾ പിറന്ന സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി 3-2ന് ഒഡീഷ എഫ്സിയെ കീഴടക്കി. ഇഞ്ചുറി ടൈമിൽ നോഹ് സദൗയി (90+5’) നേടിയ ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം.
ആദ്യപകുതിയിൽ ഒരു ഗോളിനു പിന്നിട്ടുനിന്നശേഷമായിരുന്നു ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആർത്തിരന്പിയത്.
ജയത്തോടെ 16 മത്സരങ്ങളിൽനിന്ന് 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്കുയർന്നു. 21 പോയിന്റുള്ള ഒഡീഷ ഏഴാമതാണ്. 15 മത്സരങ്ങളിൽനിന്ന് 35 പോയിന്റുമായി മോഹൻ ബഗാനാണ് ലീഗിന്റെ തലപ്പത്ത്. പ്ലേ ഓഫ് സാധ്യത മങ്ങാതെ സൂക്ഷിക്കാനും ഈ ജയത്തിലൂടെ ബ്ലാസ്റ്റേഴ്സിനു സാധിച്ചു.
തിരിച്ചുവരവു ജയം
നാലാം മിനിറ്റിൽ ജെറി മവ്മിംഗ്താനയിലൂടെ ഒഡീഷ ലീഡ് നേടി. 60-ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ. ഖ്വാമെ പെപ്ര ഓടിക്കയറി ഗോൾ കീപ്പറിനെ കീഴടക്കി പന്ത് വലയിലാക്കുകയായിരുന്നു. 73-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയുടെ ക്രോസിൽനിന്ന് നോഹ് സദൗയി നൽകിയ പാസ് ക്ലിയർ ഫിനിഷിംഗിലൂടെ ജെസ്യൂസ് ഹിമെനെസ് വലയിലാക്കി.
അതോടെ 2-1നു ബ്ലാസ്റ്റേഴ്സ് മുന്നിൽ. എന്നാൽ, ഡോറി (80’) ഒഡീഷയെ ഒപ്പമെത്തിച്ചു. 83-ാം മിനിറ്റിൽ പെപ്രയെ ഫൗൾ ചെയ്തതിനു രണ്ടാം മഞ്ഞക്കാർഡിലൂടെ കാർലോസ് ഡെൽഗാഡോ പുറത്ത്. അതോടെ ഒഡീഷയുടെ അംഗ ബലം പത്തായി ചുരുങ്ങി. 90+5-ാം മിനിറ്റിൽ വിപിൻ മോഹനന്റെ പാസിൽനിന്ന് നോഹ് സദൗയി ബ്ലാസ്റ്റേഴ്സിന്റെ ജയം കുറിച്ച മൂന്നാം ഗോൾ സ്വന്തമാക്കി.
പുരുഷോത്തമൻ ഇഫക്ട്
മിഖായേൽ സ്റ്റാറെയുടെ പിൻഗാമിയായി ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനത്തെത്തിയ ടി.ജി. പുരുഷോത്തമനു കീഴിൽ ടീമിന്റെ മൂന്നാം ജയമാണ്. പുരുഷോത്തമന്റെ ശിക്ഷണത്തിൽ കളിച്ച നാലു മത്സരങ്ങളിൽ മൂന്നു ജയവും ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം. 18ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരേയാണ് കൊച്ചി ക്ലബ്ബിന്റെ അടുത്ത മത്സരം.