കൽപ്പറ്റ: ചികിത്സയ്ക്കു വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ ബംഗളൂരു സ്വദേശിയായ 39കാരനു കറുത്ത പൂപ്പൽ (ബ്ലാക്ക് ഫംഗസ്) രോഗം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
നേത്രരോഗം ബാധിച്ച ഇദ്ദേഹം ബംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടിയെങ്കിലും സുഖപ്പെട്ടില്ല. ഇതേത്തുടർന്നു മുട്ടിലിനു സമീപം ബന്ധുക്കളുള്ളതിനാൽ വയനാട്ടിലേക്കു വരികയായിരുന്നു.
ആംബുലൻസിലാണ് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്.
കണ്ണിനു ഗുരുതര രോഗം ഉള്ളതിനാൽ ബ്ലാക്ക് ഫംഗസ് ബാധ സംശയിച്ചു വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കോഴിക്കോട്ടേക്കു റഫർ ചെയ്യുകയായിരുന്നു.
രോഗിയുടെ കൈവശം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പധികൃതർ അറിയിച്ചു.