കൊല്ലം: വാട്ടർ അഥോറിറ്റിക്ക് ബ്ലീച്ചിംഗ് പൗഡറുമായി രാജസ്ഥാനിൽനിന്നെത്തിയ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. ലക്ഷങ്ങളുടെ നഷ്ടം. തീകെടുത്താനെത്തിയ ഫയർഫോഴ്സ് ജീവനക്കാരിൽ ഒന്‍പതുപേർക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെതുടർന്ന് കൊല്ലം ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സനൽകി. ഇന്ന് രാവിലെ കൊല്ലം ബിഷപ്പ് ജെറോം നഗറിന് സമീപമുള്ള വാട്ടർ അഥോറിറ്റി ഓഫീസ് കോന്പൗണ്ടിലാണ് ലോറിക്ക് തീപിടുത്തമുണ്ടായത്.
ബ്ലീച്ചിംഗ് പൗഡറിൽ വെള്ളം വീണതിനെ തുടർന്ന് പുകഞ്ഞുകത്തുകയായിരുന്നു. ശ്വാസംമുട്ടൽ അനുഭവപ്പെട്ട ഫയർഫോഴ്സ് ജീവനക്കാരായ സ്റ്റേഷൻ ഓഫീസർ ഹരികുമാർ, ശിവശങ്കരൻ, ബിനു, ഷിബു, അനിൽകുമാർ, ദീപക്, ഷഹാദ്, ശ്രീജിത്ത്, അനിൽകുമാർ എന്നിവരെയാണ് ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ നൽകി വിട്ടയച്ചത്.
ലോറിയിൽ ഡ്രൈവറുംക്ലീനറും മാത്രമാണുണ്ടായിരുന്നത്. ഡ്രൈവർ രാജസ്ഥാൻ സ്വദേശി മുത്തുഭായിക്ക് പൊള്ളലേറ്റു. ഇയാളും ചികിത്സയിലാണ്. ലോറിപൂർണമായും കത്തിനശിച്ചനിലയിലാണ്. ചാമക്കട, കുണ്ടറ, കടപ്പാക്കട എന്നിവിടങ്ങളിൽനിന്നെത്തിയ ഫയർഫോഴ്സ് ജീവനക്കാർ രണ്ടുമണിക്കൂറോളം ശ്രമം നടത്തിയാണ് തീകെടുത്തിയത്.
യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ബ്ലീച്ചിംഗ് പൗഡർ കൊണ്ടുവന്നത്. അതേസമയം വാട്ടർ അഥോറിറ്റിക്ക് ഇതുമായി ബന്ധമില്ലെന്നാണ് അവരുടെ നിലപാട്. കരാറുകാരാണ് സുരക്ഷാസംവിധാനമൊരുക്കാതെ ബ്ലീച്ചിംഗ് പൗഡർ കൊണ്ടുവരുന്നത്. പലതവണ ഇത്തരം അപകടങ്ങൾ ഉണ്ടായിട്ടുള്ളതായാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. കൊല്ലത്തുതന്നെ നാലുതവണ ഈ നിലയിലുള്ള തീപിടുത്തമുണ്ടായതായി ഫർഫോഴ്സ് ജീവനക്കാരും പറയുന്നു.