വലിയ വലിയ കാര്യങ്ങൾ ഇളംപ്രായത്തിൽ ഓർത്തെടുത്തു പറയുന്ന കോഴിക്കോട് തോട്ടുമുക്കം സ്വദേശി ബ്ലെയ്സ് സാജു എന്ന അഞ്ചുവയസുകാരൻ വിസ്മയമാകുന്നു.
ആരുടെയും സഹായമില്ലാതെ സ്പാനിഷ് ഭാഷയും രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളുടെ പേരും അവയുടെ തലസ്ഥാനവും കേരളത്തിലെ മന്ത്രിമാരുടെ പേരും എന്ന് വേണ്ട കൊച്ചു ബ്ലെയ്സിന്റെ ഓർമയിൽ ഇല്ലാത്തതായി ഒന്നുമില്ല.
യൂട്യൂബിൽ നിന്ന് കേട്ട് പഠിച്ചാണ് ഈ കൊച്ചുമിടുക്കൻ സ്പാനിഷ് ഭാഷ സംസാരിക്കുന്നത്. എന്തും ഒറ്റത്തവണ കേൾക്കുമ്പോൾ തന്നെ ഓർമയിൽ കയറുന്ന ഈ കൊച്ചു കുട്ടിയുടെ കഴിവ് ആരെയും വിസ്മയിപ്പിക്കും.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും എല്ലാം ബ്ലെയ്സിന് പച്ചവെള്ളംപോലെ പറയാൻ കഴിയും. സംസ്ഥാനത്തെ മന്ത്രിമാരും അവരുടെ വകുപ്പും മാത്രമല്ല അയൽ രാജ്യങ്ങളുടെ പേരും ഈ കൊച്ചു മിടുക്കൻ കൃതമായി പറയും.
തോട്ടുമുക്കത്തെ ഊട്ടുകുളത്തിൽ സാജു സെബാസ്റ്റ്യന്റെയും ഷാനിയുടെയും രണ്ടു മക്കളിൽ ഇളയവനാണ് ബ്ലെയ്സ്. കുഞ്ഞു പ്രായത്തിലെ കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാനുള്ള കഴിവ് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഇവരും ബ്ലെയ്സിന്റെ കഴിവിനെ കൂടുതൽ മനസിലാക്കിയത്.
ഓൺലൈൻ പഠനമാണെങ്കിലും പാഠപുസ്തകങ്ങളെല്ലാം ഇപ്പോഴേ ബ്ലെയ്സിന് മനപ്പാഠമാണെന്ന് അധ്യാപകരും പറയുന്നു. വലിയ കാര്യങ്ങൾ ഈ കൊച്ചു പ്രായത്തിൽ ഓർത്തോർത്തു പറയുന്ന ബ്ലെയ്സ് ഇപ്പോൾ നാട്ടിലെ താരമായിരിക്കുകയാണ്.