എസ്. മഞ്ജുളാദേവി
”ജീവിതത്തില്‍ ഞാനൊരിക്കലും പ്രണയിച്ചിട്ടില്ല” എന്ന് മുന്‍പൊരിക്കല്‍ പറഞ്ഞത് ‘പ്രണയം’ മലയാളികള്‍ക്ക് നല്കിയ സംവിധായകന് ബ്ലെസിയാണ്. പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ഒരുപിടി ചിത്രങ്ങള്‍ എങ്ങനെ പ്രണയിക്കാത്ത ബ്ലെസിക്ക് സൃഷ്ടിക്കാന്‍ കഴിയുന്നു എന്ന ചോദ്യത്തിന് അദ്ദേഹത്തിനു മനോഹരമായ മറുപടിയുണ്ട്..
”പ്രണയിച്ച് ഉള്ളിലെ പ്രണയം നഷ്ടപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ടുതന്നെ ഹൃദയം നിറയെ പ്രണയം എന്നുമുണ്ട്. അത് വലിയ സന്പാദ്യമല്ലേ.”
കാഴ്ചയും തന്മാത്രയും പ്രണയവും കളിമണ്ണും പളുങ്കും ഉള്‍പ്പെടെയുള്ള സിനിമകളുടെ സ്രഷ്ടാവിന്റെ സിനിമാ വഴികള്‍ അത്ര എളുപ്പമായിരുന്നില്ല.
”ഒരു നല്ല ചിത്രത്തിന്റെ സംവിധായകനാവുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഒരേസമയം കലാപരമായും സാന്പത്തികമായും വിജയിക്കുന്ന സിനിമ.
അസിസ്റ്റന്‍ഡ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന കാലമത്രയും ഈ ലക്ഷ്യത്തിനുവേണ്ടിയുള്ള പരിശ്രമമാണ് നടത്തിയത്.” തന്റെ സ്വപ്നസാക്ഷാത്കാരത്തിന്റെ വഴികള്‍ സുഗമമായിരുന്നില്ല എന്നും ബ്ലെസി പറയും.
”വളരെയേറെ വേദനകളും പ്രതിസന്ധികളും അവഗണനകളും നേരിട്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞ് കുടുംബമായതോടെ സാന്പത്തികമായ നിലനില്പും പ്രശ്നമായി. സിനിമാരംഗത്തുനിന്നു മാറിയാലോ എന്നുപോലും ചിന്തിച്ചിരുന്നു.” കാഴ്ച എന്ന ചിത്രം ബ്ലെസിയുടെ ജാതകം തിരുത്തിക്കുറിക്കുകയായിരുന്നു.
കാഴ്ച റിലീസായ സമയത്ത് അന്ന് ഡിഐജിയായ ഋഷിരാജ് സിംഗ് ബ്ലെസിയെ ഫോണില്‍ വിളിച്ച് ഏറെ അഭിനന്ദിച്ചു. തട്ടുകടയിലെ ഒരു കച്ചവടക്കാരനും ബ്ലെസിയെ കണ്ടപ്പോള്‍ സിനിമ വളരെ ഇഷ്ടമായെന്ന് ഈറന്‍ കണ്ണുകളോടെ പറഞ്ഞു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഒരു തടവുകാരനും ‘കാഴ്ച’ തന്നെ സ്വാധീനിച്ചുവെന്ന് പറയുകയുണ്ടായി.
കാഴ്ച മുതല്‍ ഈ വര്‍ഷം പ്രദര്‍ശനത്തിനൊരുങ്ങുന്ന ആടുജീവിതം വരെയുള്ള സിനിമകളില്‍ ചില ഗ്രഹപ്പിഴകളും ബ്ലെസിക്കൊപ്പമുണ്ട്.
കാഴ്ചയുടെ ചിത്രീകരണത്തിനിടെ എടത്വാ പള്ളിക്കു മുന്നില്‍ വച്ച് ഷൂട്ടിംഗ് കാണുവാനെത്തിയ ജനങ്ങളുടെ തിരക്ക് കാരണം മതില് ഇടിഞ്ഞ് വീണ് കാമറയും അത് വരെ ഷൂട്ട് ചെയ്ത സീനുകള്‍ ഉള്‍ക്കൊള്ളുന്ന ഫിലിം റോളുകളും അടുത്തുള്ള ആറ്റിലേക്ക് വീണു.
എടത്വാപള്ളിക്ക് മുന്നിലെ ക്രിസ്തുവിന്റെ രൂപത്തിനു മുന്നില്‍നിന്ന് ബ്ലെസി പൊട്ടിക്കരഞ്ഞു. പിന്നീട് ഫിലിംറോളുകള്‍ കണ്ടെത്തിയപ്പോള്‍ ദൈവകാരുണ്യം കൊണ്ടാവും ഒരു കേടുപാടും സംഭവിച്ചിരുന്നില്ല എന്ന് ബ്ലെസി പറയുന്നു.
2020ല്‍ കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ കാലത്ത് ആടു ജീവിതത്തിന്റെ ഷൂട്ടിംഗിനിടയ്ക്ക് ജോര്‍ദാന്‍ മരുഭൂമിയില്‍ നടന് പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പെടെയുള്ള സംഘം മാസങ്ങളോളം പെട്ടുപോയിരുന്നു.
ബൈബിള്‍ ആണ് ആ പ്രതിസന്ധി കടക്കുവാനുള്ള കരുത്ത് നല്‍കിയതെന്ന് ബ്ലെസി പറഞ്ഞു.
ആദ്യസിനിമയായ കാഴ്ചയുടെ കഥയെക്കുറിച്ച്- ”16എംഎം സിനിമ റീലുമായി നാടു ചുറ്റി ചിത്രം പ്രദര്‍ശിപ്പിക്കുന്ന ഒരു പ്രൊജക്റ്റര്‍ ഓപ്പറേറ്റര്‍ – എന്നോ മനസില്‍ കയറിയതാണ്. ഒരിക്കല്‍ വീട്ടിലിരുന്ന് ഭാര്യ മിനിയോട് ഇതേക്കുറിച്ച് പറയുന്പോള്‍ തൊട്ടെതിരെ ഒരു കെട്ടിടത്തിനു മുന്നില്‍ കേരള ഫിലിംസ് എന്നോ മറ്റോ ഒരു ബാനര്‍ കണ്ടു.
തൊട്ട് താഴെയായി 16 എംഎം ഫിലിം എന്നും എഴുതിയിരുന്നു. ഈ ബോര്‍ഡ് മുന്‍പ് അവിടെ ഉണ്ടായിരുന്നോ എന്ന് അറിയില്ല. എന്നാല്‍ 16എംഎം ചിത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കണ്ട രംഗം നല്ല നിമിത്തമായി തോന്നി.”
പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയ കാഴ്ചയിലെ പവന് എന്ന കുട്ടിയെ പിന്നീട് കഥയിലേക്ക് ചേര്‍ത്തതാണ്. ഗുജറാത്ത് ഭൂകന്പം ഉണ്ടായപ്പോള്‍ ആ ഒരു പശ്ചാത്തലത്തില്‍ കുട്ടിയെ ഉള്‍പ്പെടുത്തുകയായിരുന്നു.
കാഴ്ചയുടെ കാര്യം സിനിമാ മേഖലയില്‍പ്പെട്ട പലരോടും ബ്ലെസി പറഞ്ഞുവെങ്കിലും ഇത്തരം ഒരു സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന സംശയമായിരുന്നു എല്ലാവര്ക്കും. സൂപ്പര്‍ താരം മമ്മൂട്ടിയാണ് ബ്ലെസിക്ക് ആത്മവിശ്വാസം നല്കി സിനിമാസ്വപ്നം സത്യമാക്കിയത്.
”മമ്മൂക്കയുടെ പ്രോത്സാഹനമാണ് കാഴ്ച സിനിമയാക്കുവാനുള്ള കരുത്ത് നല്‍കിയത്.”- ബ്ലെസി പറയുന്നു.
പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ അന്പരപ്പിച്ച കളിമണ്ണും തന്മാത്രയും ഇനി വരാനിരിക്കുന്ന ആടുജീവിതവും അങ്ങനെ ഒട്ടേറെ സിനിമകളുടെ തുടക്കവും ഇവിടെനിന്ന് തന്നെയാണ്.