നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്റിറ്റിയുണ്ടെന്നും സംവിധായകന് ബ്ലെസി. ‘ബെന്യാമിന് നോവലില്‍ പറയാതെ പോയ കാര്യങ്ങള്‍ കുടുതല്‍ പറയാനും അദ്ദേഹം കാണാതെപോയ മരുഭൂമിയുടെ ജീവിതം കൂടുതല്‍ കാണിക്കാനുമാണ് ഞാന്‍ ശ്രമിച്ചത്. എങ്കില്‍ മാത്രമേ സിനിമ ഒരനുഭവമാവുകയുള്ളൂ. അല്ലെങ്കില്‍ അതൊരു ഡോക്യുമെന്റേഷന് മാത്രമാകും’- ആടുജീവിതം പ്രസ് മീറ്റില്‍ ബ്ലെസി പറഞ്ഞു.
ആദ്യത്തെ വെല്ലുവിളി
കേരളത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട ഒരു നോവല്‍… ഞാന്‍ അതു സിനിമയായി കാണുന്നതുപോലെതന്നെ ഇതു വായിച്ചിട്ടുള്ളവരൊക്കെ അവരുടെ മനസില്‍ ഒരു വിഷ്വല്‍ കോറിയിട്ടിരിക്കുന്നു എന്ന വെല്ലുവിളിയാണ് എഴുത്തുകാരന് എന്ന നിലയില്‍ ഇതിനെ സമീപിച്ചപ്പോള്‍ ആദ്യമുണ്ടായത്.
43 അധ്യായങ്ങളിലായി മൂന്നര വര്‍ഷക്കാലത്തെ ജീവിതം പറഞ്ഞ ഒരു നോവല്‍ സിനിമയാക്കണമെങ്കില്‍ ഒമ്പതു പത്തു മണിക്കൂറുകള്‍ വേണ്ടിവരും. ഞങ്ങള്‍ ഷൂട്ട് ചെയ്തതിന്റെ ഫസ്റ്റ് എഡിറ്റ് തന്നെ മൂന്നര മണിക്കൂറാണ്. അത്രയും സമയം തിയറ്ററില്‍ ഇരിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളൊക്കെ അറിയാവുന്നതിനാൽ സിനിമയുടെ ദൈര്‍ഘ്യം കുറച്ചിട്ടുണ്ട്.
സാഹിത്യം സിനിമയാകുമ്പോൾ
പുസ്തകം വായിച്ചിട്ട് അതിലുള്ളതുപോലെ കാണാനിരിക്കുന്ന പ്രേക്ഷകര്‍. അതാണ് പ്രധാന വെല്ലുവിളിയായി ഞാന്‍ ഏറ്റെടുത്തത്. നിങ്ങള്‍ കാണാത്ത, എന്നാല്‍ അതിനൊപ്പം നില്ക്കുന്ന തരത്തിലുള്ള വിഷ്വലുകളിലേക്ക് എത്തുക എന്നുള്ളതാണ് ഒരു ഫിലിംമേക്കറിനെയും റൈറ്ററിനെയും സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി.
നജീബിന്റെ ജീവിതം പുസ്തകമായപ്പോള്‍ ഒരുപാടു മാറ്റങ്ങള്‍ ബെന്യാമിന്‍തന്നെ എഴുതിച്ചേര്‍ത്തു. അതു സാഹിത്യത്തില്‍നിന്നു സിനിമയിലേക്കു മാറുമ്പോള്‍ എനിക്ക് അതേപടി കാണിക്കേണ്ട ആവശ്യമുണ്ടാകുന്നില്ല അല്ലെങ്കില്‍ ഒരു പാരഗ്രാഫില്‍ സൈനുവിനെക്കുറിച്ചു പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും നാലോ അഞ്ചോ സീനുകളിലായി എനിക്കു കാണിക്കാനാവും.
ഈ സിനിമയുടെ ആദ്യ സീനുകള്‍ എഴുതുകയായിരുന്നു. പരന്ന മരുഭൂമി. അവിടെ എവിടെയോ ദൂരത്തുനിന്നു സ്വര്‍ഗീയ സംഗീതം താഴേക്കു പൊഴിഞ്ഞിറങ്ങുന്നതുപോലെ എന്നു ഞാനെഴുതി. സംഗീതമൊരുക്കിയ റഹ്മാന് സാറിനോടു ഞാന്‍ പറഞ്ഞതും അങ്ങനെയാണ്. പുസ്തകം അങ്ങനെതന്നെ പകര്‍ത്തിയതല്ല ആടുജീവിതം എന്ന സിനിമ. എന്നാല്‍, പൂര്‍ണമായും ആ കഥയെ അടിസ്ഥാനമാക്കിയുള്ളതുമാണ്.
പുസ്തകത്തിലെ നജീബിന്റെ ഒരു ഫ്രയിമില്‍നിന്ന് സ്ക്രീന്‍ പ്ലേയിലേക്ക് എത്തുന്ന ഒരു നജീബ്. അയാള്‍ക്കു വേണ്ടി എഴുതിവച്ചിരിക്കുന്ന ഡയലോഗുകൾ. ലൊക്കേഷനിലേക്ക് എത്തി പൃഥ്വിയുടെ രൂപമാറ്റത്തിലേക്കു വന്നപ്പോള്‍, ആ കഥാപാത്രത്തിന്റെ ഇൻവോൾവ്മെന്റിൽ ആ ഡയലോഗ് അയാള്‍ക്കു പറയാനാവില്ല എന്നതു ബോധ്യമായപ്പോള്‍ സാഹചര്യത്തിന്റെ സ്വഭാവമനുസരിച്ചു സ്ക്രീൻ പ്ലേ വളര്‍ന്നുകൊണ്ടിരുന്നു. പലപ്പോഴും, എഴുതിവച്ചതല്ല ശരിക്കും ഷൂട്ട് ചെയ്തത്.
മരുഭൂമിയിലെ സ്നേഹം
ഈ സിനിമയില്‍ ഏറ്റവും പ്രിയപ്പെട്ടതായി തോന്നിയത് ആ പുസ്തകത്തിലില്ലാത്ത ഒരു സീനാണ്. മുകളില്‍നിന്നു നോക്കുമ്പോള്‍ നമ്മളും മൃഗങ്ങളുമൊക്കെ ഈശ്വരനെ സംബന്ധിച്ചിടത്തോളം തുല്യരാണെന്ന് മുന്‍പേ എനിക്കു തോന്നിയിരുന്നു. അത്തരത്തില്‍ മൃഗങ്ങള്‍ നമ്മളോട് എങ്ങനെയാണ് ആശയവിനിമയം നടത്തുക എന്നതിന്റെ വലിയ ഒരുദാഹരണമായി ഈ സിനിമയില്‍ വളരെ പ്രാധാന്യമുള്ള റോളില്‍ ഒരു കുഞ്ഞ് ആട്ടിന്‍കുട്ടി അഭിനയിച്ചിട്ടുണ്ട്.
ആ ആട്ടിന്‍കുഞ്ഞ് പിന്നീട് ചത്തുപോയതായി അറിഞ്ഞപ്പോള്‍ വലിയ വേദനയായി. അതിനോടായിരുന്നു മരുഭൂമിയില്‍ എനിക്ക് ഏറ്റവും സ്നേഹം. ഒരാടിന്റെ മനസിലേക്കു കടന്നു ചിന്തിക്കാന്‍ കഴിഞ്ഞല്ലോ, എനിക്ക് അങ്ങനെ എഴുതാനായല്ലോ, മൃഗങ്ങളോടൊപ്പം സഞ്ചരിക്കാന്‍ കഴിഞ്ഞല്ലോ എന്നതൊക്കെയാണ് ഒരു ക്രിയേറ്ററെന്ന രീതിയില്‍ ഞാന്‍ വലുതായി കാണുന്നത്.
ടി.ജി. ബൈജുനാഥ്