ഷാർജ: യുഎഇയിൽ ചികിത്സാ പിഴവുമൂലം മലയാളി നഴ്സ് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരമായി നാലു ലക്ഷം ദിർഹം (ഏകദേശം 78 ലക്ഷം രൂപ) നൽകാൻ ഷാർജ കോടതി വിധി. ഷാർജാ യുണിവേഴ്സിറ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന കൊല്ലം പത്തനാപുരം സ്വദേശിയായ ബ്ലെസി ജോസഫ് ഏബ്രഹാം(32) മരിച്ച സംഭവത്തിലാണ് വിധി.
ഭർത്താവും ദുബായ് നഗരസഭയിൽ ലാബ് അനലിസ്റ്റുമായ ജോസഫ് ഏബ്രഹാമാണു കോടതിയെ സമീപിച്ചത്. യുവതിക്ക് ചികിത്സ നൽകിയ ഷാർജയിലെ ഡോ.സണ്ണി മെഡിക്കൽ സെന്ററും ഡോക്ടർ രാജാറാം പി.നാരായണരയും ചേർന്നാണ് നഷ്ടപരിഹാര തുക നൽകേണ്ടത്.
2015 നവംബറിൽ അണുബാധയെത്തുടർന്നു സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയപ്പോഴാണ് മലയാളി നഴ്സ് ചികിത്സാ പിഴവ് മൂലം മരിച്ചത്. ആന്റിബയോട്ടിക് കുത്തിവയ്പ് നടത്തിയതോടെ അബോധാവസ്ഥയിലായ ബ്ലെസിയെ അൽ ക്വാസിമി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മണിക്കൂറുകൾക്ക് ശേഷം മരിച്ചു. മരുന്നിന്റെ പാർശ്വഫലം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്.
അലി ഇബ്രാഹിം അഡ്വക്കറ്റ്സ് ആൻഡ് ആൻഡ് ലീഗൽ കൺസൾട്ടൻസ് വഴിയായിരുന്നു കേസ് നൽകിയത്. ജൂലൈ 17ന് ഷാർജാ കോടതി നാരായണരയെ കുറ്റക്കാരനായി വിധിച്ചിരുന്നു. സംഭവശേഷം യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് കടന്ന ഡോക്ടറെ ഇന്ത്യൻ മെഡിക്കൽ കൗൺസിന്റെയും ഇന്റർപോളിന്റെയും സഹായത്തോടെ തിരികെയെത്തിക്കുമെന്ന് അഭിഭാഷകൻ പറഞ്ഞു.