തൃശൂർ: അന്ധതയുടെ ദുരിതക്കയത്തിൽ ജീവിതം തള്ളിനീക്കുന്ന കുടുംബം സാന്പത്തിക പരാധീനതകളാൽ നട്ടം തിരിയുന്നു. കുടുംബത്തിലെ മൂന്നുപേരുടെ അന്ധതയിൽ അത്താണിയായിരുന്ന മകൻ അപകടത്തിൽപെട്ടതോടെ നിത്യവൃത്തിക്കു വകയില്ലാത്ത അവസ്ഥയാണ്.
ദുരിതക്കയത്തിൽനിന്നു കരകേറാൻ അന്ധതയെ തോൽപ്പിച്ചു ബിരുദങ്ങൾ നേടിയ മകൾക്കു ഒരു ജോലി ലഭിക്കണമേയെന്ന പ്രാർഥനയിലാണു കുടുംബം. തൃശൂർ ചിറ്റിലപ്പിള്ളി വീട്ടിൽ റപ്പായിയും കുടുംബവുമാണ് സുമനസുകളുടെ സഹായം തേടുന്നത്.
റപ്പായിക്കും (67) രണ്ടു പെണ്മക്കൾക്കും കാഴ്ച ശക്തിയില്ല. കണ്ണുകാണുമെങ്കിലും ശാരീരിക അവശത അനുഭവിക്കുന്ന ഭാര്യ മേരിയാകട്ടെ തൊഴിൽരഹിതയുമാണ്. സ്വകാര്യ ഗ്യാസ് ഏജൻസിയിൽ ജോലിയുണ്ടായിരുന്ന മകൻ റിന്റോയുടെ വരുമാനത്തെ ആശ്രയിച്ചാണു കുടുംബം കഴിഞ്ഞിരുന്നത്.
എന്നാൽ അടുത്തിടെ വീടിനു മുന്നിൽ കാൽതെന്നി വീണു റിന്റോയ്ക്കു പരിക്കേറ്റതോടെ കുടുംബത്തിന്റെ ആകെയുള്ള വരുമാനവും ഇല്ലാതായ അവസ്ഥയാണ്. അപകടത്തിൽ കാൽമുട്ടിനു ഗുരുതര പരിക്കേറ്റ റിന്റോയ്ക്ക് ജോലിയിൽ തിരികേ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ ആഹാരത്തിനു പോലും വക കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ഈ കുടുംബം.
മകൾ റിജി അന്ധതയെ തോൽപിച്ച് എംഎയും ബിഎഡും നേടിയെങ്കിലും ജോലി ലഭിച്ചിട്ടില്ല. പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് നൽകിയ ടോക്കിംഗ് മൊബൈലിന്റെ സഹായത്തോടെ കംപ്യൂട്ടർ ഉപയോഗിക്കാൻ റിജിക്കു കഴിയും.
എന്നാൽ നിരവധി സ്ഥാപനങ്ങളിലെ ഇന്റർവ്യൂകളിൽ പങ്കെടുത്തെങ്കിലും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള റിജി അന്ധതയുടെ പേരിൽ തഴയപ്പെടുകയാണുണ്ടായത്. മരുമകളായ ജിനിയും തൊഴിൽ രഹിതയാണ്. ജിനി ബ്യൂട്ടീഷ്യൻ കോഴ്സ് പാസായിട്ടുണ്ട്. ഇവർക്ക് ആർക്കെങ്കിലും ഒരു ജോലി ലഭിച്ചാൽ കുടുംബത്തിന്റെ സാന്പത്തിക പ്രശ്നങ്ങൾക്കു താത്കാലിക പരിഹാരമായേക്കും.