ചാലക്കുടി: ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. ദേശീയപാതയിലും ടൗണിലും എപ്പോഴും ഗതാഗതക്കുരുക്കാണ്. ദേശീയപാതയിൽ കോടതി ജംഗ്ഷനിലെ അടിപ്പാത നിർമാണത്തിനു വേണ്ടി സർവീസ് റോഡ് അടച്ചുകെട്ടിയതിനെ തുടർന്നുണ്ടായ ഗതാഗതനിയന്ത്രണവും റോഡുകൾ തകർന്നതുമാണ് കാരണം. ഒരു ഭാഗത്തെ സർവീസ് റോഡ് തകർന്നത് മാസങ്ങൾ കഴിഞ്ഞിട്ടും ഗതാഗതയോഗ്യമാക്കിയിട്ടില്ല.
പോട്ട ആശ്രമം ജംഗ്ഷനിലെ സിഗ്നലിനു സമീപം റോഡിൽ വലിയ കുഴിയാണ്. സിഗ്നൽ പച്ചവെളിച്ചം തെളിഞ്ഞ് വാഹനങ്ങൾ കുഴികൾ താണ്ടി കടക്കാൻ താമസം നേരിടുകയാണ്. ടൗണിലൂടെ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. നേരത്തെ റോഡിലെ പാർക്കിംഗ് ആയിരുന്നു പ്രശ്നമെങ്കിൽ ഇപ്പോൾ മെയിൻ റോഡിനരുകിൽ ബീവറേജ് മദ്യശാല സ്ഥാപിച്ചതാണ് ഗതാഗതതടസത്തിന് കാരണമായിരിക്കുന്നത്.
മദ്യശാലയിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങൾ മെയിൻ റോഡിൽ വന്ന് തിരിയുന്നതാണ് ഗതാഗത തടസത്തിന് കാരണമായി മാറിയിരിക്കുന്നത്. ഇവിടെ പോലീസ് ഗതാഗതനിയന്ത്രിക്കുന്നുണ്ടെങ്കിലും ഗതാഗതതടസം മാറ്റാൻ ആകുന്നില്ല.