കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ അനധികൃത പാർക്കിംഗിനെതിരേ പോലീസ് രംഗത്ത്്. പേട്ടക്കവല മുതൽ കുരിശു കവല വരെയുള്ള പാതയോരത്തെ അനധികൃത പാർക്കിംഗിനെതിരേയാണ് നടപടി തുടങ്ങിയത്. കാഞ്ഞിരപ്പള്ളിയിൽ അനധികൃത പാർക്കിംഗ് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് വീണ്ടും പോലീസ് നടപടിക്രമങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഫുട്പാത്തുകളിലും നിരോധിത മേഖലയിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെയാണ് പോലീസ് മുഖം നോക്കാതെ പിഴയീടാക്കുന്നത്.
ജില്ല പോലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് അനധികൃത പാർക്കിംഗിനെതിരെയുള്ള പോലീസിന്റെ നടപടി. പേട്ടക്കവല മുതൽ കുരിശുകവലവരെയുള്ള പാതയോരത്തെ അനധികൃത പാർക്കിംഗിനെതിരേയാണ് രണ്ടു ദിവസമായി പോലീസ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഇവിടെ റോഡിന്റെ ഒരു വശത്ത് മാത്രമായി പാർക്കിംഗ് നിജപ്പെടുത്തിയിട്ടുണ്ട്. ഇടതുവശത്തെ പാർക്കിംഗ് പൂർണ്മായും നിരോധിച്ചു.
കൂടാതെ വളവുകളിലും സിവിൽ സ്റ്റേഷന്റെ മുൻവശത്തുമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരേയും നടപടി സ്വീകരിച്ചു തുടങ്ങി. പോലീസുകാർ നിരന്തരം ഇതുവഴി സഞ്ചരിച്ച് അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്നുണ്ട്. ഉടമകളെ കണ്ടെത്താനായില്ലെങ്കിൽ ഇത്തരം വാഹനങ്ങളിൽ നോട്ടിസ് പതിപ്പിക്കും.
വരും ദിവസങ്ങളിലെല്ലാം പരിശോധന ശക്തമാക്കുവാനാണ്് പോലീസിന്റെ തീരുമാനം. നേരത്തെ നോ പാർക്കിംഗ് ബോർഡുകൾക്ക് കീഴെ പോലും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് പതിവ് കാഴ്ചയായിരുന്നു. കൂടാതെ പാതയോരത്ത് വാഹനങ്ങൾ നിർത്തിയിട്ടശേഷം ദൂരെ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നവർ വരെ ഉണ്ടായിരുന്നു.
പോലീസിനെയും വാഹനയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കിയിരുന്ന കാഞ്ഞിരപ്പള്ളിയിലെ ഗതാഗതക്കുരുക്കഴിക്കാൻ പോലീസ് രംഗത്തെത്തിയതോടെ ഇത്തരം പാർക്കിംഗ് ഇല്ലാതാവുകയും ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.