മണ്ണാർക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാത ആൽത്തറ ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം. നാട്ടുകൽ മുതൽ താണാവുവരെ ദേശീയപാത വികസന നടക്കുന്പോഴും ഇവിടെ റോഡിന്റെ വീതിക്കുറവുമൂലം ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല.
നാട്ടുകൽ മുതൽ അന്പതുകിലോമീറ്ററോളം ദൂരമാണ് പാത ആധുനികരീതിയിൽ നാലുവരിയാക്കുന്നത്. എന്നാൽ ആൽത്തറ ജംഗ്ഷനിൽ ഇരുവശത്തും വ്യാപാര സ്ഥാപനങ്ങളുള്ളതിനാൽ റോഡ് വീതികുറഞ്ഞ നിലയിലാണ്. ഇവിടെയുള്ളവർ യഥാർഥ പട്ടയമുള്ള പരന്പരാഗത താമസക്കാരായതാണ് വികസനത്തിനു തടസം.
ഓപ്പറേഷൻ അനന്തപദ്ധതിയുടെ ഭാഗമായി അനധികൃത കൈയേറ്റം ഒഴിപ്പിച്ചിരുന്നു. ദേശീയപാത വിഭാഗം അനുമതി നല്കുകയും ഇതനുസരിച്ച് സ്ഥലം ഏറ്റെടുക്കുകയും ചെയ്താൽ മാത്രമേ ആൽത്തറ ഭാഗത്ത് വീതിയുണ്ടാകൂ. ദേശീയപാത കടന്നുപോകുന്ന മണ്ണാർക്കാട് നഗരത്തിലെ പലയിടത്തും ഇതുതന്നെയാണ് സ്ഥിതി.
ദേശീയപാതയുടെ വീതിക്കുറവുമൂലം വാഹനങ്ങൾക്കു കടന്നുപോകാൻ ബുദ്ധിമുട്ട് നേരിടുകയാണ്. മണ്ണാർക്കാട് ബൈപാസ് പ്രഖ്യാപിച്ചെങ്കിലും നടപടികളൊന്നുമായിട്ടില്ല. ബൈപാസ് യാഥാർഥ്യമായാൽ മാത്രമേ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരമാകൂ.