മണ്ണാർക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാത മണ്ണാർക്കാട് കോടതിപ്പടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന ഇവിടെ കഴിഞ്ഞദിവസങ്ങളിൽ പതിനഞ്ചുമിനിറ്റുവരെ ഗതാഗതക്കുരുക്കുണ്ടായി.മുനിസിപ്പൽ മജിസ്ട്രേട്ട് കോടതി, വിവിധ കോളജുകൾ, ദേവാലയങ്ങൾ, താലൂക്ക്് ഓഫീസ് ഉൾപ്പെടുന്ന മിനി സിവിൽസ്റ്റേഷൻ എന്നിവയെല്ലാം പ്രവർത്തിക്കുന്നത് കോടതിപ്പടിയിലാണ്. ഇതും തിരക്കു വർധിക്കാൻ കാരണമാകുന്നു.
വാഹനങ്ങൾ കോടതി റോഡിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്പോൾ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. ഗതാഗതക്കുരുക്ക് സമീപത്തെ ആശുപത്രിയുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. നഗരത്തിലെ റോഡുപണിമൂലം മിക്ക വാഹനങ്ങളും നിലവിൽ ടൗണിലേക്ക് കയറാതെ ബൈപാസ് വഴി തിരിഞ്ഞുപോകുകയാണ്.
ഒഴിച്ചുകൂടാനാകാത്തവർ നഗരത്തിലെത്തുന്നതോടെ കുരുക്കിൽ അകപ്പെടുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ദേശീയപാത വികസനം മണ്ണാർക്കാട് മേഖലയിൽ വേഗത്തിലാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അല്ലാത്തപക്ഷം വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള ഏറെയാണ്. രാവിലെ എട്ടുമുതൽ തുടങ്ങുന്ന ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീളും. ട്രാഫിക് പോലീസിനു ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.