ഒറ്റപ്പാലം: നഗരസഭാ ബസ് സ്റ്റാൻഡ് അടച്ച് ഒരാഴ്ചയായതോടെ നഗരത്തിലെത്തുന്നവർ വലയുന്നു. ബസുകളും വാഹനങ്ങളും കാൽനടയാത്രക്കാരും സമരക്കാരുമൊക്കെയായി നഗരം വീർപ്പുമുട്ടുകയാണ്. ഈസ്റ്റ് ഒറ്റപ്പാലത്തുനിന്നും നഗരത്തിൽ വാഹനവ്യൂഹം എത്തുന്നത് ഒച്ചിഴയുന്ന സ്ഥിതിയിലാണ്.
നൂറുക്കണക്കിനു സ്വകാര്യവാഹനങ്ങളാണ് ഒറ്റപ്പാലംവഴി ദിനംപ്രതി കടന്നുപോകുന്നത്. ഇതുമൂലം പാലക്കാട്- ഗുരുവായൂർ, ഒറ്റപ്പാലം-ഷൊർണൂർ എന്നീ റൂട്ടുകളിലേക്ക് ബസ് കയറാനും ഇറങ്ങാനും ബുദ്ധിമുട്ടേറെയാണ്. ഇതിനു പുറമേ ഒറ്റപ്പാലം- മായന്നൂർവഴിയുള്ള ബസുകളും നഗരത്തിലെ വാഹനത്തിരക്ക് വർധിപ്പിക്കുകയാണ്.
ഈ ബസുകളെല്ലാം നഗരത്തിനുള്ളിൽ വന്നാണ് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. ഇതിനിടെ കിഴക്കും പടിഞ്ഞാറുമായി രണ്ട് ഓട്ടോസ്റ്റാൻഡുകളുള്ളതും നഗരത്തെ ഏറെ ബുദ്ധിമുട്ടിക്കുന്നു. നഗരത്തിലെത്തുന്നവർക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു ബസ് ലഭിക്കാത്ത സ്ഥിതിയുമുണ്ട്.
ബസ് സ്റ്റാൻഡ് തുറക്കാൻ ഇനിയും മൂന്നുദിവസം കഴിയണം. ഇന്റർലോക്ക് കട്ടകൾ പാകുന്നതിനാണ് വേണ്ടിയാണ് ബസ് സ്റ്റാൻഡ് അടച്ചിട്ടത്. പോലീസ് ട്രാഫിക് നിയന്ത്രിക്കുന്നുണ്ടെങ്കിലും റോഡുകളുടെ വീതികുറവും പ്രതിസന്ധിയുണ്ടാക്കുന്നു.