പൂച്ചാക്കൽ: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളിൽ ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്ന ബ്ലോക്ക് പ്ലാന്റേഷൻ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു. ഏകദേശം മൂന്നുവർഷം കൊണ്ടു പൂർത്തിയാക്കേണ്ട പദ്ധതി ഏഴുമാസം പൂർത്തിയാകും മുന്പ് ഉപേക്ഷിച്ചു.
പദ്ധതി നടപ്പിലാക്കാത്തതുമൂലം ലക്ഷങ്ങൾ നഷ്ടമായെന്നും ആക്ഷേപം. ഫലവൃക്ഷത്തൈകൾ നട്ട സ്ഥലം ജെസിബി ഉപയോഗിച്ച് വൃത്തിയാക്കി അടുത്ത പദ്ധതിക്കായി തയാറെടുക്കുകയാണ് എന്ന് നാട്ടുകാർ പറയുന്നു.
പെരുന്പളം പഞ്ചായത്തിലെ പതിമൂന്നു വാർഡുകളിലായി 29 ലക്ഷം രൂപയോളമാണ് പദ്ധതിക്കായി ചെലവാക്കിയത്. ഇതിൽ ചില വാർഡുകൾ ഒഴികെ ഭൂരിഭാഗം വാർഡുകളിലും പദ്ധതി ഉപേക്ഷിച്ച മട്ടാണ്.
പെരുന്പളം പഞ്ചായത്ത് ഒന്പതാം വാർഡ് അരയുകുളങ്ങര ന്യു സൗത്ത് റോഡിൽ ധർമേടത്ത് (കൊട്ടങ്ങാപറന്പ്) സ്വകാര്യ വ്യക്തിയുടെ 50 ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കിയത്. പഞ്ചായത്ത് 2019-2020 വാർഷിക പദ്ധതിയിൽപ്പെടുത്തി കഴിഞ്ഞ ജനുവരിയിലാണ് പദ്ധതി തുടങ്ങിയത്.
1200 ഓളം ഫലവൃക്ഷത്തൈകളും ഒൗഷധസസ്യങ്ങളും തൊഴിലുറപ്പു തൊഴിലാളികളെ നിർത്തിയാണ് പ്രദേശത്ത് നട്ടുപിടിപ്പിച്ചത്. എന്നാൽ, തൊഴിലുറപ്പ് തൊഴിലാളികൾക്കു വേതനം കൃത്യമായി ലഭിക്കാത്തതിനാൽ പ്രവൃത്തി പാതിവഴിയിൽ നിർത്തിവച്ചിരിക്കുകയായിരുന്നു.
പദ്ധതിക്കായി വിട്ടുതരുന്ന സ്ഥലം സ്ഥല ഉടമയുമായി കുറഞ്ഞത് മൂന്നുവർഷത്തേക്കു പദ്ധതി പൂർത്തികരണത്തിനായി കരാർ എഴുതണം. എന്നാൽ, ഉടമയുമായി കരാർ വച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. നട്ടുവളർത്തിയ ഫലവൃക്ഷത്തൈകൾ യഥാസമയം പരിപാലിക്കാത്തതിനാൽ ഉണങ്ങിപ്പോയി.
ഇപ്പോൾ അവിടെയാണ് ജെസിബി ഉപയോഗിച്ച് വൃത്തിയാക്കി സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുവാനാണ് സ്ഥലമുടമ തയാറാകുന്നത്. ലക്ഷങ്ങൾ മുടക്കിയ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ച നടപടിക്കെതിരേയാ ണ് നാട്ടുകാർ രംഗത്തുവന്നിരിക്കുന്നത്.