തൃശൂർ: സബ് വേ നിർമാണത്തിനായി പോസ്റ്റോഫീസ് റോഡിൽ നിന്ന് എംഒ റോഡിലേക്കുള്ള ഗതാഗതം തടഞ്ഞുവച്ചിരുന്നത് മാറ്റാതെ ഗതാഗതം തുറന്നുകൊടുത്തത് കൂടുതൽ കുരുക്കായി മാറി. സബ്വേ നിർമാണത്തിനായാണ് പോസ്റ്റോഫീസ് റോഡിൽ നിന്ന് എംഒ റോഡിലേക്ക് കയറുന്ന ഭാഗത്ത് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നത്.
ഇതോടെ ഈ ഭാഗത്ത് വാഹന പാർക്കിംഗും ആരംഭിച്ചു. എന്നാൽ സബ് വേയുടെ മുകളിലൂടെ ഗതാഗതം തുറന്നു കൊടുത്തെങ്കിലും ഈ തടസം നീക്കാത്തതിനാൽ എംഒ റോഡിലും പോസ്റ്റോഫീസ് റോഡിലും പട്ടാളം കുപ്പിക്കഴുത്തിന്റെ ഭാഗത്തും വൻ ഗതാഗത കുരുക്കാണ്. വാഹനങ്ങളുടെ എണ്ണം ഇരട്ടിയായതും പൂരത്തിന് സ്വരാജ് റൗണ്ടിൽ പന്തൽ പണികൾ പുരോഗമിക്കുന്നതും ഗതാഗത കുരുക്കിന് കാരണമായിട്ടുണ്ട്.
എവിടെയെങ്കിലും ഉള്ള നിസാര തടസങ്ങളും ആളുകളെ കയറ്റാൻ ഓട്ടോറിക്ഷ നിർത്തുന്നതുവരെ നഗരത്തിൽ കുരുക്ക് മുറുക്കുന്ന സാഹചര്യമാണ്. എന്നിട്ടും വലിയ തടസങ്ങൾ നീക്കാതെ നഗരം കുരുങ്ങിയിട്ടും പോലീസ് യാതൊരു നടപടിയുമെടുക്കുന്നില്ല. പട്ടാളം കുപ്പിക്കഴുത്തിലൂടെ കടന്നു പോകാൻ എല്ലാ ഭാഗത്തു നിന്നും വാഹനങ്ങൾ വന്ന് എങ്ങോട്ടും പോകാനാകാതെ കുരുക്കായി മാറിക്കൊണ്ടിരിക്കയാണ്.
എല്ലാ തടസങ്ങളും നീക്കി എംഒ റോഡിലേക്ക് ഗതാഗതം സുഗമമാക്കിയാൽ ചെറിയ തോതിലെങ്കിലും കുരുക്കഴിക്കാൻ സാധിക്കും. ഇപ്പോൾ നഗര മധ്യത്തിലെ റോഡിൽ തന്നെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ പോലീസ് അവസരം ഉണ്ടാക്കി കൊടുക്കുകയാണ്. ഇതോടെ കുരുക്ക് ഇല്ലാതാക്കാൻ ആർക്കും കഴിയുന്നില്ല.
നഗരത്തിലെ ഒട്ടുമിക്ക റോഡുകളും പൊളിച്ചിട്ടിരിക്കുന്നതിനാൽ എല്ലായിടത്തും കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇതിനെല്ലാം പുറമേ കാനകളുടെ സ്ലാബുകളും വാർത്തിട്ടിരിക്കയാണ്. ഇതിലൂടെയും ആളുകൾക്ക് നടക്കാൻ സാധിക്കുന്നില്ല. പൂരത്തിനു മുന്പ് നഗരം പഴയ രീതിയിലാക്കാൻ ഇനി സാധിക്കില്ല. ഇതോടെ ഗതാഗത കുരുക്കും റോഡിലെ മണ്ണും കുഴികളും കാനകൾ തുറന്നിട്ടതുമൊക്കെ അതു പോലെ തന്നെ ഉണ്ടാകുമെന്ന് പറയുന്നു. പൂരത്തിനെത്തുന്നവർക്ക് ദുരിതം നൽകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കോർപറേഷൻ ഭരണാധികാരികൾ കാര്യമായ നടപടികളും എടുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.