കോവിഡ് മഹാമാരി പലരുടെയും ജീവിതമാര്‍ഗം വഴിമുട്ടിച്ചപ്പോള്‍ പുതിയ ചില വഴികള്‍ തുറക്കുകയും കൂടി ചെയ്തു.
സാംസ്കാരികപരമായും ആചാരപരമായും മുമ്പില്‍ നില്ക്കുന്ന ഇന്ത്യയില്‍ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ ചെറുതല്ല.
ഈ മാറ്റം ഇന്ത്യയിലെ എല്ലാത്തരത്തിലുള്ള ചടങ്ങുകളിലും പ്രതിഫലിച്ചിരുന്നു.
എന്നാല്‍ കോവിഡ് ചിന്തകളില്‍ മാറ്റം വരുത്തിയതോടെ വിവാഹചടങ്ങില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് പൂനെയിലെ ദമ്പതികള്‍.
ഓപ്പണ്‍സീ പ്ളാറ്റ്ഫോമിലെ ബ്ളോക്ക് ചെയിന്‍ ടെക്നോളജിയിലൂടെ വിവാഹിതരായ ഇന്ത്യയിലെ ആദ്യത്തെ ദമ്പതികള്‍ എന്ന നേട്ടമാണ് പൂനെയില്‍ നിന്നുള്ള ശ്രുതി നായരും അനില്‍ നരസിപുരവും സ്വന്തമാക്കിയിരിക്കുന്നത്.
തങ്ങളുടെ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ഡിജിറ്റല്‍ പുരോഹിതനായ അനൂപ് പക്കിയുടെ സാന്നിധ്യത്തിലാണ് ഇരുവരും വിവാഹിതരായത്. നവംബര്‍ 15ന് ഇരുവരും രജിസ്റ്റര്‍ മാര്യേജിലൂടെ വിവാഹിതരായിരുന്നു.
തങ്ങളുടെ ബന്ധത്തെ ബ്ളോക്ക് ചെയിന്‍ ടെക്നോളജിയിലൂടെ അനശ്വരമാക്കുന്നുവെന്ന് അനില്‍ ലിങ്ക്ഡ്ഇന്‍ ആപ്പില്‍ കുറിച്ചു.
മാത്രമല്ല ഓപ്പണ്‍സീയില്‍ തയ്യാറാക്കിയ എന്എഫ്ടിയിലൂടെ തങ്ങളുടെ വിവാഹം ഔദ്യോഗികമാക്കിയെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു.
നോണ്‍ ഫംഗബിള്‍ ടോക്കണ്‍ അഥവാ എന്‍എഫ്ടി ഉടമസ്ഥന്റെ ഒപ്പ് ഉപയോഗിച്ച് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്ന ഒരു ഡിജിറ്റല്‍ ടോക്കണ്‍ ആണ്. ഇത് ഉടമസ്ഥതയെ കൂടുതല്‍ ആധികാരികമാക്കുന്നു.
താനും ഭാര്യയും മെറ്റാമാസ്ക് വാലെറ്റുകള്‍ തയ്യാറാക്കിയെന്നും ഡിജിറ്റല്‍ പുരോഹിതന് എന്‍എഫ്ടിക്ക് രൂപം നല്‍കിയെന്നും അനില്‍ പറഞ്ഞു.
ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും 15 മിനിട്ട് നീണ്ടുനിന്ന ചടങ്ങ് ഗൂഗിള്‍ മീറ്റിലൂടെ തത്സമയം വീക്ഷിക്കുകയും ചെയ്തിരുന്നു.
ഡിജിറ്റല്‍ പുരോഹിതന്റെ ആശീര്‍വാദം സ്വീകരിച്ചതിന് പിന്നാലെ അനില്‍ പുരോഹിതന് നല്കിയ എന്‍ എഫ് ടി ശ്രുതിയുടെ ഡിജിറ്റല്‍ വാലറ്റിലേയ്ക്ക് കൈമാറുകയായിരുന്നു.
സമാന രീതിയിലെ ഡിജിറ്റല്‍ വിവാഹങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലായി നടന്നിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള ദിനേശ് എസ് പിയും ജനഗനന്ദിനിയും മെറ്റാവേഴ്സിലൂടെയാണ് വിവാഹിതരായത്.
വധുവിന്റെ മരണപ്പെട്ട പിതാവ് ഡിജിറ്റല്‍ അവതാര്‍ രൂപത്തില്‍ കല്യാണ ചടങ്ങില്‍ നിറഞ്ഞിനില്ക്കുകയും ചെയ്തു.
കൂടാതെ കൊല്‍ക്കത്തയില്‍ നിന്നുള്ള ദമ്പതികള്‍ ഗൂഗിള്‍ മീറ്റിലെ 400 അതിഥികളുടെ സാന്നിധ്യത്തില്‍ വിവാഹിതരായതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.