കോഴിക്കോട്: ഇ-ബുള്‍ ജെറ്റ് യൂട്യൂബ് ചാനല്‍ വ്ളോഗര്‍മാര്‍ക്കെതിരേ നടപടി സ്വീകരിച്ചതിനു പിന്നാലെ സംസ്ഥാനവ്യാപക പരിശോധനയുമായി മോട്ടോര്‍ വാഹനവകുപ്പ് . ടൂറിസ്റ്റ് ബസുകളും ടാക്സികളുമുള്പ്പെടെ നിരത്തിലിറങ്ങുന്ന വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്താനാണു തീരുമാനം.
ഇ-ബുള്‍ ജെറ്റിനെതിരേ ആസൂത്രിതമായി മോട്ടോര്‍വാഹനവകുപ്പ് നടപടി സ്വീകരിച്ചതാണെന്ന ആരോപണം നിലനില്‍ക്കെയാണ് നിയമലംഘനം എവിടെ ശ്രദ്ധയില്‍പ്പെട്ടാലും നടപടി സ്വീകരിക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചത്.
ഇ-ബുള്‍ ജെറ്റിനെതിരേ നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം.ആര്. അജിത്കുമാര്‍ ദീപികയോടു പറഞ്ഞു.
പരാതികള്‍ ലഭിക്കുകയും നിയമലംഘനം കണ്ടെത്തുകയും ചെയ്താല്‍ ഏതു വാഹനമായാലും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളും മറ്റും പലയിടത്തും തുറന്നിട്ടുണ്ട്.
വിവാഹവും മറ്റു ചടങ്ങുകളും നിയന്ത്രണങ്ങളോടെ നടത്താനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യക്കാരെ ആകര്‍ഷിപ്പിക്കും വിധത്തില്‍ ചില ടൂറിസ്റ്റ് വാഹനങ്ങള്‍ രംഗത്തുണ്ട്.
ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാനാണ് മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചത്.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ വ്യാപക പരിശോധന നടത്താനും നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയതായി ഉത്തരമേഖലാ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്.രാജീവ് പറഞ്ഞു. ഓട്ടോകള്‍ മുതല്‍ നിരത്തിലിറങ്ങുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും .