ആലുവ: വീടുകളുടെ സിറ്റൗട്ടിലും മുറ്റത്തും വ്യാപകമായി രക്തം കണ്ടെത്തിയതു പ്രദേശവാസികളെ ആശങ്കയിലാക്കി. കീഴ്മാട് പഞ്ചായത്തിലെ മൂന്നാം വാർഡായ കീരംകുന്നിൽ വ്യാഴാച പുലർച്ചയാണ് എട്ടു വീടുകളുടെ പരിസരത്തു രക്തം കട്ടപിടിച്ചനിലയിൽ കണ്ടത്. പഴങ്ങാടി റോഡിലും രക്തപ്പാടുകൾ കാണപ്പെട്ടു. വലിയ മൃഗത്തിന്റേതെന്ന രീതിയിൽ കാൽപാടുകളും കണ്ടെത്തിയിട്ടുണ്ട്.
താഴത്തങ്ങാടി കുഞ്ഞിക്കൊച്ച്, പള്ളിക്കുഴി റസിയ അബ്ദുൽ ഖാദർ, കുഞ്ഞുമുഹമ്മദ് പൂഴിത്തറ, അഷറഫ് നടുക്കുടി, നാസർ പൂഴിത്തറ, അബ്ദുള്ള ചേരിൽ, കാസിം പുല്ലാട്ടുഞാലിൽ എന്നിവരുടെ വീടുകളിലും സിദ്ദീഖിന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലുമാണു രക്തം കണ്ടത്. എസ്ഐ അരുണിന്റെ നേതൃത്വത്തിൽ ആലുവ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
രക്തത്തിന്റെ സാമ്പിൾ കെമിക്കൽ റീജണൽ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ മുറിവേറ്റ നായയുടെ ചോരയാകാമെന്നാണു പോലീസ് നിഗമനം. അതിനിടെ സമീപത്തെ ചവറുകൂനയിൽനിന്ന് ഒരു മൊബൈൽ ഫോൺ നാട്ടുകാർ കണ്ടെത്തിയതും പോലീസ് അന്വേഷിക്കുന്നുണ്ട്. ഫോണിൽ ബുധനാഴ്ച രാത്രി ഒരു നമ്പറിൽനിന്ന് 28 ഓളം മിസ്ഡ് കോളുകൾ വന്നിരുന്നു.
കോൾ വന്ന നമ്പറിന്റെ പേര് ബംഗാൾ സ്വദേശിനിയുടേതാണെന്ന സംശയിച്ചതിനാൽ മറ്റൊരു ബംഗാൾ സ്വദേശിയെകൊണ്ട് ആ നമ്പറിലേക്ക് തിരിച്ചു വിളിപ്പിച്ചു. ഫോൺ എടുത്ത സ്ത്രീ, നാട്ടുകാർക്ക് കിട്ടിയ ഫോണിലെ സിം കാർഡ് ഉപയോഗിക്കുന്ന ആളുടെ ഭാര്യയാണെന്നും അദ്ദേഹം ബംഗാളിൽ തന്നെ ഉണ്ടെന്നുമാണു പറഞ്ഞത്. സൈബർ സെല്ലിന് ഫോൺ കൈമാറിയിട്ടുണ്ട്.