കണ്ണൂർ: ഗ്രാമപ്രദേശങ്ങളിൽ രക്തബാങ്കിന്റെ സേവനം ലഭ്യമാക്കുന്നതിനായി ആരംഭിച്ച ബ്ലഡ് ഓൺ വീൽ കട്ടപ്പുറത്ത്. കഴിഞ്ഞ ഡിസംബർ ഒന്നിന് ഉദ്ഘാടനം ചെയ്ത സഞ്ചരിക്കുന്ന ബ്ലഡ് ബാങ്ക് മൂന്നുമാസം പിന്നിട്ടിട്ടും ചലിപ്പിക്കാൻ അധികൃതർക്കായില്ല. സംസ്ഥാനത്ത് ആദ്യമായി കണ്ണൂരിലാണ് പദ്ധതി തുടങ്ങിയത്. രക്തം നൽകുന്പോൾ ഈടാക്കേണ്ട ഫീസ് തീരുമാനിക്കാത്തതും പ്രവർത്തനത്തിന് ആവശ്യമായ ടെക്നീഷൻ ഇല്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. ഒന്പതു ലക്ഷം രൂപ ചെലവഴിച്ചാണ് ആംബുലൻസിൽ രക്തബാങ്കിന് ആവശ്യമായ ഉപകരണങ്ങൾ സജ്ജീകരിച്ചത്.
അടിയന്തരസഹാചര്യങ്ങളിൽ മലയോര മേഖലകളിൽ ഉൾപ്പെടെ രക്തം എത്തിക്കാനുള്ള സംവിധാനമാണ് സഞ്ചരിക്കുന്ന രക്തബാങ്കിലൂടെ ലക്ഷ്യമിട്ടിരുന്നത്. എല്ലാ ഗ്രൂപ്പുകളിലുള്ള രക്തവും വാഹനത്തിൽ എത്തിച്ച് നൽകാനായിരുന്നു കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്തസംരംഭമായി പദ്ധതി ആരംഭിച്ചത്. എന്നാൽ, ഇതിന്റെ പ്രയോജനം ജില്ലയിൽ ആർക്കും ലഭിച്ചിട്ടില്ല. രാത്രികാലങ്ങളിൽ വാഹനത്തിന്റെ സേവനം ഏറെ ഉപകാരപ്രദമാകുമായിരുന്നു.
സംസ്ഥാനത്ത് 167 രക്തബാങ്കുകളാണുള്ളത്. ഇതിൽ 39 എണ്ണം മാത്രമാണ് സർക്കാർ മേഖലയിലുള്ളത്. സ്വകാര്യ മേഖലയിൽ 800 രൂപ ഈടാക്കുന്പോൾ ജില്ലാശുപത്രിയിലെ ബ്ലഡ് ബാങ്കിൽ 300 രൂപയ്ക്കാണ് രക്തം നൽകുന്നത്. സഞ്ചരിക്കുന്ന ബ്ലഡ് ബാങ്ക് പ്രവർത്തിപ്പിക്കാൻ അധികൃതരുടെ അടിയന്തര ഇടപെടൽ കാത്തിരിക്കുകയാണ് കണ്ണൂർ ജില്ലാശുപത്രിയിലെ ബ്ലഡ് ബാങ്ക് അധികൃതർ.