പാലാ: ബ്ലഡ് ബാങ്കിൽ രക്തം സ്റ്റോക്ക് ഇല്ല, രക്തദാതാക്കളെ തെരഞ്ഞുള്ള നെട്ടോട്ടം തുടരുന്നു. ബ്ലഡ് ബാങ്കുകൾ മിക്കവയും കാലിയായി തുടങ്ങി.
ആവശ്യത്തിനു രക്തം നൽകാൻ കഴിയാതെ പ്രയാസപ്പെടുന്നുവെന്നു പാലാ ബ്ലഡ് ഫോറം ഭാരവാഹികൾ വ്യക്തമാക്കുന്നു. എല്ലാ ആശുപത്രികളിലെയും സ്ഥിതി ഇതു തന്നെയാണ്.
കോവിഡ് വ്യാപനത്തിനു ശേഷം രക്തദാനത്തിന് ആളുകൾ പൊതുവേ തയാറാകുന്നില്ല എന്നതാണ് പ്രശ്നം.അപകട കേസുകളിലെയും ബൈപ്പാസ് സർജറിപോലെ കൂടുതൽ രക്തം ആവശ്യമായി വരുന്ന സർജറികൾക്കു വിധേയരാകേണ്ട കേസുകളിലെയും രോഗികളുടെ ബന്ധുക്കൾ രക്തത്തിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയാണുള്ളത്.
രക്തം ആവശ്യമുള്ള രോഗിക്ക് എത്രയും പെട്ടെന്നു രക്തം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പത്തു വർഷങ്ങൾക്കു മുന്പ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ സന്നദ്ധ രക്തദാന സമിതി, കേരളാ സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി, കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ചതാണ് പാലാ ബ്ലഡ് ഫോറം.
തുടക്കത്തിൽ 5000 അംഗങ്ങളുണ്ടായിരുന്ന ഫോറത്തിൽ സജീവ അംഗങ്ങളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ അംഗത്വം പുതുക്കാനും പുതിയ അംഗങ്ങളെ ചേർക്കുവാനും തീരുമാനിച്ച് പാലാ ബ്ലഡ് ഫോറം.
കോവിഡുമൂലം രണ്ടു വർഷമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ അവസ്ഥ വളരെ ഗുരുതരമാണ്.
സഹായം തേടുന്ന 85 ശതമാനം ആളുകളെയും സഹായിച്ചുകൊണ്ടിരുന്ന സാഹചര്യമുണ്ടായിരുന്നിടത്ത് ഇപ്പോൾ 30 ശതമാനം ആളുകളെപ്പോലും സഹായിക്കുവാൻ കഴിയുന്നില്ലെന്നും പാലാ ബ്ലഡ് ഫോറം ചെയർമാനും പാലാ എഎസ്പിയുമായ പി. നിധിൻരാജും ജനറൽ കണ്വീനർ ഷിബു തെക്കേമറ്റവും അറിയിച്ചു.
18 വയസിനും 60 വയസിനും ഇടയിലുള്ള 50 കിലോഗ്രാമിന് മുകളിൽ തൂക്കമുള്ള ആരോഗ്യമുള്ള സ്ത്രീ-പുരുഷ ഭേദമന്യേ ആർക്കും രക്തം ദാനം ചെയ്യാവുന്നതാണ്. മൂന്നു മാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യുവാൻ സാധിക്കും.
ഓരോ രക്തദാതാവിനും ഓരോ തവണ രക്തം ദാനം ചെയ്യുന്പോഴും 1200 രൂപയുടെ ടെസ്റ്റുകൾ സൗജന്യമായി ലഭിക്കുന്നതുൾപ്പടെ ഒരു സ്വയം ഹെൽത്ത് ചെക്കപ്പ് കൂടി ലഭിക്കുന്നുണ്ട്. കൂടുതൽ ആളുകളും സംഘടനകളും മുന്പോട്ടു വരണമെന്നും അവർ അഭ്യർത്ഥിച്ചു. 9447043388, 7907173944.