ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രക്ത ബാങ്കിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതു മൂലം രോഗികൾക്ക് യഥാസമയം രക്തം നൽകുവാൻ കഴിയാതെ ബുദ്ധിമുട്ടുന്നു. ആവശ്യത്തിന് ടെക്നീഷ്യന്മാരില്ല. പ്രഫസർ, ഡോക്ടർമാർ എന്നിവരുടെ ഒഴിവുകളും നികത്തപ്പെടുവാനുണ്ട്.
ആവശ്യത്തിന് ജീവനക്കാരും പ്രഫസറും, ഡോക്ടറുമുള്ള തിരുവനന്തപുരം മെഡിക്കൽ കോളജിനേക്കാൾ കൂടുതൽ രക്ത ശേഖരണം കോട്ടയത്താണ് നടത്തുന്നത്. കോട്ടയം മെഡിക്കൽ കോളജിനേക്കാൾ ഇരട്ടിയിലധികം ടെക്നീഷ്യന്മാരും ഡോക്ടർമാരും ഉള്ള ആലപ്പുഴ, തൃശൂർ മെഡിക്കൽ കോളജുകളിൽ കോട്ടയം മെഡിക്കൽ കോളജിനേക്കാൾ പകുതിയിൽ താഴെ മാത്രമേ രക്തശേഖരണവും, പരിശോധനകളും നടക്കുന്നുള്ളൂ.
രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഇപ്പോഴത്തെ പ്രവർത്തന സമയം. പ്രഫസറെയും ടെക്നീഷ്യൻമാരെയും നിയമിച്ചാൽ പ്രവർത്തനസമയം വർധിപ്പിക്കുവാനും ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് പ്രയോജനപ്പെടുത്തുവാനും കഴിയും.
നിരവധി വികസന പദ്ധതികൾ പൂർത്തീകരിക്കുകയും പുതിയ പദ്ധതികളുടെ നിർമാണോദ്ഘാടനം നടത്തുകയും ചെയ്യുന്പോൾ രക്ത ബാങ്കിലേക്ക് ആവശ്യമുള്ള ജീവനക്കാരെയും ഡോക്ടർമാരെയും നിയമിക്കുന്നതിനുള്ള നടപടിയുണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് മെഡിക്കൽ കോളജ് രക്ത ബാങ്ക് വിഭാഗം.