പാലക്കാട്: തേങ്കുറുശിയിൽ കൊല്ലപ്പെട്ട അനീഷി(27)ന്റെ ഭാര്യാപിതാവ് പ്രഭുകുമാർ കസ്റ്റഡിയിൽ. കൊല നടത്തി ഒളിവിൽപ്പോയ ഇയാൾ കോയന്പത്തൂരിലെ ബന്ധുവീട്ടിൽവച്ചാണ് പോലീസിന്റെ പിടിയിലായത്.
കൊലപാതകമുണ്ടായ ഇന്നലെതന്നെ അനീഷിന്റെ ഭാര്യയുടെ അമ്മാവൻ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എലമന്ദം സ്വദേശിയായ അനീഷിന്റേത് ദുരഭിമാനക്കൊലയാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
പ്രഭുകുമാർ, സുരേഷ് എന്നിവരിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചശേഷമേ ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണം ഉണ്ടാകൂ എന്ന് പോലീസ് അധികൃതർ അറിയിച്ചു.
പ്രഭുകുമാർ നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നതായി അനീഷിന്റെ സഹോദരൻ അരുണ്‍ പറഞ്ഞു. ഭീഷണിയെക്കുറിച്ച് പരാതി നൽകിയിട്ടും പോലീസ് അന്വേഷിച്ചിരുന്നില്ലെന്നാണ് ആരോപണം.
മൂന്നുമാസമേ മഞ്ഞച്ചരടിനു മൂല്യമുണ്ടാകൂ എന്ന് പ്രഭുകുമാർ മകൾ ഹരിതയോട് ഭീഷണിപ്പെടുത്തിയിരുന്നതായി അനീഷിന്റെ സഹോദരൻ പറയുന്നു.
മൂന്നുമാസം മുന്‍പാണ് അനീഷിന്റെയും ഹരിതയുടെയും വിവാഹം നടന്നത്. സ്കൂൾ കാലംമുതൽ പ്രണയത്തിലായിരുന്ന ഇവരുടേത് രജിസ്റ്റർ വിവാഹമായിരുന്നു.
ഹരിതയുടെ വീട്ടുകാർക്ക് വിവാഹത്തിൽ എതിർപ്പുണ്ടായിരുന്നു. ജാതിവ്യത്യാസം ഉള്ളതിനാൽ മൂന്നുമാസത്തിൽ കൂടുതൽ ഒരുമിച്ചു കഴിയാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.
ബൈക്കിൽ വന്നാണ് കൊലപാതകം നടത്തിയതെന്ന് അനീഷിന്റെ സഹോദരൻ അരുണ്‍ പറഞ്ഞു. തേങ്കുറുശിയിൽ മാനാംകുളന്പ് സ്കൂളിനു സമീപം ഇന്നലെ വൈകീട്ടാണ് കൊലപാതകം നടന്നത്.
അനീഷും സഹോദരനുംകൂടി ബൈക്കിൽ പോകുന്പോഴാണ് സംഭവം. സമീപത്തെ കടയ്ക്കു മുന്നിൽ ബൈക്ക് നിർത്തിയപ്പോൾ പ്രഭുകുമാറും സുരേഷും ചേർന്ന് അനീഷിനെ ആക്രമിക്കുകയായിരുന്നു. ഇയാൾക്ക് കഴുത്തിലും കാലിനും വെട്ടേറ്റു.
പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
കൂടുതൽ അന്വേഷണം നടത്തിവരുന്നതായി പാലക്കാട് ഡിവൈഎസ്പി പി. ശശികുമാർ പറഞ്ഞു.