കൊച്ചി: മദ്യപിച്ച് ചീട്ടുകളിക്കുന്നതിനിടെയുണ്ടായ തർക്കത്തെതുടർന്ന് ഇറച്ചിക്കടയിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ പിടിയിലായ സഹപ്രവർത്തകരും സുഹൃത്തുക്കളുമായ രണ്ടുപേരിൽ ഒരാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
പശ്ചിമ ബംഗാൾ ജയ്പാൽഗുഡി സ്വദേശി ദീപ്കർ ബംജർ (30) കൊല്ലപ്പെട്ട സംഭവത്തിൽ ജയ്പാൽഗുഡി സ്വദേശികളായ നീരജ് എന്ന റോബിൻ, രാജു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇതിൽ കൊലപാതകം നടത്തിയ റോബിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. ഇയാളാണ് കൃത്യം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു.
ഒപ്പമുണ്ടായിരുന്ന രാജുവിന് കൊലപാതകത്തിൽ നേരിട്ട് ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും ഇയാളെ ഇന്ന് കൂടുതൽ ചോദ്യം ചെയ്തശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നും പോലീസ് പറഞ്ഞു. ഇയാൾ പോലീസിനു നൽകിയ മൊഴിയും ഇറച്ചിക്കട ഉടമ നൽകിയ മൊഴിയും അധികൃതർ പരിശോധിച്ചുവരികയാണ്.
ഇതിനുശേഷമാകും ഇയാളെ അറസ്റ്റ് ചെയ്യണമോയെന്ന് പോലീസ് തീരുമാനിക്കുക. ഇന്നലെ വൈകിട്ട് ആറിന് കലൂർ പൊറ്റക്കുഴി പള്ളിയ്ക്കു സമീപമുള്ള ഇറച്ചിക്കടയിലായിരുന്നു സംഭവം. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: ഇറച്ചിക്കടയിലെ ജീവനക്കാരാണ് മൂവരും.
രാവിലത്തെ കച്ചവടത്തിനുശേഷം ഇവർ കതൃക്കടവിലെ ബിവറേജസിൽനിന്നു മദ്യം വാങ്ങി തിരികെയെത്തി കടയ്ക്കു മുകളിലെ മുറിയിൽ ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചീട്ടുകളിയിൽ ഏർപ്പെടുകയുമായിരുന്നു. കളിയ്ക്കിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ദീപ്കറും റോബിനുമാണ് വാക്കുതർക്കത്തിൽ ഏർപ്പെട്ടതെന്നാണ് രാജുവിന്റെ മൊഴി.
ഇരുവരും രൂക്ഷമായ തർക്കത്തിൽ ഏർപ്പെട്ടതോടെ രാജു താഴത്തെ നിലയിലേക്ക് ഇറങ്ങിവന്ന് ഫോണിൽ ഗെയിം കളിയിൽ ഏർപ്പെട്ടു. ഇതിനിടെ റോബിൻ ദീപ്കറിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു.